.
അന്താരാഷ്ട്ര കായികവേദികളിൽ ദേശീയഗാനം മുഴങ്ങുമ്പോൾ അതിന് കാരണമായവരുടെ വീരകഥകൾ അതിർത്തികളില്ലാതെ രാജ്യം മൊത്തം പ്രചരിക്കാറുണ്ട്. അവരുടെ കഠിനാധ്വാനവും സഹനങ്ങളും പുതിയ തലമുറയ്ക്ക് പ്രചോദനമാകുംവിധം ഉദ്‌ഘോഷിക്കാറുമുണ്ട്. എന്നാൽ, കായികവേദികളിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച താരങ്ങൾ തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെടുമ്പോൾ അതിനുനേരെ ഉയരാൻ മടിക്കുന്ന ചൂണ്ടുവിരലുകളും മൗനത്തിലൊളിക്കുന്ന പ്രതികരണങ്ങളും ഉയർത്തുന്ന ആശങ്ക വളരെ വലുതാണ്. കഴിഞ്ഞ 12 ദിവസമായി ഡൽഹിയിലെ ജന്തർമന്തറിൽ ഒരുകൂട്ടം ഗുസ്തിതാരങ്ങൾ രാപകൽ സമരത്തിലാണ്.
ഉത്തർപ്രദേശിൽനിന്നുള്ള ബി.ജെ.പി. എം.പി.യും ഗുസ്തി ഫെഡറേഷനെ കഴിഞ്ഞ 12 വർഷമായി അടക്കിഭരിക്കുകയും ചെയ്യുന്ന ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരേ വനിതാ ഗുസ്തിതാരങ്ങൾ ഉയർത്തിയ ലൈംഗികാരോപണത്തിൽ നടപടിയില്ലാത്തതിനാൽ തെരുവിൽ സമരത്തിനിറങ്ങേണ്ടി വന്നവരാണവർ. ഒളിമ്പിക്സിൽ വെങ്കലമെഡൽ സമ്മാനിച്ച ബജ്‌രംഗ് പുണിയ, സാക്ഷി മാലിക്, ഏഷ്യൻ ഗെയിംസിലെ സ്വർണമെഡൽ ജേതാവ് വിനേഷ് െഫാഗട്ട് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. രാജ്യം പരമോന്നതകായിക പുരസ്കാരമായ ഖേൽരത്ന നൽകി ആദരിച്ച താരങ്ങളാണ് മൂവരും. അവർക്കുനേരെയാണ് കഴിഞ്ഞദിവസം രാത്രിയുടെ മറപറ്റി ഡൽഹി പോലീസ് അതിക്രമം നടത്തിയതും വനിതാ താരങ്ങളെ അധിക്ഷേപിക്കുകയും െെകയേറ്റത്തിന് മുതിരുകയും ചെയ്തത്. പരാതിക്കാരായ താരങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെയാണ് ഈ അതിക്രമം. ആരോപണവിധേയനായ ബ്രിജ് ഭൂഷണിന്റെ പേരിൽ പോക്സോ അടക്കം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ ചോദ്യം ചെയ്യാൻപോലും വിളിപ്പിക്കാൻ കഴിയാത്ത ഡൽഹി പോലീസിൽനിന്നാണ് പരാതിക്കാർക്ക് നേരെയുള്ള അതിക്രമമുണ്ടായത്.
ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചതടക്കമുള്ള ആരോപണങ്ങളാണ് ബ്രിജ് ഭൂഷണിനെതിരേ ഉയർന്നിട്ടുള്ളത്. നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരിയിൽ താരങ്ങൾ സമരവുമായി തെരുവിലിറങ്ങിയിരുന്നു. അന്ന് കായികമന്ത്രാലയം മേരികോം അധ്യക്ഷയായി സമിതിയെ നിയോഗിച്ച് സമരം ഒത്തുതീർപ്പാക്കി. എന്നാൽ, സമിതി റിപ്പോർട്ടിന്മേൽ നടപടിയില്ലാത്ത സാഹചര്യത്തിലാണ് താരങ്ങൾ വീണ്ടും പോരാട്ടത്തിനിറങ്ങിയത്.
വിരലിലെണ്ണാവുന്ന താരങ്ങളൊഴികെ ഈ വിഷയത്തിൽ പ്രതികരിക്കുകയോ, പിന്തുണ അറിയിക്കുകയോ ചെയ്തിട്ടില്ല. കായികമേഖല പുലർത്തുന്ന മൗനം പേടിപ്പെടുത്തുന്നതാണ്. നീതിയുടെ കണ്ണുകെട്ടുന്നതുകാണാതെ, അധികാരത്തിന്റെ സുഖശീതളിമയ്ക്കുവേണ്ടി സൗകര്യപൂർവമുള്ളതാണ് ഇക്കൂട്ടരുടെ മൗനം. സമരത്തെ പലവിധ അജൻഡകളുടെ പേരിലേക്ക് ചാർത്തി ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ് നടപടി സ്വീകരിക്കേണ്ട ഭരണാധിപന്മാർ. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഈ വിഷയത്തിൽ എടുത്ത നിലപാട് താരങ്ങളെ ഒറ്റുകൊടുക്കുന്നതിന് സമാനമായിരുന്നു. അസോസിയേഷൻ പ്രസിഡന്റും മുൻ കായികതാരവുമായ പി.ടി. ഉഷ സ്വീകരിച്ച നിലപാട് ഏറെ വിമർശനത്തിനിടയാക്കി. കഴിഞ്ഞദിവസം സമരമിരിക്കുന്ന താരങ്ങളുടെ അടുത്തെത്തി ഉഷ തന്റെ നിലപാട് തിരുത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തു. എന്നാൽ, സമരം അവസാനിപ്പിക്കാൻ സാധിക്കുന്നവർ പുലർത്തുന്ന നിസ്സംഗതയാണ് രാജ്യത്തിന്റെ കായികമേഖലയെ ലോകത്തിനുമുന്നിൽ നാണംകെടുത്തുന്നത്.
തീക്ഷ്‌ണമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഒളിമ്പിക് മെഡൽ അടക്കമുള്ളവ തിരിച്ചെടുക്കൂവെന്ന് ബജ്‌രംഗ് പുണിയ തെരുവിൽനിന്ന് സങ്കടത്തോടെ പറയുമ്പോൾ തലകുനിയുന്നത് ഓരോ കായികപ്രേമിയുടേതുമാണ്. അധികാരരാഷ്ട്രീയത്തിന്റെ ഗർവിൽ ഏതൊരാളുടെയും അഭിമാനത്തെ ഇടിച്ചുതാഴ്ത്താൻ ശ്രമിച്ചവർക്ക് കാലം മറുപടി നൽകിയത് ചരിത്രമായി മുന്നിലുണ്ട്. ബ്രിജ്ഭൂഷൺമാർ ഭരിക്കുന്ന കായികമേഖലയോ, കായികസംസ്കാരമോ അല്ല രാജ്യത്തിനാവശ്യം. ഓരോ കായികതാരവും രാജ്യത്തിനായി ഒഴുക്കുന്ന വിയർപ്പിൽനിന്നും അവരുണ്ടാക്കുന്ന നേട്ടങ്ങളിൽനിന്നുമാണ് കായികസംസ്കാരം ഉരുത്തിരിയേണ്ടത്. നേട്ടമുണ്ടാക്കിയ താരങ്ങൾ തെരുവിൽ വലിച്ചിഴയ്ക്കപ്പെടുന്ന ഒന്നും ജനാധിപത്യം പുലരുന്ന രാജ്യത്തിന് ഭൂഷണമല്ല. തെറ്റുകൾ തിരുത്താൻ ഇനിയും അവസരമുണ്ട്. അതിനുള്ള ആർജവം ഭരണാധികാരികൾ പുറത്തെടുക്കേണ്ട സമയമായിരിക്കുന്നു.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..