ഗവർണർമാർക്കുള്ള താക്കീത്


2 min read
Read later
Print
Share

കേന്ദ്രസർക്കാരിനും അവർക്ക് വിധേയമായി പ്രവർത്തിക്കുന്നെന്ന ആരോപണം നേരിടുന്ന ഗവർണർമാർക്കുമുള്ള ശക്തമായ താക്കീതാണ് സുപ്രീംകോടതി വ്യാഴാഴ്ച നൽകിയത്

.

ഗവർണറുടേത് ഭരണഘടനാപദവിയാണ്. എന്നിരിക്കേ, തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ഭരണഘടനാപരമായ അധികാരത്തെക്കുറിച്ച് ഗവർണർക്ക് ബോധ്യമുണ്ടായിരിക്കണം. ഗവർണർ രാഷ്ട്രീയത്തിന്റെ ഭൂമികയിലേക്ക് ഇറങ്ങിക്കളിക്കേണ്ടതില്ല. ഇതോർമിപ്പിച്ചുകൊണ്ടാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയപ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. ഇതോടൊപ്പം, വ്യാഴാഴ്ച ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഡൽഹി സർക്കാർ -കേന്ദ്രസർക്കാർ അധികാരത്തർക്ക വിഷയത്തിലെ സുപ്രധാന വിധിയും ഫെഡറൽ സമ്പ്രദായത്തിന്റെ അന്തസ്സത്ത ഓർമിപ്പിക്കുന്നതായിരുന്നു. ഭരണനിർവഹണത്തിൽ ഭരണഘടനയുടെ മൂല്യങ്ങൾ ഒരിക്കൽക്കൂടി ഉയർത്തിപ്പിടിക്കുന്ന വിധികൾ നിയമചരിത്രത്തിൽ ഇടംപിടിക്കുമെന്നു തീർച്ച.

ഭരണകക്ഷി എം.എൽ.എ.മാരുടെ കൂറുമാറ്റവും സർക്കാരുകളുടെ വീഴ്ചയുമെല്ലാം അടുത്തകാലത്തായി ഒട്ടേറെത്തവണ സുപ്രീംകോടതി കയറിയിട്ടുണ്ട്. അവയിലെല്ലാം ഗവർണറുടെ പ്രവൃത്തിയും ചോദ്യംചെയ്യപ്പെട്ടു. എന്നാൽ, ഗവർണർമാർക്ക് എവിടംവരെ പോകാമെന്നും അതിർവരമ്പുകൾ എവിടെയാണെന്നും പറഞ്ഞുവെക്കുന്നതായിരുന്നു മഹാരാഷ്ട്ര കേസിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിന്യായം. ലെഫ്. ഗവർണർ വഴി ഡൽഹി ഭരണത്തിൽ ഇടപെടാൻ കേന്ദ്രം ശ്രമിക്കുന്നതായ ആരോപണം നിലനിൽക്കേ ഇതുമായി ബന്ധപ്പെട്ട വിധിയിലും ഫെഡറലിസത്തിന്റെ പ്രാധാന്യം സുപ്രീംകോടതി ഓർമിപ്പിച്ചു. മഹാരാഷ്ട്രയിൽ ശിവസേനയിലെ എം.എൽ.എ.മാർക്കിടയിലുണ്ടായ ഭിന്നിപ്പാണ് രാഷ്ട്രീയപ്രതിസന്ധിയുണ്ടാക്കിയത്. തുടക്കംമുതൽ ഓരോ ഘട്ടത്തിലും ഗവർണറെടുത്ത ഓരോ തീരുമാനവും അതിന് ആധാരമാക്കിയ രേഖകളും ഇഴകീറി പരിശോധിക്കാൻ സുപ്രീംകോടതി ശ്രദ്ധിച്ചു. പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഉദ്ധവ് താക്കറെ നയിക്കുന്ന സർക്കാരിനോട് വിശ്വാസവോട്ട് തേടാൻ ഗവർണർ ഭഗത് സിങ് കോഷിയാരി നിർദേശിച്ചത്. തങ്ങൾ സർക്കാരിൽനിന്ന് പുറത്തുപോവുകയാണെന്ന് അവർ പറഞ്ഞിരുന്നില്ല. ഇനി അഥവാ പ്രമേയത്തിൽ അങ്ങനെയൊരു സൂചനയുണ്ടെങ്കിൽത്തന്നെയും ചില എം.എൽ.എ.മാരുടെ അതൃപ്തി വിശ്വാസവോട്ടിനുള്ള കാരണമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഇവിടെയാണ്, രാഷ്ട്രീയത്തിന്റെ മണ്ണിലേക്ക് ഗവർണർ ഇറങ്ങേണ്ടതില്ലെന്നു സുപ്രീംകോടതി ഓർമിപ്പിച്ചത്. ഗവർണർ പ്രവർത്തിക്കേണ്ടത് തനിക്ക് അധികാരംനൽകിയ ഭരണഘടനയ്ക്ക് വിധേയമായാണ്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് സഭയുടെ വിശ്വാസമുണ്ടെന്നാണ് സങ്കല്പം. മറിച്ച് സങ്കല്പിക്കണമെങ്കിൽ വസ്തുതാപരമായ രേഖകളുണ്ടാവണം.

അതേസമയം, വിശ്വാസവോട്ടിനു നിൽക്കാതെ രാജിവെച്ചതിനാൽ ഉദ്ധവ് താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാനാവില്ലെന്നു സുപ്രീംകോടതി പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി റദ്ദാക്കാനാവില്ല. അതിനാൽ ഏക്‌നാഥ് ഷിന്ദേയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ തീരുമാനവും തെറ്റല്ല. പക്ഷേ, അതിനു മുൻപായി ഗവർണർ ചെയ്ത നടപടിക്രമങ്ങളാണ് വിധിയിൽ വിമർശനവിധേയമായത്. ഇതോടൊപ്പം സ്പീക്കറുടെ നടപടികളെയും സുപ്രീംകോടതി വിമർശിച്ചു. വിപ്പിനെ തീരുമാനിക്കുന്നത് രാഷ്ട്രീയപ്പാർട്ടിയാണ്, പ്രസ്തുത പാർട്ടിയുടെ സഭയിലെ അംഗങ്ങളല്ല. പാർട്ടി അധികാരപ്പെടുത്തുന്ന നേതാവിനെയും വിപ്പിനെയും സ്പീക്കർ അംഗീകരിക്കണം.

ഡൽഹി-കേന്ദ്രം അധികാരത്തർക്കക്കേസിന് നേരിട്ട് ഇതുമായി ബന്ധമില്ലെങ്കിലും സംസ്ഥാന ഭരണത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലുകളാണ് ഇവിടെയും ചർച്ചയായത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഉദ്യോഗസ്ഥരുടെമേൽ നിയന്ത്രണമില്ലെങ്കിൽ കൂട്ടുത്തരവാദിത്വത്തെ ബാധിക്കും. കേന്ദ്രസർക്കാർ സഹകരണ ഫെഡറലിസത്തിന്റെ അന്തസ്സത്ത കാത്തുകൊണ്ട് ഭരണഘടന നിർമിക്കുന്ന അതിർത്തികൾക്കുള്ളിൽനിന്ന് അധികാരം വിനിയോഗിക്കണമെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു. കേന്ദ്രസർക്കാരിനും അവർക്ക് വിധേയമായി പ്രവർത്തിക്കുന്നെന്ന ആരോപണം നേരിടുന്ന ഗവർണർമാർക്കുമുള്ള ശക്തമായ താക്കീതാണ് സുപ്രീംകോടതി വ്യാഴാഴ്ച നൽകിയത്.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..