.
മലയാളനാടിന്റെ ചരിത്രത്തിലെ അറിയപ്പെടുന്ന ആദ്യത്തെ ജുഡീഷ്യൽ അന്വേഷണക്കമ്മിഷൻ നിയോഗിക്കപ്പെട്ടത് 1924 ജനുവരി 31-നാണ്. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമയാണ് കമ്മിഷനെ നിയമിച്ചത്. ആ മാസം പല്ലനയാറ്റിൽ, മഹാകവി കുമാരനാശാനടക്കം 24 പേർ മരിക്കാനിടയായ ബോട്ടപകടത്തെപ്പറ്റി അന്വേഷിക്കാനായിരുന്നു ഇത്. തിരുവിതാംകൂർ ഹൈക്കോടതിയിലെ റിട്ട. ജഡ്ജി പി. ചെറിയാനായിരുന്നു കമ്മിഷന്റെ തലവൻ. അനുവദനീയമായതിലുമധികം ആളുകളെ കയറ്റിയതാണ് ബോട്ട് അപകടത്തിൽപ്പെടാൻ കാരണമെന്നായിരുന്നു കണ്ടെത്തൽ. ഞായറാഴ്ച വൈകീട്ട് മലപ്പുറം താനൂർ തൂവൽതീരത്തിനടുത്തുണ്ടായ വിനോദസഞ്ചാരബോട്ടപകടത്തിന്റെയും പ്രധാനകാരണം അതുതന്നെ. 21 പേർക്കു യാത്രചെയ്യാവുന്ന ബോട്ടിൽ 39 പേരാണുണ്ടായിരുന്നത്. 2009 സെപ്‌റ്റംബർ 30-നു തേക്കടിയിലും 2007 ഫെബ്രുവരി 20-നു തട്ടേക്കാട്ടുമടക്കം കേരളത്തിലുണ്ടായ മിക്ക ജലദുരന്തങ്ങളുടെയും പ്രധാനകാരണം യാനത്തിന്റെ ശേഷിക്കുമപ്പുറം സഞ്ചാരികളെ കുത്തിനിറച്ചതുതന്നെയാണ്.
അപകടത്തിലേക്കു നയിക്കുന്ന ഗുരുതരമായ സുരക്ഷാവീഴ്ചകൾ വേറെയുമുണ്ട്. താനൂരിൽ ദുരന്തത്തിലകപ്പെട്ട ബോട്ടിലെ മിക്ക യാത്രക്കാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. 45 പേർ മരിച്ച തേക്കടി ദുരന്തത്തിൽ, ബോട്ടിലുണ്ടായിരുന്ന ഒരാളും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല! വിനോദയാത്രയ്ക്കെത്തിയ 15 സ്കൂൾക്കുട്ടികളും മൂന്ന് അധ്യാപകരും മരിക്കാനിടയായ തട്ടേക്കാട് ദുരന്തത്തിലും അങ്ങനെത്തന്നെ. താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന് ലൈസൻസോ മതിയായ സുരക്ഷാരേഖകളോ ഉണ്ടായിരുന്നില്ല. മത്സ്യബന്ധനബോട്ട് രൂപമാറ്റംവരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നെന്നും റിപ്പോർട്ടുണ്ട്. തേക്കടിയിൽ ദുരന്തത്തിലകപ്പെട്ട ബോട്ടും സുരക്ഷാപരിശോധനകൾക്കു വിധേയമാക്കിയിരുന്നില്ലെന്നു പിൽക്കാലത്തു വെളിപ്പെട്ടു. തട്ടേക്കാട്ട് അപകടത്തിൽപ്പെട്ട ബോട്ടും പഴകിയതായിരുന്നു.
അനുഭവങ്ങളിൽനിന്നു നാം പാഠങ്ങളൊന്നും ഉൾക്കൊള്ളുന്നില്ല എന്നതാണു താനൂർ ബോട്ടുദുരന്തം അടിവരയിടുന്നത്. അധികൃതരുടെ, എന്നുവെച്ചാൽ ഭരണകൂടത്തിന്റെ, അനാസ്ഥയും കൃത്യവിലോപവുംതന്നെയാണ് ഇത്തരം ദുരന്തങ്ങൾക്കു ഹേതുവാകുന്നത്. നിയമങ്ങളും ചട്ടങ്ങളും ഇല്ലാത്തതല്ല, അവ വേണ്ടവിധം നടപ്പാക്കാത്തതാണു മിക്കപ്പോഴും ഇത്തരം സംഭവങ്ങൾക്കു വഴിയൊരുക്കുന്നത്.
സാമ്പത്തിക ഉദാരീകരണത്തിന്റെഫലമായി, കാർഷിക-വ്യാവസായിക മേഖലകൾക്കുമേൽ സേവനമേഖലയ്ക്കു പ്രാമാണ്യം കൈവന്നപ്പോൾ കുതിച്ചുകയറ്റമുണ്ടാക്കിയതാണു രാജ്യത്തെ വിനോദസഞ്ചാരവ്യവസായം. ഇതിന്റെ ഉപോത്പന്നമാണ് കേരളത്തിലെ ഉല്ലാസയാനവ്യവസായം. സംസ്ഥാനത്ത് ഹൗസ് ബോട്ടുകളും മറ്റു ഉല്ലാസയാനങ്ങളും വേണ്ടത്ര സുരക്ഷാജാഗ്രതയില്ലാതെയാണു പ്രവർത്തിക്കുന്നതെന്നും ഇതു വലിയ ദുരന്തങ്ങൾക്കു കാരണമായേക്കുമെന്നും ആഗോള ദുരന്തനിവാരണരംഗത്തു പ്രവർത്തിക്കുന്ന മലയാളി മുരളി തുമ്മാരുകുടി മുന്നറിയിപ്പുനൽകിയത് അടുത്തിടെയാണ്. വിനോദസഞ്ചാരവികസനത്തിന്റെപേരിൽ ഉല്ലാസയാനവ്യവസായം നിയന്ത്രണങ്ങളില്ലാതെ തഴച്ചുവളരുകയും അത് ഇമ്മാതിരി ദുരന്തങ്ങളിൽ കലാശിക്കുകയുംചെയ്താൽ വിപരീതഫലമാവുമുണ്ടാകുക. ലാഭക്കണ്ണുമൂലം സുരക്ഷാചട്ടങ്ങൾ കാറ്റിൽപ്പറത്തുന്ന സംരംഭകരെ നിലയ്ക്കുനിർത്താൻ സർക്കാരിനു സാധിക്കണം. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വത്തിൽ മായംചേർക്കുന്ന ഉദ്യോഗസ്ഥർക്കു മൂക്കുകയറിടണം. വിനോദസഞ്ചാരബോട്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള കുറ്റമറ്റ ഒരു സംവിധാനം രൂപപ്പെടുത്താനുള്ള സമയം അതിക്രമിച്ചു. താനൂരിലേതുപോലുള്ള സംഭവങ്ങൾ ആവർത്തിച്ചാൽ ഇന്ത്യക്കകത്തും പുറത്തുംനിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള കേരളത്തിന്റെ നിരന്തരശ്രമങ്ങൾ ജലരേഖയാകും. ‘ദൈവത്തിന്റെ സ്വന്തം നാടി’ന് താങ്ങാനാവാത്ത സാമ്പത്തിക ആഘാതമാകുമത്. സർവോപരി, മനുഷ്യജീവൻകൊണ്ടു പന്താടാൻ ആരെയും അനുവദിക്കരുത്. കാരണം, അത് അത്രയ്ക്ക് അമൂല്യമാണ്.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..