.
പാക് ഭരണാധികാരികളുടെ ജീവിതകാലത്തെ പൊതുവേ രണ്ടുഘട്ടങ്ങളായി തിരിക്കാം. അഴിമതിയിൽ മുങ്ങിക്കുളിച്ചുനിന്നാലും ചോദ്യംചെയ്യപ്പെടാതെ ഭരണത്തിൽ വിലസുന്ന കാലവും എണ്ണിയാലൊടുങ്ങാത്ത കേസുകളുടെ ഭാരവുമായി വേട്ടയാടപ്പെട്ടുജീവിക്കുന്ന നാളുകളും. രണ്ടുഘട്ടവും തമ്മിലുള്ള ദൈർഘ്യമെത്രയാവണമെന്ന തീരുമാനം രാജ്യത്തെ സൈനികസംവിധാനത്തിന്റേതാണ്. സൈന്യത്തിന്റെ പ്രീതിയുള്ളിടത്തോളം സധൈര്യം ഭരണത്തിൽ തുടരാം. ചരടുപൊട്ടിച്ചു പോകുമെന്ന് സൈന്യത്തിന് തോന്നുന്ന നാൾമുതൽ രണ്ടാമത്തെ ഘട്ടം തുടങ്ങും. ചിലർ ഇരുമ്പഴിക്കുള്ളിലാകുമ്പോൾ ചിലർക്ക് ജീവൻതന്നെ വിലകൊടുക്കേണ്ടിവരും. ഭാഗ്യത്തിന്റെ പിന്തുണയുള്ളവർക്ക് വിദേശത്തെങ്കിലും ശിഷ്ടകാലം ജീവിച്ചിരിക്കാം.
ഇമ്രാൻഖാന്റെ കാര്യത്തിൽ ഇത് രണ്ടാംഘട്ടമാണ്. ഏപ്രിലിൽ അവിശ്വാസവോട്ടിലൂടെ പുറത്താകുന്നതിനും എത്രയോ മുമ്പുതന്നെ അത് തുടങ്ങിക്കഴിഞ്ഞിരുന്നു. പാകിസ്താനിൽ അറസ്റ്റിലാകുന്ന ഏഴാമത്തെ മുൻപ്രധാനമന്ത്രിയാണ് ഇമ്രാൻഖാൻ. ഹുസൈൻ ഷഹീദ് സുഹ്രാവർദി, സുൾഫിക്കർ അലി ഭൂട്ടോ, ബേനസീർ ഭൂട്ടോ, നവാസ് ഷരീഫ്, ഷാഹിദ് ഖാൻ അബ്ബാസി തുടങ്ങിയവരാണ് മുൻഗാമികൾ. ഷഹബാസ് ഷരീഫ് നേതൃത്വംനൽകുന്ന, സൈന്യം തൂക്കിക്കൊന്ന സുൾഫിക്കർ അലി ഭൂട്ടോയുടെ ചെറുമകൻ ബിലാവൽ ഭൂട്ടോ സർദാരി മന്ത്രിയായിരിക്കുന്ന സർക്കാരാണ് ഇമ്രാനെ തുറുങ്കിലടയ്ക്കാൻ മൗനാനുവാദം നൽകിയിരിക്കുന്നതെന്നതും വൈരുധ്യം.
ഇമ്രാൻ അറസ്റ്റിലായി എന്നത് ഒരിക്കലും ഞെട്ടിക്കുന്ന സംഭവമേയല്ല. നൂറ്റിനാല്പതോളം കേസുള്ള അദ്ദേഹം എപ്പോൾ അറസ്റ്റിലാകും എന്നതുമാത്രമായിരുന്നു ചോദ്യം. പാക് ചാരസംഘടനയായ ഐ.എസ്.ഐ.യുടെ മേജർ ജനറൽ ഫൈസൽ നസീർ ഗൂഢാലോചന നടത്തി തന്നെ രണ്ടുവട്ടം വധിക്കാൻ ശ്രമിച്ചെന്ന് ഇമ്രാൻ പൊതുറാലിയിൽ ആരോപിക്കുകയും ഇതിനെതിരേ സൈന്യം പരസ്യമായി രംഗത്തെത്തുകയും ചെയ്തതിന്റെ തൊട്ടടുത്തദിവസമായിരുന്നു ഇമ്രാന്റെ അറസ്റ്റ്. പതിവിൽനിന്ന് വ്യത്യസ്തമായി പോലീസിനുപകരം പാക് അർധസൈനിക വിഭാഗമായ പാക് റെയ്‌ഞ്ചേഴ്‌സിനെ എത്തിച്ച് ഇമ്രാനെ അറസ്റ്റുചെയ്യിച്ചതുതന്നെ സൈന്യമാണ് ഇതിനുപിന്നിലെന്ന് വ്യക്തമാക്കുന്നു. അൽ ഖാദിർ അഴിമതിക്കേസിൽ ഇമ്രാനെ അറസ്റ്റുചെയ്തത് നിയമവിരുദ്ധമാണെന്നും ഉടൻ മോചിപ്പിക്കണമെന്നുമുള്ള പാകിസ്താൻ സുപ്രീംകോടതിയുടെ ഉത്തരവ് താത്കാലിക ആശ്വാസമാണെങ്കിലും തോഷിഖാനയുൾപ്പെടെയുള്ള വിവാദമായ മറ്റുകേസുകൾ ഇപ്പോഴും ഇമ്രാന്റെ തലയ്ക്കുമുകളിലുണ്ട്. തോഷിഖാന കേസിൽ ഇമ്രാൻ കുറ്റക്കാരനാണെന്നു കഴിഞ്ഞദിവസം കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വീണ്ടും അറസ്റ്റുണ്ടാകാനുള്ള സാഹചര്യം തള്ളിക്കളയാനാകില്ല.
മറ്റൊരു കേസിൽ ഹൈക്കോടതിയിൽ ഹാജരാകുന്നതിനിടെ കോടതിമുറിയുടെ ചില്ലുജനാലകൾ പൊട്ടിച്ച് ഒരു മുൻപ്രധാനമന്ത്രിയെ വലിച്ചിഴച്ച് അറസ്റ്റുചെയ്തു കൊണ്ടുപോകുന്നതിലെ നാടകീയതയും ജനാധിപത്യവിരുദ്ധയും ചോദ്യംചെയ്യപ്പെടേണ്ടതുതന്നെ. ഇമ്രാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പാകിസ്താനിലുണ്ടായ കലാപവും അക്രമസംഭവങ്ങളും ഇന്ത്യയെ സംബന്ധിച്ചും ഭീഷണിയുയർത്തുന്നതാണ്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് ഇന്ത്യയുടെ പ്രതികരണം. കലാപസാഹചര്യം മുതലെടുത്ത് ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകരസംഘടനകൾ അതിർത്തിയിൽ നുഴഞ്ഞുകയറ്റം ശക്തമാക്കിയേക്കും. പൂഞ്ജിലും രജൗറിയിലും അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയും അതിർത്തിയിൽ ജാഗ്രത വർധിപ്പിക്കണം. അഴിമതിക്കേസുകളിൽ പ്രതിയാണെങ്കിലും മനുഷ്യാവകാശവും നിയമങ്ങളും മുഖവിലയ്ക്കെടുത്ത സുപ്രീംകോടതിവിധി ഇമ്രാൻഖാനും പാകിസ്താനെന്ന രാജ്യത്തിനും ചെറുപ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ, മറുപക്ഷത്ത് സൈന്യമായതിനാൽ മുന്നോട്ടുള്ള യാത്ര ഇമ്രാന് ക്രിക്കറ്റുപോലെ അത്ര എളുപ്പമാവില്ലെന്നുറപ്പ്.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..