ഉജ്ജ്വലമായ തിരിച്ചുവരവ്


2 min read
Read later
Print
Share

അടുത്തകൊല്ലം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്നതാണ് കർണാടകയിലെ വിജയം

.

നാലുകൊല്ലം മുൻപ് ഓപ്പറേഷൻ കമലയിൽ അടിതെറ്റി വീണ അതേ കന്നഡമണ്ണിൽ അനിഷേധ്യ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് കോൺഗ്രസ് തിരിച്ചുവന്നിരിക്കുന്നു. നൂറ്റിപ്പതിമൂന്നെന്ന മാന്ത്രികസംഖ്യയെക്കാൾ 23 സീറ്റ് അധികംനേടി ഒരു കർ‘നാടക’ങ്ങൾക്കും ഇനി അവസരമില്ലെന്ന് പ്രഖ്യാപിക്കുംവിധം അരക്കിട്ടുറപ്പിച്ച വിജയം. കോൺഗ്രസിന്റെ കാലം കഴിഞ്ഞുവോയെന്ന് ആശങ്കപ്പെട്ടവർക്കും പരിഹസിച്ചവർക്കുമുള്ള മനോഹരമായ മറുപടി. ഹിമാചൽ പ്രദേശിലൊഴികെ, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും പരാജയമറിഞ്ഞ്, ആത്മവിശ്വാസം അമ്പേയുടഞ്ഞുനിന്ന കോൺഗ്രസിന് ലഭിച്ച ജീവവായുവാണ് കർണാടകത്തിലെ ജനവിധി. കർണാടകയിൽക്കൂടി ദക്ഷിണേന്ത്യയിലേക്ക് കടക്കാമെന്ന ബി.ജെ.പി.യുടെ കണക്കുകൂട്ടലിന് പ്രഹരമേറ്റിരിക്കുകയാണ്.

സംവരണ വികസന സമുദായ കാർഡുകളുമായി ബി.ജെ.പി. മുന്നോട്ടുപോയപ്പോൾ, ഹിമാചൽ പ്രദേശിലേതിനു സമാനമായി പ്രാദേശിക വിഷയങ്ങളിലൂന്നിയുള്ള തിരഞ്ഞെടുപ്പുതന്ത്രമാണ് കോൺഗ്രസ് കർണാടകയിൽ പയറ്റിയത്. അത് വിജയം കാണുകയും ചെയ്തു. വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി തുടങ്ങി ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ കോൺഗ്രസ് ശ്രദ്ധയൂന്നി. 200 യൂണിറ്റുവരെ സൗജന്യ വൈദ്യുതി, കുടുംബനാഥയായ സ്ത്രീകൾക്ക് ഓരോ മാസവും രണ്ടായിരം രൂപവീതം, ബി.പി.എൽ. കുടുംബങ്ങൾക്ക് പത്ത് കിലോ അരി, ബിരുദധാരികളായ 25 വയസ്സുവരെയുള്ള തൊഴിൽരഹിതർക്ക് മാസം മൂവായിരം രൂപയും ഡിപ്ലോമയുള്ളവർക്ക് 1,500 രൂപയും സഹായം, സ്ത്രീകൾക്ക് പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യയാത്ര തുടങ്ങിയ ജനപക്ഷ വാഗ്ദാനങ്ങളായിരുന്നു കോൺഗ്രസ് പ്രചാരണത്തിന്റെ നട്ടെല്ല്. യെദ്യൂരപ്പയും തുടർന്നുവന്ന ബസവരാജ് സർക്കാരും അഴിമതി നിറഞ്ഞ ഭരണമാണ് നടത്തിയതെന്ന പ്രചാരണം കോൺഗ്രസിന് വിജയം എളുപ്പമാക്കിയെന്നു പറയാതെവയ്യ. ജന്മനാട്ടിൽ വിജയത്തിൽ കുറഞ്ഞൊന്നും ആഗ്രഹിക്കാനാകാത്ത എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ ത്രയങ്ങൾ ഈ തന്ത്രങ്ങളിലൂന്നി ഭിന്നതകളൊന്നുമുണ്ടാകാത്തവിധം പഴുതടച്ച പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സോണിയാ ഗാന്ധിയുമടക്കം കളത്തിലെത്തിയതോടെ വർധിതവീര്യത്തോടെ കോൺഗ്രസ് തിരിച്ചുവരുകയായിരുന്നു.

ഉത്തരേന്ത്യയിലേതുപോലെ ജനകീയ പ്രശ്നങ്ങളെ ധ്രുവീകരണ രാഷ്ടീയത്തിലൂടെ നേരിടാമെന്ന ബി.ജെ.പി.യുടെ ആത്മവിശ്വാസം കർണാടകയിൽ പരാജയപ്പെട്ടു. മുസ്‌ലിങ്ങൾക്കുള്ള നാലു ശതമാനം സംവരണം എടുത്തുമാറ്റി അവയെ വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്ക് തുല്യമായി വീതിക്കാനുള്ള നീക്കംതന്നെ ഭൂരിപക്ഷവിഭാഗങ്ങളെ കൈയിലെടുത്ത് വോട്ടുനേടാമെന്ന പ്രതീക്ഷയോടെയായിരുന്നെങ്കിലും അത് അസ്ഥാനത്തായി. മുസ്‌ലിങ്ങൾക്കുള്ള സംവരണം തിരികെക്കൊണ്ടുവരുമെന്നു മാത്രമല്ല, വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്കും സംവരണം വർധിപ്പിക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചതോടെ ഇരുവിഭാഗങ്ങളും കോൺഗ്രസിനോട് ചായുകയും ചെയ്തു. ബജ്‌റംഗ്‌ദൾ നിരോധിക്കുമെന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെച്ചൊല്ലി ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങളും ഫലവത്തായില്ല. അഴിമതിയെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും സംസാരിക്കാതെ മോദി പ്രഭാവത്തിൽ തിരഞ്ഞെടുപ്പ് നേരിടാമെന്ന വിശ്വാസത്തിലായിരുന്നു ബി.ജെ.പി. 19 റാലികളിലും ആറ് റോഡ് ഷോകളിലുമാണ് പ്രധാനമന്ത്രി പങ്കെടുത്തത്. 16 റാലികളിലും 15 റോഡ് ഷോകളിലും അമിത് ഷായും 10 റാലികളിലും 16 റോഡ് ഷോകളിലും ജെ.പി. നഡ്ഡയും പങ്കെടുത്തു. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിട്ടും പ്രാദേശികതലത്തിൽ ശക്തനായ നേതാവിനെ എടുത്തുകാട്ടാനില്ലാതായതോടെ ഇതെല്ലാം വൃഥാവിലായെന്നു പറയാം.

ഛത്തീസ്ഗഢ്‌, മധ്യപ്രദേശ്, തെലങ്കാന, രാജസ്ഥാൻ തുടങ്ങി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും അടുത്തകൊല്ലം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്നതാണ് കർണാടകയിലെ വിജയം.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..