ലഹരിക്കടത്ത്‌ തടയാൻ ശക്തമായ നടപടിവേണം


2 min read
Read later
Print
Share

പിടിയിലാകുന്നത് മഞ്ഞുമലയുടെ ചെറിയൊരറ്റം മാത്രമാണെന്നത് എല്ലാവർക്കുമറിയാവുന്ന സത്യമാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തെ മയക്കുമരുന്നു വേട്ടയിൽ 180 ശതമാനത്തിന്റെ വർധനയാണുണ്ടായത്

.

രാജ്യംകണ്ട ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിലൊന്നാണ് ശനിയാഴ്ച കൊച്ചിയിലുണ്ടായത്. ഇറാനിലെ മക്രാൻ തുറമുഖത്തുനിന്നെത്തിയ 15,000 കോടി രൂപ വിലമതിക്കുന്ന 2500 കിലോ മെത്താംഫെറ്റമിൻ മയക്കുമരുന്ന്‌ ഇന്ത്യൻ സമുദ്രമേഖലയിൽനിന്ന് നാവികസേനയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻ.സി.ബി.) ചേർന്ന്‌ പിടികൂടുകയായിരുന്നു. അധികൃതർ പിന്തുടരുന്നുവെന്ന് മനസ്സിലായതോടെ കപ്പലിലുണ്ടായിരുന്ന മയക്കുമരുന്ന് ചെറുബോട്ടിലേക്ക് മാറ്റിയശേഷം കപ്പൽ കടലിൽ മുക്കിക്കളഞ്ഞുവെന്നാണ് എൻ.സി.ബി. അധികൃതർ പറയുന്നത്. കപ്പലിൽ കൂടുതൽ മയക്കുമരുന്നുണ്ടായിരുന്നോ, മയക്കുമരുന്ന് കൈമാറാൻ മറ്റേതെങ്കിലും സംഘം എത്തിയിരുന്നോ തുടങ്ങിയ വിവരങ്ങളൊന്നും അറിവായിട്ടില്ല.

ഇന്ത്യൻ സമുദ്രമേഖലയിലൂടെയുള്ള മയക്കുമരുന്നുകടത്ത് തടയാൻ എൻ.സി.ബി. ഡയറക്ടർ ജനറൽ രൂപംനൽകിയ ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ അഞ്ചാമത്തെ ദൗത്യത്തിലാണ് നിർണായകനേട്ടം. ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്ക്‌ വിതരണം ചെയ്യാനാണ് മയക്കുമരുന്ന് കൊണ്ടുപോയതെന്നാണ് ലഭിക്കുന്ന വിവരം. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടിക്കുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നത് ലഹരിയെന്ന മാരകവിപത്ത് സമൂഹത്തിൽ എത്രത്തോളം ആഴത്തിൽ വേരുറപ്പിച്ചിട്ടുണ്ടെന്നതിന്റെ തെളിവുകൂടിയാണ്. 2022 ഒക്ടോബറിൽ കേരളതീരത്തുനിന്ന്‌ 200 കിലോ ഹെറോയിനും ഫെബ്രുവരിയിൽ ഗുജറാത്ത് തീരത്തുനിന്ന് 221 കിലോ മെത്താംഫെറ്റമിനും 529 കിലോ ഹാഷിഷും നാവികസേനയും എൻ.സി.ബി.യും സംയുക്ത ഓപ്പറേഷനിലൂടെ പിടികൂടിയിരുന്നു. അഫ്ഗാനിസ്താൻ തന്നെയായിരുന്നു ഇതിന്റെയെല്ലാം ഉറവിടം. കഞ്ചാവുകൃഷിയുടെ വിളനിലമായ ഗോൾഡൻ ക്രസന്റ് എന്നറിയപ്പെടുന്ന മേഖലയിൽനിന്നാണ് കേരളത്തിലും ഗുജറാത്തിലും പിടികൂടിയ കഞ്ചാവെത്തിയിട്ടുള്ളത്. അഫ്ഗാൻ, ഇറാൻ, പാകിസ്താൻ രാജ്യങ്ങളിലെ വിവിധമേഖലകൾ ചേർന്നതാണ് ഗോൾഡൻ ക്രസന്റ്. ഗോൾഡൻ ക്രസന്റിനും മറ്റൊരു മയക്കുമരുന്നുകേന്ദ്രമായ ഗോൾഡൻ ട്രയാങ്കിളിനും (തായ്‌ലാൻഡ്, ലാവോസ്, മ്യാൻമാർ മേഖലകൾ) മധ്യേ കിടക്കുന്നതിനാൽ മയക്കുമരുന്ന് കള്ളക്കടത്തിന്റെ ദൂഷ്യം ഏറെ ബാധിക്കാവുന്ന രാജ്യമാണ് ഇന്ത്യ.

പിടിയിലാകുന്നത് മഞ്ഞുമലയുടെ ചെറിയൊരറ്റം മാത്രമാണെന്നത് എല്ലാവർക്കുമറിയാവുന്ന സത്യമാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്തെ മയക്കുമരുന്നു വേട്ടയിൽ 180 ശതമാനത്തിന്റെ വർധനയാണുണ്ടായത്. 2014-‘22-ൽ 62.60 ലക്ഷം കിലോ മയക്കുമരുന്നാണ് പിടികൂടിയത്. 2006-‘13-ൽ ഇത് 22.45 ലക്ഷം കിലോയായിരുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 89,000 ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പത്തിന് സമാനമായ കഞ്ചാവ് പാടങ്ങൾ നശിപ്പിച്ചുവെന്നാണ് എൻ.സി.ബി.യുടെ റിപ്പോർട്ട്. ഇന്ത്യയിൽ മയക്കുമരുന്നു കേസുകൾ കൂടുന്നതിൽ ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ നർക്കോട്ടിക്സ് കൺട്രോൾ ബോർഡും ആശങ്കപ്രകടിപ്പിച്ചിരുന്നു. കെമിക്കൽ, ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്റെ ശക്തികേന്ദ്രമായ ഇന്ത്യയിൽ വാണിജ്യ കെമിക്കൽ ഫാക്ടറികളിലുണ്ടായ വർധന നിയമവിരുദ്ധമായി സിന്തറ്റിക് മയക്കുമരുന്നിന്റെ വലിയതോതിലുള്ള ഉത്പാദനത്തിന് വഴിവെക്കുന്നുവെന്നും ഐ.എൻ.സി.ബി.യുടെ റിപ്പോർട്ടിലുണ്ട്. ഇന്ത്യൻ സമുദ്രമേഖലയിലൂടെയുള്ള കപ്പൽപ്പാതയോടു ചേർന്നുള്ള ദക്ഷിണേഷ്യയിലെ ബംഗ്ലാദേശ്, ഇന്ത്യ. മാലദ്വീപ്, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ ലഹരിക്കടത്തിന്റെ കേന്ദ്രങ്ങളാകാൻ സാധ്യതയേറെയാണെന്നും യു.എൻ. മുന്നറിയിപ്പുനൽകുന്നു. ലഹരി പിടിമുറുക്കുംതോറും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും വർധനയുണ്ടാകുമെന്ന് മറക്കരുത്. 2047-ഓടെ ഇന്ത്യയെ സമ്പൂർണ ലഹരിവിമുക്ത രാജ്യമാക്കി മാറ്റുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം. എന്നാൽ, ആ ലക്ഷ്യത്തിലേക്കുള്ള യാത്ര അത്ര എളുപ്പമാകില്ലെന്ന് ശനിയാഴ്ചത്തെ സംഭവം വ്യക്തമാക്കുന്നു. ഓപ്പറേഷൻ സമുദ്രഗുപ്ത് പോലെയുള്ള നടപടികൾ ചെറുതല്ലാത്ത ഫലംകാണുന്നുവെന്നത് അഭിമാനകരം തന്നെയെങ്കിലും കൂടുതൽ ശക്തമായ ഇടപെടലുകൾ ഇനിയുമുണ്ടാകേണ്ടതുണ്ട്.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..