.
ഭീതിയോടെയാണ് കേരളത്തിലെ ഡോക്ടർമാരിന്ന് ജോലിചെയ്യുന്നത്. ഏതു നിമിഷവും അതിക്രമത്തിനിരയാവാമെന്ന അങ്ങേയറ്റം അരക്ഷിത സാഹചര്യം. ഓരോ ജീവനും വിലപ്പെട്ടതാണെന്ന ഉത്തമബോധ്യത്തോടെ മുന്നിലുള്ള രോഗിയെ പരിചരിക്കുന്നതിനിടയിലും സ്വന്തം ജീവനുമെടുത്തോടേണ്ട നിവൃത്തികേടിലാണവർ. അഞ്ചുദിവസംകൂടുമ്പോൾ ഒരു ഡോക്ടർ സംസ്ഥാനത്ത് അതിക്രമങ്ങൾക്കിരയാവുകയാണ്. കഴിഞ്ഞവർഷം സംസ്ഥാനത്താകെ 137 കേസ് രജിസ്റ്റർചെയ്തതായാണ് സർക്കാർ ഇതുസംബന്ധിച്ച് ഹർജി പരിഗണിക്കവേ ഹൈക്കോടതിയെ അറിയിച്ചത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 200-ഓളം ഡോക്ടർമാർ അതിക്രമത്തിനിരയായി. വനിതാഡോക്ടർമാർക്കെതിരേ ലൈംഗികച്ചുവയുള്ള അതിക്രമങ്ങൾവരെയുണ്ടായിട്ടുണ്ടെന്നാണ് സർക്കാർതന്നെ കോടതിയിൽ റിപ്പോർട്ടുചെയ്തത്. കോഴിക്കോട്ടെ ഒരു സ്വകാര്യആശുപത്രിയിലെ ഡോക്ടർക്കുനേരെ ഈയിടെയുണ്ടായ കൊലപാതകശ്രമം ഞെട്ടിക്കുന്നതായിരുന്നു. പോലീസ് ഇടപെട്ടതുകൊണ്ടുമാത്രമാണ് ഡോക്ടറുടെ ജീവൻ രക്ഷപ്പെട്ടത്. എന്നാൽ, പോലീസിന്റെ കൺമുന്നിൽനടന്ന അക്രമമായിട്ടും ഒരാഴ്ചകഴിഞ്ഞും പ്രതികൾ അറസ്റ്റിലായില്ല. ഒടുവിൽ, നീതിതേടി ജോലിയിൽനിന്ന് വിട്ടുനിന്ന് ഡോക്ടർമാർക്ക് തെരുവിലിറങ്ങേണ്ടിവന്നു. നിർഭയം ആത്മവിശ്വാസത്തോടെ ജോലിചെയ്യാനുള്ള അന്തരീക്ഷമൊരുക്കി നൽകണമെന്നുമാത്രമാണ് ഡോക്ടർമാരുടെ അഭ്യർഥന.
ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്ന സൂചന ഡോക്ടർസമൂഹം പലതവണ അധികൃതർക്കു നൽകിയതാണ്. അതിപ്പോൾ സംഭവിച്ചിരിക്കുന്നു. ഓരോ സംഭവത്തിനുപിന്നാലെയും ‘നടപടിയുണ്ടാവു’മെന്ന ആരോഗ്യമന്ത്രിയടക്കമുള്ളവരുടെ ഉറപ്പിൽ വിശ്വാസം നഷ്ടമായിരിക്കുന്നു. വനിതാഡോക്ടർമാർക്ക് സ്വയംപ്രതിരോധ പരിശീലനമുൾപ്പെടെ സംഘടിപ്പിക്കാൻ ഡോക്ടർമാരുടെ കൂട്ടായ്മ നിർബന്ധിക്കപ്പെടുന്ന സാഹചര്യം സാംസ്കാരികകേരളം തലതാഴ്‌ത്തേണ്ട കാര്യമാണ്. ആശുപത്രിസംരക്ഷണ നിയമം പരിഷ്കരിക്കാനുള്ള ഡോക്ടർമാരുടെ ആവശ്യം നീട്ടിക്കൊണ്ടുപോവുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്നു സർക്കാർ വ്യക്തമാക്കണം. ആശുപത്രികളെ സംരക്ഷിതമേഖലയായി പ്രഖ്യാപിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നതിൽ സംശയമില്ല. സമൂഹത്തിൽ ലഹരി ഉപയോഗവും മറ്റും കൂടിവരുന്നകാലത്ത് ഇവരുമായി ഇടപഴകേണ്ടിവരുന്ന ഡോക്ടർമാരെ സംരക്ഷിക്കാൻ എന്തു നടപടി സ്വീകരിക്കാനാവുമെന്ന ഗൗരവമായ ആലോചനകൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം.
ആക്രമിക്കരുതെന്നു മാർഗനിർദേശം നൽകിയിട്ടു കാര്യമില്ലെന്നും അതിക്രമംനടന്ന് ഒരുമണിക്കൂറിനകം എഫ്.ഐ.ആർ. രജിസ്റ്റർചെയ്യണമെന്നും നേരത്തേ ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ഹൈക്കോടതി പോലീസിന് നിർദേശം നൽകിയതാണ്. എന്നാൽ, നീതിതേടി ഡോക്ടർമാർക്ക് തെരുവിലും കോടതിയിലും പോരാടേണ്ടിവരുന്നു. പരാതികൾ പലതും കേസാവാറില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. രജിസ്റ്റർചെയ്യുന്ന കേസുകളിൽ പ്രതികളെ പിടികൂടുന്നതും കുറവാണ്. അറസ്റ്റിലായാലും പോലീസ് കൃത്യസമയത്ത് കുറ്റപത്രം നൽകാതിരിക്കുമ്പോൾ പ്രതികൾക്ക് ജാമ്യംനേടി പുറത്തുവരാനും സാധിക്കുന്നു. എല്ലാറ്റിനുമുപരി, ഇത്തരം കേസുകളിൽ ആരും ശിക്ഷിക്കപ്പെടുന്നില്ല എന്നതും അതിക്രമങ്ങൾക്ക് വളമിടുന്നു.
പ്രതികളെ ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ് അടുത്തുവേണ്ടെന്ന സർക്കാർ ഉത്തരവിനുപിന്നിൽ ഒരു ഡോക്ടറുടെ ഉയർന്ന നീതിബോധമാണെന്ന കാര്യം മറന്നുകൂടാ. കസ്റ്റഡിയിലുള്ള പ്രതികൾ നേരിടുന്ന മനുഷ്യാവകാശലംഘനങ്ങൾ പോലീസ്‌സാന്നിധ്യത്തിൽ വെളിപ്പെടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മലപ്പുറം താനൂർ സ്വദേശിയായ ഡോക്ടർ നിയമപ്പോരാട്ടംതന്നെ നടത്തിയത്. സ്വന്തംജീവിതം അപകടത്തിലാവാനുള്ള സാധ്യതയിൽപ്പോലും അന്യന്റെ ജീവനും മനുഷ്യാവകാശത്തിനും വിലകല്പിക്കുന്ന ഡോക്ടർമാരുള്ള നാടാണ് കേരളം. മഹാമാരിയുടെ നാളുകളിൽ ജീവഭയത്താൽ ജനങ്ങളൊന്നാകെ വീടുകളിലൊതുങ്ങിയപ്പോഴും മനസ്സുപതറാതെ കർമനിരതരായ ആരോഗ്യപ്രവർത്തകരോട് അതിക്രമം കാണിക്കുന്നതിനെക്കാൾ വലിയ നന്ദികേടില്ല. ഇനിയൊരു ഡോക്ടർക്കുംനേരെ ക്രിമിനലുകളുടെ കൈകളുയരാതിരിക്കാനുള്ള ജാഗ്രത സർക്കാരും പൊതുസമൂഹവും ഉറപ്പുവരുത്തേണ്ടതുണ്ട്.സ്വപ്നംകണ്ട ജോലിയും ജീവിതവും പാതിവഴിയേ നിലച്ചുപോയ യുവഡോക്ടർ വന്ദനാദാസിന് ആദരാഞ്ജലി. ഏകമകളുടെ വിയോഗത്തിൽ ഹൃദയം തകർന്നിരിക്കുന്ന മാതാപിതാക്കളോട് കേരളത്തിനുവേണ്ടി ഞങ്ങൾ മാപ്പുതേടുന്നു. വന്ദനയിനി നിങ്ങളുടെ മാത്രം മകളല്ല, മനുഷ്യത്വവും നീതിബോധവുമുള്ള ഓരോ മലയാളിയുടെയും മകളാണ്.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..