.
വിളക്കിച്ചേർക്കാനാവാത്തവിധം മുറിഞ്ഞുപോയ ദാമ്പത്യബന്ധങ്ങളിൽ കുരുങ്ങിപ്പോയവർക്ക് ആശ്വാസമാവുന്ന വിധിയാണ് കഴിഞ്ഞദിവസം സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ 142-ാം വകുപ്പനുസരിച്ചുള്ള സവിശേഷാധികാരമുപയോഗിച്ച് സുപ്രീംകോടതിക്ക് വിവാഹമോചനത്തിന് ഉത്തരവിടാമോയെന്ന സംശയത്തിനാണ് ഭരണഘടനാബെഞ്ച് വ്യക്തത വരുത്തിയിരിക്കുന്നത്. ഉഭയസമ്മതത്തോടെയുള്ള വിവാഹമോചനങ്ങളിൽ ഹിന്ദു വിവാഹമോചന നിയമപ്രകാരമുള്ള ആറുമാസ കാത്തിരിപ്പുകാലാവധി ഒഴിവാക്കാനും സുപ്രീംകോടതിക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. സമ്പൂർണനീതി ഉറപ്പുവരുത്തുന്നതിനായുള്ള നടപടിയായാണ് സവിശേഷ അധികാരവിനിയോഗത്തെ ബെഞ്ച് വിലയിരുത്തിയിട്ടുള്ളത്. സുപ്രീംകോടതിയുടെ ഇടപെടൽ നീതിബോധത്തിലൂന്നിക്കൊണ്ടുള്ളതാണെന്നത് തർക്കമില്ലാത്ത കാര്യമാണ്.
അതേസമയം, ദുരിതപൂർണമായ ദാമ്പത്യത്തിൽപ്പെട്ടുപോയ സാധാരണക്കാരിൽ സാധാരണക്കാരായ എത്ര സ്ത്രീ, പുരുഷന്മാർക്ക് നീതിതേടി സുപ്രീംകോടതിവരെ പോകാൻകഴിയുമെന്ന യാഥാർഥ്യം ബാക്കിനിൽക്കുകയാണ്. സമൂഹത്തിൽ സാമൂഹികമായും സാമ്പത്തികമായും ഉന്നതശ്രേണിയിൽ നിൽക്കുന്നവർക്കുമാത്രം പ്രയോജനപ്പെടുന്ന വിധിമാത്രമായി ഇതു മാറാനാണ് സാധ്യതയേറെ. സാധാരണക്കാർ, വിശേഷിച്ച്, സ്ത്രീകളും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളും അന്നത്തിനു വരുമാനമില്ലാതെ നട്ടംതിരിയുന്നതിനിടെ സുപ്രീംകോടതിവരെയുള്ള നീണ്ടവഴി എങ്ങനെ താണ്ടുമെന്നതാണ് ചോദ്യം. വിവാഹമോചനക്കേസുകൾ അനിശ്ചിതമായി നീളുന്നതും കോടതിയുടെ ശ്രദ്ധപതിയേണ്ട വിഷയമാണ്. സംസ്ഥാനത്തെ കുടുംബകോടതികളിൽ നൂറുകണക്കിന് ഹർജികളാണ് കെട്ടിക്കിടക്കുന്നത്. ഇവയോരോന്നും നൂറായിരം ജീവിതങ്ങളാണെന്ന ബോധ്യത്തോടെയുള്ള ഇടപെടലുകൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടാവണം.
വിവാഹം കഴിഞ്ഞയുടനെയോ ഒരുവർഷത്തിനുള്ളിലോ വിവാഹമോചനക്കേസ് കൊടുക്കാനാവില്ലെന്ന നിയമവ്യവസ്ഥയ്ക്കെതിരേ ഈയിടെ കേരള ഹൈക്കോടതിതന്നെ രംഗത്തുവന്നിരുന്നു. വിവാഹമോചനത്തിനായി ഒരുവർഷം കാത്തിരിക്കേണ്ടിവരുന്നത് മൗലികാവകാശ ലംഘനമാണെന്നാണ് ഹൈക്കോടതി ഡിവിഷൻബെഞ്ച് നിരീക്ഷിച്ചത്. ദമ്പതിമാരിൽ ഒരാൾക്ക് യോജിപ്പില്ലെങ്കിലും നിശ്ചിതകാലപരിധിക്കുശേഷം വിവാഹമോചനമാവശ്യപ്പെട്ടയാൾക്ക് നീതി കിട്ടുന്നതരത്തിലുള്ള ഇടപെടൽ കോടതിയുടെ ഭാഗത്തുനിന്നുണ്ടാവണം. ഉഭയസമ്മതമില്ലാത്ത വിവാഹമോചന ഹർജികളിൽ കോടതികളിൽ നടക്കുന്ന വിചാരണ ആൾക്കൂട്ടവിചാരണയ്ക്കു സമാനമാകുന്ന സാഹചര്യം ഇന്നുണ്ട്. അഭിഭാഷകരും കോടതിജീവനക്കാരും മറ്റു കക്ഷികളുമെല്ലാമായി വലിയ ആൾക്കൂട്ടത്തിനു മുന്നിലാണ് പരസ്യവിചാരണ നടത്തപ്പെടുന്നത്. സ്വകാര്യത ഉറപ്പുവരുത്തുന്ന വിചാരണയ്ക്ക് നിയമപരമായിത്തന്നെ അവസരമുണ്ടെങ്കിലും അങ്ങനെയൊരു സാധ്യതയുണ്ടെന്നുപോലും കക്ഷികളോടാരും പറയുന്നില്ല.
വിവാഹമോചനനടപടികൾ ലളിതമാക്കണമെന്ന ആവശ്യമുയരുമ്പോൾത്തന്നെ കേരളത്തിൽ ബന്ധംവേർപിരിയുന്ന ദമ്പതിമാരുടെ എണ്ണം കൂടുകയാണ്. 2010 മുതൽ 2020 വരെ 4.89 ലക്ഷം വിവാഹമോചനമാണ് സംസ്ഥാനത്ത് നടന്നത്. വിവാഹമോചനമെന്നതൊരു പരാജയമായി സമൂഹം കണ്ടിരുന്ന പഴയകാലത്ത് എണ്ണത്തിൽ കുറവുണ്ടായി എന്നതാണ് ശരി. യോജിച്ചുപോവാൻ കഴിയുന്നില്ലെങ്കിൽ പിരിയാമെന്ന പുതിയ തലമുറയുടെ തീരുമാനത്തെ എടുത്തുചാട്ടമായും പക്വതയില്ലായ്മയായും മറ്റും വിലയിരുത്തുന്നവരുണ്ട്.
അതേസമയം, വിവാഹമോചനംതേടിയുള്ള ഹർജികളിൽ 70 ശതമാനത്തിലധികം സ്ത്രീകളാണെന്നതിൽനിന്നു മറ്റുചില നിരീക്ഷണങ്ങളിലേക്കുമെത്താവുന്നതാണ്. എല്ലാം സഹിച്ച് ജീവിച്ച അമ്മമാരെയും മുത്തശ്ശിമാരെയും പോലെയാവാൻ തങ്ങളില്ലെന്ന പെൺകുട്ടികളുടെ നിശ്ചയദാർഢ്യമുള്ള തീരുമാനം ഒരു കാരണമാണ്. മികച്ചവിദ്യാഭ്യാസയോഗ്യതയും സ്വന്തംനിലയിൽ വരുമാനമുള്ളതും ദുരിതജീവിതത്തിൽനിന്ന് ഇറങ്ങിപ്പോരാൻ അവർക്ക് ധൈര്യംപകരുന്നു. പെൺമക്കൾ ജീവിതം നരകിച്ചുതീർക്കേണ്ടതില്ലെന്ന തീരുമാനത്തോടെ അവരെ സ്വന്തംവീട്ടിലേക്കു തിരിച്ചുവിളിക്കുന്ന രക്ഷിതാക്കളും ഇന്ന് ഏറിവരുകയാണ്. ബന്ധം വേർപിരിയുന്നതിനുള്ള കാരണങ്ങൾ പലതും സമാനമാണെന്നിരിക്കേ സമൂഹത്തിന് എന്തെങ്കിലും ചികിത്സ ആവശ്യമുണ്ടോയെന്ന പഠനത്തിനും അന്വേഷണത്തിനും പ്രസക്തിയുണ്ട്.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..