നീതിബോധം ഇല്ലാതാവരുത്


2 min read
Read later
Print
Share

അസഹിഷ്ണുതയുടെ പേരിൽ വടക്കേ ഇന്ത്യയിൽ ആൾക്കൂട്ടക്കൊലപാതകങ്ങൾ ഏറിവരുന്നതിൽ ആശങ്കപ്പെടുന്ന മലയാളികളും അതേ പാതയിലാണെന്നത് തിരിച്ചറിയാൻ ഇനിയും വൈകരുത്

.

കേരളത്തിൽ മറ്റൊരു ‘മധു’ കൂടി ഉണ്ടായിരിക്കുന്നു. ഇത്തവണ മോഷണക്കുറ്റമാരോപിച്ച് ആൾക്കൂട്ടം ക്രൂരമായി മർദിച്ചുകൊലപ്പെടുത്തിയത് ബിഹാറുകാരനായ അതിഥിത്തൊഴിലാളിയെയാണ്. അരി മോഷ്ടിച്ചെന്ന കുറ്റം ചുമത്തി അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവ് ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ട വാർത്ത ഞെട്ടലോടെയാണ് കേരളമന്ന് കേട്ടത്. എന്നാലിന്ന് അത്തരം സംഭവങ്ങൾ മലയാളിയിൽ ഞെട്ടൽപോലുമുണ്ടാക്കുന്നില്ല. പല ദിനങ്ങളും പുലരുന്നത് ഇത്തരം പൈശാചികതയുടെ വാർത്തകളുമായാണ്. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാൻ വന്ന വിശ്വനാഥനെന്ന ആദിവാസി യുവാവ്‌ ആൾക്കൂട്ട വിചാരണയെത്തുടർന്ന് ജീവിതമുപേക്ഷിച്ചത് മാസങ്ങൾക്കുമുമ്പാണ്. വിവാഹിതനായി എട്ടുവർഷത്തിനുശേഷം പിറക്കാൻപോകുന്ന കുഞ്ഞിന്റെ മുഖം കാണാനുള്ള കൊതിയോടെ ആശുപത്രിവരാന്തയിൽ കഴിഞ്ഞുകൂടിയ വിശ്വനാഥന്റെ ആത്മാഭിമാനമാണ് ജനക്കൂട്ടം അടിച്ചുതകർത്തത്. ജാതിയും നിറവും വേഷവുമൊക്കെയായിരുന്നു ഇവർ മോഷ്ടാക്കളാണെന്ന വിധിയെഴുത്തിലേക്ക് ആൾക്കൂട്ടത്തെയെത്തിച്ചത്.

പ്രബുദ്ധകേരളമെന്ന പുറംമോടിക്കുള്ളിലൊളിഞ്ഞിരിക്കുന്ന കാപട്യമാണ് ഈ സംഭവങ്ങളിലൊക്കെയും വെളിപ്പെട്ടത്. പാർശ്വവത്കൃതരോടും ഇരുണ്ടനിറക്കാരോടും നിറംമങ്ങിയ വസ്ത്രം ധരിക്കുന്നവരോടുമൊക്കെ സാമ്പത്തികമായും സാമൂഹികമായും അധീശത്വം പുലർത്തുന്നവർക്കുള്ള അവജ്ഞയും അവഗണനയും കേരളത്തിലും വേരുറച്ചുതുടങ്ങിയിരിക്കുന്നുവെന്നാണ് ഈ സംഭവങ്ങളൊക്കെയും കാണിക്കുന്നത്. ഉച്ചനീചത്വങ്ങളുടെ ഇന്നലെകളെ പടപൊരുതി ഇല്ലാതാക്കി, മാനവികതയുടെയും മനുഷ്യസ്നേഹത്തിന്റെയും ചരിതമെഴുതിയ കേരളം തിരിഞ്ഞുനടക്കുന്നുവെന്ന യാഥാർഥ്യം പേടിപ്പിക്കുന്നതാണ്.
നീതിനിർവഹണ സംവിധാനത്തെയാകെ അപ്രസക്തമാക്കി ആൾക്കൂട്ടം നിയമം കൈയിലെടുക്കുന്ന സംഭവങ്ങൾ കേരളത്തിൽ സമീപകാലത്തായി ഏറിവരുകയാണ്. പാലക്കാട് ഒലവക്കോട്ട്, മലപ്പുറം മങ്കടയിൽ, കൊല്ലം അണ്ടൂരിൽ, തൃശ്ശൂർ ചേർപ്പിൽ... പട്ടിക നീളുകയാണ്. മോഷണ, സദാചാരക്കുറ്റങ്ങളാരോപിച്ചാണ് ഇവരൊക്കെയും ആൾക്കൂട്ടവിചാരണയ്ക്കുശേഷം ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ടത്. മരക്കഷണവും പൈപ്പും ഉൾപ്പെടെ ഉപയോഗിച്ച് അതിക്രൂരമായാണ് കിഴിശ്ശേരിയിൽ ആൾക്കൂട്ടം അതിഥിത്തൊഴിലാളിയെ നേരിട്ടത്. സമൂഹത്തിന്റെ അസഹിഷ്ണുതയും നീതിബോധമില്ലായ്മയും ജനാധിപത്യവിരുദ്ധതയുമാണ് ഇത്തരം കൊലപാതകങ്ങളിലൂടെ പ്രതിഫലിക്കുന്നത്. സംശയത്തിന്റെപേരിൽ മാത്രം പിടികൂടുന്ന ഒരാളെ മൃഗീയമായി നേരിടുന്ന ആൾക്കൂട്ടമനഃശ്ശാസ്ത്രത്തിലേക്ക് കേരളവും വഴിമാറുന്നത് പഠനവിധേയമാക്കേണ്ടതാണ്. കൊടും കുറ്റവാളിക്കുപോലും നിയമവഴി ഉറപ്പുവരുത്തുകയെന്ന നീതിബോധത്തിലൂന്നിയ നീതിസംവിധാനം നിലനിൽക്കുന്ന നാടാണിത്. വിളിപ്പാടകലെ പോലീസ് സ്റ്റേഷനുകളും മികച്ച വിനിമയ സൗകര്യവുമുള്ള കേരളത്തിൽ 24 മണിക്കൂറും പോലീസുകാരുടെ സേവനം ലഭ്യവുമാണ്. എന്നിട്ടും പിടിയിലാകുന്നയാളെ മണിക്കൂറുകളോളം മർദിച്ച് അവശനാക്കിയശേഷമാണ് ഈ സംഭവങ്ങളിലൊക്കെയും പോലീസിനെ വിവരമറിയിച്ചിട്ടുള്ളത്.

ജനം നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടാവുന്നത് ഗുണ്ടാരാജിലേക്കാണ് കാര്യങ്ങളെത്തിക്കുക. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ മൊബൈലിൽ പകർത്തി ആനന്ദിക്കുന്ന കാഴ്ചയും സമൂഹത്തിന് മാനസിക ചികിത്സ വേണ്ടതുണ്ടെന്നതിലേക്കാണ് വിരൽചൂണ്ടുന്നത്. ലഹരി ഉപയോഗം ഇത്തരം അക്രമസംഭവങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ടോയെന്ന അന്വേഷണവും നടത്തേണ്ടതുണ്ട്. ഓടിയെത്തുന്നവരൊക്കെയും ആൾക്കൂട്ടത്തിന്റെ ഭാഗമാവുന്നുവെന്നതും നിരാശയുണ്ടാക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിച്ചിരുന്ന പ്രാദേശിക രാഷ്ട്രീയ, സാമൂഹിക നേതൃത്വം ഇന്നെവിടെപ്പോയി. അസഹിഷ്ണുതയുടെ പേരിൽ വടക്കേ ഇന്ത്യയിൽ ആൾക്കൂട്ടക്കൊലപാതകങ്ങൾ ഏറിവരുന്നതിൽ ആശങ്കപ്പെടുന്ന മലയാളികളും അതേ പാതയിലാണെന്നത് തിരിച്ചറിയാൻ ഇനിയും വൈകരുത്. ഓരോ സംഭവം നടക്കുമ്പോഴും സാമൂഹികമാധ്യമങ്ങളിൽ നീതിക്കായുള്ള മുറവിളി ഉയരുന്നുവെന്നതിനപ്പുറം എന്തുകൊണ്ടിത് സംഭവിക്കുന്നുവെന്ന സാമൂഹികപഠനങ്ങൾ ഉണ്ടാവേണ്ടതുണ്ട്. പോലീസിലും നിയമസംവിധാനത്തിലും കൂടുതൽ വിശ്വാസമർപ്പിച്ച് ജനങ്ങളും നാടിന്റെ ക്രമസമാധാനസംവിധാനത്തിന്റെ ഭാഗമാകണം.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..