മലയാളികളെ  തിരികെയെത്തിക്കണം


2 min read
Read later
Print
Share

കശ്മീർ താഴ്‌വരയിലേതുപോലെത്തന്നെ പൂഞ്ചിലും രജൗറിയിലും ഇനിയുമൊരു സൈനികനെപ്പോലും നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാൻ കേന്ദ്രസർക്കാരും സൈനികനേതൃത്വവും നടപടിയെടുക്കണം

.

സൈന്യത്തെ രംഗത്തിറക്കിയിട്ടും മണിപ്പുരിൽ സംഘർഷത്തിന്‌ അയവില്ല. ഗോത്രേതര വിഭാഗമായ മെയ്ത്തിക്ക് പട്ടികവർഗപദവി നൽകുന്നതുമായി ബന്ധപ്പെട്ട് കുകി, നാഗാ തുടങ്ങിയ മുപ്പതിലേറെ ഗോത്രവിഭാഗങ്ങളും മെയ്ത്തികളും ചേരിതിരിഞ്ഞ് തുടങ്ങിയ സംഘർഷത്തിൽ 54 പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക വിവരം. യഥാർഥ മരണസംഖ്യ ഇതിലുമെത്രയോ ഏറെയായിരിക്കുമെന്ന് ഒരു സ്ഥിരീകരണത്തിന്റെയും പിൻബലമില്ലെങ്കിൽക്കൂടി ഊഹിക്കാവുന്നതേയുള്ളൂ. കലാപത്തിൽ പരിക്കേറ്റവരും വീടും സ്ഥാപനങ്ങളുമടക്കം ഇതുവരെയുണ്ടാക്കിയ സർവസ്വവും നഷ്ടപ്പെട്ടവരും വിലപിക്കാൻ പോലുമാകാത്തവിധം സ്തബ്ധരായി നിൽക്കുന്ന കാഴ്ചകളാണ് പുറത്തുവരുന്നത്. കലാപകാരികൾ ഒളിയിടം അറിയാതിരിക്കാൻ പലരും കുഞ്ഞുങ്ങളെ ഉറക്കുമരുന്ന് നൽകി മയക്കിക്കിടത്തുകയാണെന്ന് അവിടെനിന്നുള്ള മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

ജീവൻ െെകയിലെടുത്ത് സുരക്ഷിതയിടം കാത്തിരിക്കുന്നതിൽ മലയാളികളുമുണ്ട്. സംഘർഷത്തിൽപ്പെട്ടുപോയ മണിപ്പുർ സർവകലാശാലയിലെ ഒമ്പത് മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സത്വര നടപടിയെടുത്ത സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ശ്ലാഘനീയം തന്നെ. കൊൽക്കത്തയിൽനിന്ന് ബെംഗളൂരുവിലെത്തുന്ന ഇവർ ചൊവ്വാഴ്ചയോടെ കേരളത്തിലെത്തുമെന്നാണ് കരുതുന്നത്. എന്നാൽ, ഇവരെക്കൂടാതെ ജോലിക്കും മറ്റുമായി മണിപ്പുരിലെത്തിയവരും കുടുംബമായി അവിടെ കഴിയുന്നവരും കലാപനാട്ടിൽനിന്ന് രക്ഷപ്പെട്ട് നാടണയാൻ കാത്തിരിക്കുന്നുണ്ട്. അവരെക്കൂടി സുരക്ഷിതരായി തിരികെയെത്തിക്കേണ്ട ബാധ്യത സർക്കാരിന്റേതാണ്. ഇന്റർനെറ്റും തീവണ്ടിയടക്കമുള്ള പൊതുഗതാഗതവും നിലച്ച നാട്ടിൽ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ നോർക്കയുടെ സഹായത്തോടെ അടിയന്തര നടപടിയെടുക്കണം.

മണിപ്പുരിൽ സംഘർഷമൊഴിവാക്കുന്നതിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്ന് കോൺഗ്രസടക്കം ഇതിനകം ആരോപിച്ചിട്ടുണ്ട്. പുതിയൊരു വിഭാഗത്തിന്, അതും സാമൂഹികമായി പ്രബലസ്ഥാനത്തെന്ന് ഗോത്രവർഗക്കാർ കരുതുന്ന മെയ്ത്തികൾക്ക് പട്ടികവർഗ പദവി നൽകാൻ പോകുന്നുവെന്ന അതിവൈകാരികമായ വിഷയത്തെച്ചൊല്ലി നടന്ന റാലി അക്രമാസക്തമാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങളൊന്നും സംസ്ഥാനം സ്വീകരിച്ചിരുന്നില്ലെന്നത് വാസ്തവമാണ്. കലാപങ്ങളുടെ നീണ്ട ചരിത്രം തന്നെയുള്ള മണിപ്പുരിന്റെ മണ്ണിൽ ചെറു തീപ്പൊരിപോലും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നിരിക്കേ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച ചർച്ച ചെയ്യപ്പെടേണ്ടതാണ്. കലാപങ്ങളുടെ പേരിൽ പതിറ്റാണ്ടുകളോളം അഫ്‌സ്പ നിയമത്തിന്റെ ഇരുമ്പുവേലിക്കുള്ളിൽ കഴിഞ്ഞിരുന്ന മണിപ്പുരിന് അടുത്തകാലത്തായാണ് ഭാഗികമായെങ്കിലും പരിധിയില്ലാത്ത സ്വാതന്ത്ര്യമറിയാനായത്. മണിപ്പുരടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടാകുന്ന ഓരോ ചലനങ്ങളും അത്രയേറെ ഇഴകീറി പരിശോധിക്കപ്പെടുന്നുണ്ടെന്നതിനാൽ ഈ കലാപങ്ങൾക്കെല്ലാം വിലയായി നൽകേണ്ടിവരുക ജനങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് ആയുധമെടുക്കുന്നവർ മറന്നുപോകുന്നത് സങ്കടകരമാണ്. തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടിമാത്രം വടക്കുകിഴക്കൻ മേഖലയിലേക്കിറങ്ങുകയും ശേഷം അവരെ സംഘർഷഭൂമിയിലേക്ക് വലിച്ചെറിഞ്ഞുപോകുകയും ചെയ്യുന്ന രാഷ്ട്രീയപ്പാർട്ടികളും മാറിച്ചിന്തിക്കേണ്ട സമയമായിരിക്കുന്നു. സമാധാനവും സ്വാതന്ത്ര്യവുമർഹിക്കുന്നവരാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരെന്ന് തിരിച്ചറിഞ്ഞ് ശാശ്വതസമാധാനം സ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയാണ് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ചെയ്യേണ്ടത്. അർഹതയുടെയും നീതിയുടെയും അടിസ്ഥാനത്തിൽ മാത്രമാണ് സംവരണമടക്കമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതെന്ന് സർക്കാരുകൾ ഉറപ്പുവരുത്തണം. വോട്ടുബാങ്കാകരുത് മാനദണ്ഡം. പല വർണ, ജാതി, വംശത്തിലുള്ളവർ ഐക്യത്തോടെ വാഴുന്നിടമാണ് ഇന്ത്യയെന്ന ബോധ്യത്തിന്റെ നിറംകെടുത്തുന്നതാണ് ഓരോ ആഭ്യന്തര സംഘർഷങ്ങളുമെന്നതിനാൽ അതൊഴിവാക്കാനുള്ള മുന്നൊരുക്കങ്ങളും നടപടികളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമയാസമയം ഉറപ്പുവരുത്തേണ്ടതുണ്ട്. മണിപ്പുർ സർക്കാരിന് അതിനായില്ലെന്നതാണ് ഈ രക്തച്ചൊരിച്ചിൽ നൽകുന്ന പാഠം.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..