മാധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങുവീഴരുത്


2 min read
Read later
Print
Share

മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും നിയന്ത്രിക്കാനും ഭയപ്പെടുത്താനും അവഹേളിക്കാനുമുള്ള ഏതുശ്രമവും ജനാധിപത്യത്തിന് ഏൽപ്പിക്കുന്ന പ്രഹരമാണ്

.

വിവരവിനിമയമാണ് മാധ്യമങ്ങളുടെ കർത്തവ്യം. അത് സ്വതന്ത്രമായും ഭയരഹിതമായും നിർവഹിക്കാൻ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും സാധിച്ചാൽമാത്രമേ സത്യസന്ധമായ വിവരങ്ങൾ പൗരർക്ക് ലഭിക്കുകയുള്ളൂ. സത്യസന്ധമായ വിവരങ്ങൾ ലഭിച്ചാലേ പൗരസമൂഹത്തിന് വസ്തുനിഷ്ഠമായ അഭിപ്രായരൂപവത്കരണം നടത്താനാവൂ. അത്തരത്തിലുള്ള അഭിപ്രായരൂപവത്കരണമാണ് പൗരരുടെ അവകാശസംരക്ഷണത്തിന് വഴിവിളക്കാകേണ്ടത്. ഈ അവകാശസംരക്ഷണമാണ് സാർഥകമായ ജനാധിപത്യത്തിന്റെ കാതൽ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, സ്വതന്ത്രമായ മാധ്യമപ്രവർത്തനം സാധ്യമാകുമ്പോൾമാത്രമേ ജനാധിപത്യത്തിന് അതിന്റെ പൂർണാർഥത്തിൽ പരിലസിക്കാനാവൂ. ഈ തിരിച്ചറിവിൽനിന്നാണ് ഐക്യരാഷ്ട്രസഭ 1993 മുതൽ എല്ലാവർഷവും ലോകമാധ്യമസ്വാതന്ത്ര്യദിനം ആചരിക്കുന്നത്. ഇന്നു വീണ്ടും ആ ദിനം കടന്നുവരുമ്പോൾ ലോകത്ത് മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യവും പൂർവാധികം അപകടാവസ്ഥയിലാണ്. എന്തായാലും, മാധ്യമസ്വാതന്ത്ര്യത്തിന് വിഘാതങ്ങളുണ്ടാകുന്നിടത്ത് ജനാധിപത്യം സാധ്യമാവില്ല എന്നൊരു ഓർമപ്പെടുത്തലിന് ഈ ദിനാചരണം പ്രേരകമാകും എന്നു പ്രത്യാശിക്കാം.

ലോകമെമ്പാടും മാധ്യമപ്രവർത്തകർ ശാരീരികാക്രമണങ്ങൾക്കും കോടതി-പോലീസ് നടപടികൾക്കും മറ്റുതരത്തിലുള്ള ഭരണകൂടവേട്ടകൾക്കുമൊക്കെ വിധേയരാകേണ്ടിവരുന്ന സാഹചര്യമാണുള്ളത്. സ്വാഭാവികമായും ഇത്തരം സാധ്യതകൾ മാധ്യമപ്രവർത്തകരെ സമ്മർദത്തിലാക്കും. ഓരോ രാജ്യത്തും മാധ്യമപ്രവർത്തകർക്ക് എത്രത്തോളം സ്വതന്ത്രമായും സമ്മർദങ്ങളില്ലാതെയും പ്രവർത്തിക്കാൻ സാധിക്കുന്നുവെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ആഗോളസൂചിക എല്ലാവർഷവും ‘റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്’ എന്ന അന്താരാഷ്ട്രസംഘടന പുറത്തിറക്കാറുണ്ട്. ലോക മാധ്യമസ്വാതന്ത്ര്യദിനമായ മേയ് മൂന്നിനാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക പതിവ്. കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ച റിപ്പോർട്ടുപ്രകാരം, 180 രാജ്യങ്ങളുടെ സൂചികയിൽ 150-ാം സ്ഥാനത്തായിരുന്നു നമ്മുടെ രാജ്യമായ ഇന്ത്യ. 2021-ലെ 142-ാം സ്ഥാനത്തുനിന്നാണ് തൊട്ടടുത്ത കൊല്ലം 150-ാം സ്ഥാനത്തേക്കു കൂപ്പുകുത്തിയത്. ലോകത്തെ ചില അവികസിത, സർവാധിപത്യ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയുടെ ഈ പിൻനിരസ്ഥാനം. മാധ്യമപ്രവർത്തകർക്കെതിരായ ശാരീരികാക്രമണങ്ങളും നിയമനടപടികളും അധികാരകേന്ദ്രങ്ങളോടുള്ള ചില മാധ്യമസ്ഥാപനങ്ങളുടെ വിധേയത്വവും തുടങ്ങിയവ അടക്കമുള്ള ഘടകങ്ങളാണ് ഇന്ത്യയെ പട്ടികയിൽ പിന്നോട്ടടിച്ചത്. കഴിഞ്ഞ ഒരു ദശകമായി, വർഷത്തിൽ ശരാശരി മൂന്നോ നാലോ മാധ്യമപ്രവർത്തകർ ഇന്ത്യയിൽ കർത്തവ്യനിർവഹണത്തിനിടെ കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. സൂചിക തയ്യാറാക്കുന്ന സമയത്ത് രാജ്യത്തെ 13 മാധ്യമപ്രവർത്തകർ ജയിലിലാണ്.

കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് ഡിജിറ്റൽ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വ്യാജമോ എന്നു നിർണയിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനുകീഴിലെത്തന്നെ സ്ഥാപനമായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ(പി.ഐ.ബി.)ക്കു നൽകാനുള്ള കരടുചട്ടം കഴിഞ്ഞ ജനുവരിയിൽ വിജ്ഞാപനംചെയ്തതും ഇവിടെ പറയേണ്ടതുണ്ട്.

ഭരണകൂടത്തിന്റെയോ മറ്റു തത്പരവിഭാഗങ്ങളുടെയോ അപ്രിയത്തിനു പാത്രമാകുന്ന മാധ്യമസ്ഥാപനങ്ങളെയും മാധ്യമപ്രവർത്തകരെയും സമ്മർദത്തിലാക്കാനുള്ള ശ്രമങ്ങൾ നമ്മുടെ കൊച്ചുകേരളത്തിലും അരങ്ങേറുന്നുണ്ട്. സമീപകാലത്ത് കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽനടന്ന അക്രമം അതിന്റെ ഉദാഹരണമാണ്. പരമ്പരാഗതമാധ്യമങ്ങളുടെ വിശ്വാസ്യതയും സത്‌പേരും തകർക്കാൻ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും ബോധപൂർവം നടക്കുന്ന സംഘടിതശ്രമവും ഈ അവസരത്തിൽ പ്രസ്താവ്യമാണ്. മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും നിയന്ത്രിക്കാനും ഭയപ്പെടുത്താനും അവഹേളിക്കാനുമുള്ള ഏതുശ്രമവും ജനാധിപത്യത്തിന് ഏൽപ്പിക്കുന്ന പ്രഹരമാണ്. ഇതിനെതിരേ ജാഗ്രത പുലർത്തുകയെന്നത് പൗരസ്വാതന്ത്ര്യത്തിലും മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്ന ഓരോരുത്തരുടെയും കടമയാണെന്ന് ഈ ലോക മാധ്യമസ്വാതന്ത്ര്യദിനത്തിൽ ഞങ്ങൾ ഓർമിപ്പിക്കട്ടെ.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..