മണിപ്പുർ കലാപം സമവായം വേണം


2 min read
Read later
Print
Share

ഒരു വശത്തെമാത്രം പരിഗണിച്ചുകൊണ്ടുള്ള എന്തു നടപടിയും വലിയ സംഘർഷങ്ങളിലേക്കാകും വഴിതെളിക്കുക. സംഘർഷ സാഹചര്യം ലഘൂകരിക്കാൻ പ്രധാനമന്ത്രിയടക്കമുള്ള ഉന്നതവ്യക്തിത്വങ്ങളുടെ അടിയന്തര ഇടപെടൽ ഉണ്ടാവണം

.

ആഭ്യന്തരസംഘർഷങ്ങളുടെ ചൂടിലേക്ക് ഒരിക്കൽക്കൂടി എടുത്തെറിയപ്പെട്ടിരിക്കുകയാണ് രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖല. മണിപ്പുരാണ് ഇത്തവണ കലാപത്തിന്റെ കേന്ദ്രം. സംസ്ഥാനത്തെ പ്രാക്തന വിഭാഗമായ മെയ്ത്തിക്ക് പട്ടികവർഗ പദവി നൽകണമെന്ന ആവശ്യത്തിൽ സംസ്ഥാനസർക്കാർ നാലാഴ്ചയ്ക്കുള്ളിൽ കേന്ദ്രസർക്കാരിന് ശുപാർശ നൽകണമെന്ന ഹൈക്കോടതി നിർദേശമാണ് സംഘർഷഹേതു. കോടതിയുത്തരവിനെത്തുടർന്ന് സംസ്ഥാനത്തെ 36 പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളുടെ സംഘടനയായ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പുർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.
സംസ്ഥാനത്തെ പ്രബലവിഭാഗമായ മെയ്ത്തികൾ തിങ്ങിപ്പാർക്കുന്ന ഇംഫാൽ താഴ്‌വരയും കുകി, നാഗാ തുടങ്ങിയ പ്രമുഖ ഗോത്രങ്ങളടക്കം 36 ഗോത്രങ്ങൾ ജീവിക്കുന്ന മലനിരകളുമെന്ന നിലയിൽ വിഭജിക്കപ്പെട്ടു കിടക്കുകയാണ് കാലങ്ങളായി മണിപ്പുർ. ഗോത്രവിഭാഗങ്ങളുടെ പ്രത്യേകപരിരക്ഷ കണക്കിലെടുത്ത് ഭരണഘടനാപരമായി രൂപംനൽകിയ ഹിൽ ഏരിയാസ് കമ്മിറ്റിയാണ് ഗോത്രമേഖലകളുടെ ഭരണം നിർവഹിക്കുന്നത്. ഗോത്രവിഭാഗങ്ങൾക്കുള്ളതുപോലെ പ്രത്യേക പരിരക്ഷ വേണമെന്ന മെയ്ത്തികളുടെ ആവശ്യത്തിന് ഒരു ദശാബ്ദത്തോളം പഴക്കമുണ്ട്. ബംഗ്ലാദേശ്, മ്യാൻമാർ തുടങ്ങി അതിർത്തിരാജ്യങ്ങളിൽനിന്നുള്ള അനധികൃത കുടിയേറ്റം സമാധാനത്തെ ബാധിക്കുന്നുവെന്നും 1971 മുതൽ തങ്ങളുടെ ജനസംഖ്യ കുറയുന്നുവെന്നതുമാണ് മെയ്ത്തികളുടെ ഷെഡ്യൂൾഡ് ട്രൈബ് ഡിമാൻഡ് കമ്മിറ്റി കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണങ്ങൾ. 1949-ൽ മണിപ്പുർ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനുമുമ്പ് മെയ്ത്തികൾ പട്ടികവർഗത്തിലുൾപ്പെട്ടിരുന്നുവെന്ന് രേഖകളുണ്ടെന്നും അതിനുശേഷമാണ് പുറത്തായതെന്നും മെയ്ത്തികൾ പറയുന്നു.

സംസ്ഥാനത്തിന്റെ ആകെ ഭൂപ്രദേശത്തിന്റെ പത്തുശതമാനം മാത്രമുള്ള ഇംഫാൽ താഴ്‌വര മാത്രമാണ്‌ സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്ത്തികൾ കൈയാളുന്നത്‌. മറ്റ് ഗോത്രവിഭാഗങ്ങൾ 90 ശതമാനം ഭൂപ്രദേശം കൈയാളുന്നു. ഇത്‌ വലിയ വിവേചനമാണെന്നാണ് മെയ്ത്തികൾ പറയുന്നത്. ഭൂരിപക്ഷവും മെയ്ത്തികളാണെങ്കിലും മലനിരകളിൽനിന്നുള്ളവരും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കുടിയേറിപ്പാർത്തവരും താഴ്‌വരയിൽ തിങ്ങിപ്പാർക്കുന്നു. അതേസമയം, മലനിരകളിൽ ഗോത്രേതര വിഭാഗങ്ങൾ ഭൂമി വാങ്ങുന്നത് നിയമപരമായി വിലക്കപ്പെട്ടിട്ടുണ്ട്. പട്ടികവർഗപദവി ലഭിച്ചാൽ ഈ തടസ്സം ഒഴിവായി മലനിരകളിലേക്കുകൂടി പ്രവേശനം ലഭിക്കുമെന്നതും തൊഴിൽ, വിദ്യാഭ്യാസ മേഖലയിലടക്കം സംവരണം ലഭിക്കുമെന്നതും മെയ്ത്തികളുടെ ആവശ്യത്തിനു പിന്നിലുണ്ട്. എന്നാൽ നിലവിൽ പട്ടികജാതി, ഒ.ബി.സി. വിഭാഗത്തിൽപ്പെടുന്ന മെയ്ത്തികൾക്ക് വേണ്ടത്ര ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്നും സാമ്പത്തികമായും ഭരണപരമായും വിദ്യാഭ്യാസപരമായും മുന്നിൽനിൽക്കുന്ന മെയ്ത്തികളെ മറ്റ് ഗോത്രവിഭാഗക്കാർക്കൊപ്പം പരിഗണിക്കുന്നതെങ്ങനെയാണെന്നുമുള്ള ചോദ്യമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. സംസ്ഥാനത്തെ 60 നിയമസഭാ സീറ്റുകളിൽ നാൽപ്പതും പ്രതിനിധാനം ചെയ്യുന്നത് മെയ്ത്തികളാണ്. ഗോത്രമേഖലകളിലേക്ക് മെയ്ത്തികൾക്ക് പ്രവേശനം ലഭിച്ചാൽ മലനിരകളിൽനിന്ന് തങ്ങൾ പുറത്താക്കപ്പെടുമെന്ന ഗോത്രവർഗക്കാരുടെ ഭീതിയാണ് പ്രതിഷേധത്തിന്റെ പ്രധാനകാരണം.

രണ്ട് ജനവിഭാഗങ്ങളുടെ സ്വത്വം, സംസ്കാരം എന്നിവയിലൂന്നിയ വൈകാരിക പ്രശ്നമായതിനാൽ അതിശ്രദ്ധയോടെ കൈകാര്യംചെയ്യേണ്ട വിഷയമാണിത്. മെയ്ത്തികളുടെ ആവശ്യം ന്യായമാണോയെന്ന് പരിശോധിക്കാൻ സ്വതന്ത്ര അന്വേഷണ കമ്മിഷനെ നിയോഗിക്കുന്നത് കേന്ദ്രസർക്കാരും കോടതിയും പരിഗണിക്കണം. ഒരു വിഭാഗത്തിന് പുതുതായി പട്ടികവർഗ പദവി നൽകുന്നത് പൂർണമായും നരവംശവംശീയ രേഖകൾ പരിഗണിച്ചാണെന്നതിനാൽ ആഴത്തിലുള്ള പഠനംതന്നെ ഇക്കാര്യത്തിലുണ്ടാകണം. ഇരുഭാഗത്തെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചുകൊണ്ടായിരിക്കണം ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തേണ്ടത്. ഒരു വശത്തെമാത്രം പരിഗണിച്ചുകൊണ്ടുള്ള എന്തു നടപടിയും വലിയ സംഘർഷങ്ങളിലേക്കാകും വഴിതെളിക്കുക. നിലവിലെ സംഘർഷ സാഹചര്യം ലഘൂകരിക്കാൻ പ്രധാനമന്ത്രിയടക്കമുള്ള ഉന്നതവ്യക്തിത്വങ്ങളുടെ അടിയന്തര ഇടപെടലുമുണ്ടാകണം.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..