വേണം, മികച്ച സുരക്ഷാസംസ്‌കാരം


2 min read
Read later
Print
Share

നിയമങ്ങൾ പാലിക്കുന്നത് അഭിമാനമായി കാണുന്ന സുരക്ഷാസംസ്കാരത്തിലേക്ക് ഓരോരുത്തരും വളരുകയെന്നതാണ് ദുരന്തങ്ങൾ കുറച്ചുകൊണ്ടുവരാനുള്ള ശരിയായ വഴി

.

ഓരോ ദുരന്തമുണ്ടാവുമ്പോഴും തലയിൽകൈവെച്ച് അലമുറയിടുകയും തൊട്ടടുത്തദിവസം അതേ തെറ്റ് ആവർത്തിക്കുകയും ചെയ്യുന്ന സുരക്ഷാ സംസ്കാരമാണ് മലയാളിക്കെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. ദുരന്തങ്ങൾക്കുപിന്നാലെ പ്രഖ്യാപിക്കപ്പെടുന്ന അന്വേഷണക്കമ്മിഷൻ റിപ്പോർട്ടുകളെ അധികാരികളോ ജനങ്ങളോ കാര്യമായി പരിഗണിക്കാറില്ല. ഒന്നോ രണ്ടോ ദിവസംതുടരുന്ന സുരക്ഷാ പരിശോധനയും പിന്നെ നടക്കാറില്ല. ലൈസൻസും അനുമതിയും റദ്ദാക്കപ്പെട്ടിട്ടുണ്ടെങ്കിൽ നാളുകൾക്കകം പലവഴിയിൽ അത് പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും.

ആവർത്തിക്കുന്ന ദുരന്തങ്ങൾ മലയാളിക്ക് ഒരു പാഠവുമാവുന്നില്ല. തുടർച്ചയായി രണ്ടുവലിയ പ്രളയത്തിനു നാം സാക്ഷിയായെങ്കിലും ഭാവിയിൽ അത്തരം ദുരന്തങ്ങളെ പ്രതിരോധിക്കാനും ദുരന്തത്തിന്റെ ആക്കം കുറയ്ക്കാനും നാമെന്തു ചെയ്തുവെന്ന ചോദ്യത്തിന് ഉത്തരമില്ല. ഈവർഷം പ്രളയമുണ്ടായാൽ മുൻകാലങ്ങളിൽ കണ്ടതൊക്കെയും ആവർത്തിക്കുമെന്നു സാരം. ദുരന്തനിവാരണ നയവും മതിയായ നിയമങ്ങളുമുണ്ടായിട്ടും അധികൃതരും ജനങ്ങളും ഒരുപോലെ അവയൊക്കെയും അവഗണിക്കുമ്പോൾ അത്യാഹിതങ്ങളും ആവർത്തിക്കുന്നു. സംസ്ഥാനംകണ്ട വലിയ ജലദുരന്തങ്ങളൊക്കെയും നിയമപരമായ വ്യവസ്ഥകളും മുന്നറിയിപ്പുകളും പാലിക്കാത്തതുകൊണ്ട് സംഭവിച്ചതാണ്. 2002-ലെ കുമരകം ബോട്ടപകടവും 2007-ലെ തട്ടേക്കാട് അപകടവും 2009-ലെ തേക്കടി ബോട്ടുദുരന്തവും അനാസ്ഥകൊണ്ട് സംഭവിച്ചവയാണ്. എന്നാൽ, ഈ മൂന്നു സംഭവങ്ങൾക്കുപിന്നാലെയും പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മിഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകളൊക്കെയും പാഴ്‌ക്കടലാസുകൾ മാത്രമായി. കമ്മിഷന്റെ പല ഗൗരവ നിർദേശങ്ങളും നടപ്പാക്കാൻ ഭരണസംവിധാനം ജാഗ്രതകാണിച്ചില്ല. നടപ്പാക്കിയവ ജനം പാലിക്കുന്നെന്നുറപ്പുവരുത്താൻ ഉദ്യോഗസ്ഥരും ശ്രമിക്കുന്നില്ല. വിട്ടുവീഴ്ചയും കണ്ണടയ്ക്കലും തുടരുമ്പോൾ ഇല്ലാതായിപ്പോകുന്നത് ജീവനുകളാണ്. പിഴ പേടിച്ചുമാത്രം നിയമം അനുസരിക്കുന്ന ജനങ്ങളാവട്ടെ, ജീവന് സുരക്ഷയൊരുക്കാനുള്ള സ്വന്തം ഉത്തരവാദിത്വം മറക്കുകയും ചെയ്യുന്നു. വർഷത്തിൽ നാലായിരത്തോളം പേർ റോഡപകടത്തിൽ കൊല്ലപ്പെടുന്ന സംസ്ഥാനമാണ് കേരളം. നിയമം അനുശാസിക്കുന്ന രീതിയിൽ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിച്ചിരുന്നെങ്കിൽ, വേഗനിയന്ത്രണം പാലിച്ചിരുന്നെങ്കിൽ ജീവഹാനി ഒഴിവാക്കാനാവുമായിരുന്ന അപകടങ്ങളായിരുന്നു ഇവയിൽ കൂടുതലും. മോട്ടോർവാഹന നിയമങ്ങൾ കർശനമാക്കുമ്പോൾ ആദ്യം റോഡു നന്നാക്കട്ടെ എന്ന തൊടുന്യായം പറയുന്ന മലയാളികളുള്ളിടത്തോളംകാലം അപകടങ്ങൾ കൂടിക്കൊണ്ടിരിക്കും.

കേരളത്തിന്റെ പുതിയ വ്യവസായ സാധ്യതയായി വിനോദസഞ്ചാരമേഖലയെ ഉയർത്തിക്കാട്ടുമ്പോഴും ആഭ്യന്തര വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ മതിയായ സുരക്ഷാ മുൻകരുതലുകളേർപ്പെടുത്താൻ അധികൃതർ തയ്യാറാവുന്നില്ല. ഉൾനാടൻ ജലഗതാഗതത്തിന് 3213 യാനങ്ങൾ ഉപയോഗിക്കുന്ന സംസ്ഥാനത്ത് ഇവയുടെ ക്ഷമത പരിശോധിക്കാനുള്ളത് രണ്ടേരണ്ട് ഉദ്യോഗസ്ഥർ എന്നതിൽനിന്ന്‌ ജനങ്ങളുടെ ജീവന് അധികൃതർ നൽകുന്ന വില ബോധ്യപ്പെടും. ജീവനെടുക്കുന്ന ചുഴികളും അപകടമേറിയ പാതകളും അവഗണിച്ചുകൊണ്ട് ജനങ്ങളും ഇത്തരം കേന്ദ്രങ്ങളിലേക്കൊഴുകുകയാണ്. ആയിരത്തോളം പേരാണ് വർഷം സംസ്ഥാനത്ത് മുങ്ങിമരിക്കുന്നത്. ഇതിലേറെയും കുട്ടികളാണെന്നതാണ് വേദനാജനകം. അപകട സാധ്യതകളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും പ്രതിരോധമാർഗങ്ങൾ പഠിപ്പിക്കേണ്ടതുമുണ്ട്. ലൈഫ് ജാക്കറ്റ് ഇല്ലെങ്കിൽ സർവീസ് നടത്തേണ്ട എന്നു സഞ്ചാരികൾ പറയുന്നിടത്താണ് യഥാർഥ സുരക്ഷാ സംസ്കാരമുള്ളത്. അധികൃതർക്കൊപ്പം ജനങ്ങളും സുരക്ഷയൊരുക്കാനുള്ള സംവിധാനങ്ങൾക്കായി നിർബന്ധം പിടിക്കണം. വിനോദസഞ്ചാരത്തിന്റെപേരിൽ തങ്ങളുടെ പ്രദേശത്തുനടക്കുന്ന നിയമലംഘനങ്ങളെ ഏറ്റവും നന്നായി പ്രതിരോധിക്കാനാവുക പ്രാദേശിക സർക്കാരുകൾക്കാണ്. ആ ഉത്തരവാദിത്വം വെള്ളംചേർക്കാതെ നിർവഹിച്ചാൽത്തന്നെ ഒരുപരിധിവരെ ദുരന്തങ്ങൾ തടയാനാവും. ലാഭമുണ്ടാക്കാനുള്ള എളുപ്പവഴിയായി പലരും വിനോദസഞ്ചാരമേഖലയെ കാണുന്ന പശ്ചാത്തലത്തിൽ നിയമം കർക്കശമാക്കിയില്ലെങ്കിൽ താനൂരിലെപ്പോലെ അണമുറിയാത്ത വിലാപങ്ങൾക്ക് ഇനിയും നാം സാക്ഷിയാകേണ്ടിവരും. ഭക്ഷ്യവിഷബാധയുണ്ടാകുമ്പോൾ മാത്രം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചോർക്കുന്ന രീതിയാണ് തിരുത്തപ്പെടേണ്ടത്. നിയമങ്ങൾ പാലിക്കുന്നത് അഭിമാനമായി കാണുന്ന സുരക്ഷാസംസ്കാരത്തിലേക്ക് ഓരോരുത്തരും വളരുകയെന്നതാണ് ദുരന്തങ്ങൾ കുറച്ചുകൊണ്ടുവരാനുള്ള ശരിയായ വഴി.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..