കശ്മീർ: ജാഗ്രത പുലർത്തണം


2 min read
Read later
Print
Share

കശ്മീർ താഴ്‌വരയിലേതുപോലെത്തന്നെ പൂഞ്ചിലും രജൗറിയിലും ഇനിയുമൊരു സൈനികനെപ്പോലും നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാൻ കേന്ദ്രസർക്കാരും സൈനികനേതൃത്വവും നടപടിയെടുക്കണം

.

ജമ്മുകശ്മീരിൽ ഏപ്രിൽ 20-ന് അഞ്ചു സൈനികർ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചതിന്റെ ഞെട്ടൽ മാറുംമുമ്പേയാണ് വെള്ളിയാഴ്ച ഭീകരർ നടത്തിയ മറ്റൊരു ആക്രമണത്തിൽ വീണ്ടും അഞ്ചു സൈനികരെക്കൂടി നഷ്ടമായെന്ന വാർത്ത കേൾക്കുന്നത്. കശ്മീരിലെ പൂഞ്ചിലായിരുന്നു ഏപ്രിൽ 20-ന് ആക്രമണമുണ്ടായത്. വെള്ളിയാഴ്ചത്തെ ആക്രമണം രജൗറി ജില്ലയിലും. ഷാങ്ഹായ് സഹകരണസംഘടനയുടെ സമ്മേളനത്തിനായി പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ ഇന്ത്യയിലെത്തിയ വേളയിലാണ് ഈ ആക്രമണങ്ങൾ.

കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനുശേഷം കശ്മീർ താഴ്‌വരയിൽ ഭീകരാക്രമണങ്ങളും വിധ്വംസക പ്രവർത്തനങ്ങളും ഗണ്യമായി കുറഞ്ഞെന്ന് രേഖകൾ പറയുമ്പോൾ ഭീകരർ താഴ്‌വരയിൽനിന്ന് പിർ പഞ്ചാൽ പർവതമേഖലയിലേക്ക് കളംമാറ്റിയതായി അടിക്കടിയുണ്ടാകുന്ന ഈ ആക്രമണങ്ങൾ തെളിയിക്കുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇരുപതിലേറെ സൈനികർക്കാണ് ഈ ഭാഗങ്ങളിൽനടന്ന ഭീകരരുടെ ആക്രമണങ്ങളിൽ ജീവൻ നഷ്ടമായത്. വെള്ളിയാഴ്ചത്തെ ആക്രമണത്തിനു പിന്നിലുള്ള പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനെക്കൂടാതെ ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഗസ്‌നവി ഫോഴ്‌സ് തുടങ്ങിയ ഭീകരസംഘടനകൾ ഈ മേഖലയിൽ തങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാക് സൈന്യത്തിന്റെ പിന്തുണയോടെ ഈ മേഖലയിലേക്കുള്ള നുഴഞ്ഞുകയറ്റവും ശക്തിപ്പെട്ടിട്ടുണ്ട്. പാക് സൈന്യം നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങളുടെ പകുതിയിലേറെയുമുണ്ടാകുന്നത് ഈ മേഖലയിൽനിന്നാണ്.

ഇന്ത്യയെ സംബന്ധിച്ച് തന്ത്രപരമായി അതിപ്രാധാന്യമുള്ളതാണ് പിർ പഞ്ചാൽ മലനിരകളുടെ തെക്കുള്ള പൂഞ്ച്, രജൗറി ജില്ലകൾ. ഭീകരർക്ക് നുഴഞ്ഞുകയറ്റം എളുപ്പമാക്കുന്ന തരത്തിൽ ഭൂപരമായ പ്രത്യേകതകളാണ് പിർ പഞ്ചാൽ മലനിരകൾക്കുള്ളത്. താരതമ്യേന ഉയരംകുറഞ്ഞ പർവതമേഖലയും ഇടതൂർന്ന വനവും ഗുഹകളും ഭീകരർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നുണ്ട്. ഹാജി പിർ, പിർ പഞ്ചാൽ, ബനിഹാൾ ചുരങ്ങളിലൂടെ വേനൽക്കാലത്ത് പാക് അധീന കശ്മീരിൽനിന്ന് എളുപ്പത്തിൽ പിർ പഞ്ചാലിലേക്ക് കടക്കാമെന്നതും ഭീകരർ ഈ മേഖലയിലേക്ക് ശ്രദ്ധതിരിക്കാനുള്ള പ്രധാന കാരണമാണ്. കശ്മീർ താഴ്‌വരയിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പൂഞ്ച്, രജൗറി മേഖലയിൽ സൈനികസാന്നിധ്യം കുറയുകയും ചെയ്യുന്നതും നുഴഞ്ഞുകയറ്റക്കാർക്ക് അനുഗ്രഹമാകുന്നുണ്ട്. കശ്മീർ താഴ്‌വരയിൽനിന്ന് വ്യത്യസ്തമായി രജൗറിയിലെയും പൂഞ്ചിലെയും ജനവിഭാഗങ്ങൾ പാക് അധീനകശ്മീരുമായി വംശീയമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കാഴ്ചയിലും സംസ്കാരത്തിലും സമാനത പുലർത്തുന്നത് ഭീകരരെ തിരിച്ചറിയുന്നതിൽ സൈന്യത്തിന് ചെറുതല്ലാത്ത വെല്ലുവിളിയാകുന്നുവെന്നത് വാസ്തവമാണ്.

എന്നാൽ, പാക് അധീനകശ്മീരുമായി 200 കിലോമീറ്ററിലേറെ നിയന്ത്രണരേഖ പങ്കുവെക്കുന്ന തന്ത്രപ്രധാന മേഖലയായ പിർ പഞ്ചാലിൽ അതിന്റെ പ്രാധാന്യത്തിന് ആനുപാതികമായി സൈനികസാന്നിധ്യമില്ലെന്ന ആരോപണം ഏറെനാളായി ഉയരുന്നുണ്ട്. അടിസ്ഥാനമുള്ളതാണ് ഈ ആരോപണമെങ്കിൽ തീർച്ചയായും അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കപ്പെടണം. ജമ്മുശ്രീനഗർ ദേശീയപാതയും ജമ്മുവിൽനിന്ന് പൂഞ്ചിലേക്കുള്ള പാതയും കടന്നുപോകുന്ന മേഖലകൂടിയാണിത്.

രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയായി പാക് ഭീകരരും സൈന്യവും ഒരുവശത്തും അതിർത്തി വ്യാപിപ്പിക്കൽ യജ്ഞവുമായി ചൈന മറുവശത്തുമുള്ളതിനാൽ ‘ദ്വിമുഖ തന്ത്ര’മാണ് കാലങ്ങളായി നാം അതിർത്തിയിൽ പിന്തുടരുന്നത്. ഈ ഭീഷണികളെയെല്ലാം മറികടന്ന് അതിർത്തി കാക്കാൻ സുസജ്ജരാണ് നമ്മുടെ സൈനികരെങ്കിലും ആസൂത്രണത്തിൽ ചെറിയപിഴവുണ്ടായാൽ അതിനു നാം വലിയ വില നൽകേണ്ടിവരും. കശ്മീർ താഴ്‌വരയിലേതുപോലെത്തന്നെ പൂഞ്ചിലും രജൗറിയിലും ഇനിയുമൊരു സൈനികനെപ്പോലും നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാൻ കേന്ദ്രസർക്കാരും സൈനികനേതൃത്വവും നടപടിയെടുക്കണം. ഇന്ത്യയോടു വലിയകൂറുപുലർത്തുന്ന പൂഞ്ചിലെയും രജൗറിയിലെയും ജനങ്ങളെ ഭീകരരുടെ കൈയിലെറിയാതിരിക്കാനുള്ള ജാഗ്രതയും അതിനൊപ്പമുണ്ടാകണം.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..