മാനവസേവ മാധവസേവ


2 min read
Read later
Print
Share

സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു ദേവസ്വത്തിന്റെ മുൻകൈയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നത്. രോഗത്താൽ വലയുന്നവരുടെ മുന്നിലേക്ക് കാരുണ്യപ്രസാദം നീട്ടി പ്രവർത്തനം തുടങ്ങിയ സെന്ററിന് എല്ലാവിധ ആശംസകളും നേരുന്നു

.

മാനവസേവ തന്നെയാണ് മാധവസേവയെന്ന സന്ദേശവുമായി കാടാമ്പുഴ ക്ഷേത്രത്തിൽ ചൊവ്വാഴ്ച തുറന്ന ചാരിറ്റബിൾ ഹോസ്പിറ്റൽ ആൻഡ് ഡയാലിസിസ് സെൻർ പുതിയ മാതൃക തീർത്തിരിക്കുന്നു. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു ദേവസ്വത്തിന്റെ മുൻകൈയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നത്. ഭക്തർ നൽകിയ കാണിക്കയിൽനിന്നൊരുവിഹിതം നിസ്വരായ രോഗികൾക്ക് സാന്ത്വനമാവുന്നതിനെക്കാൾ വലിയ പുണ്യപ്രവൃത്തിയില്ല. സാധുജന സേവയെ ഈശ്വരനിലേക്കുള്ള പല മാർഗങ്ങളിലൊന്നായി എല്ലാ മതങ്ങളും കാണുന്നുണ്ട്. വിശക്കുന്നവന് ഒരു നേരത്തെ അന്നവും തലചായ്ക്കാനിടമില്ലാത്തവന് അഭയവും തീരാരോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവന് മരുന്നും ഉടുതുണി മാറാനില്ലാത്തവന് വസ്ത്രവും നൽകുന്നതുതന്നെയാണ് ദൈവസ്നേഹമെന്നു വിശ്വസിക്കുന്നവരും ഏറെയാണ്. സത്പ്രവൃത്തിയും കാരുണ്യവും സ്നേഹവും തന്നെയാണ് എല്ലാ മതങ്ങളും വിശ്വാസികളോടാവശ്യപ്പെടുന്നത്.

മാനവസേവ, മാധവസേവയെന്ന ആശയത്താൽ പ്രചോദിതരായി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളും സ്ഥാപനങ്ങളുമേറെയാണ്. അശരണരായ രോഗികൾക്ക് സൗജന്യ ചികിത്സയും താമസവും ഭക്ഷണവുമൊരുക്കി സാന്ത്വനമാകുന്ന സ്ഥാപനങ്ങൾ ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെയുണ്ട്. കേരളത്തിലെ ആശുപത്രികളിൽ ദിവസം നാൽപ്പതിനായിരത്തോളം പേർക്ക് പൊതിച്ചോർ എത്തിച്ചുനൽകുന്ന ഡി.വൈ.എഫ്.ഐ.യും മരുന്നും ഭക്ഷണവും ആംബുലൻസ് സേവനവും മറ്റുമെത്തിക്കുന്ന സേവാഭാരതിയും സി.എച്ച്. സെന്ററുമൊക്കെ ചില ഉദാഹരണങ്ങൾ മാത്രം.

പാലിയേറ്റീവ് ചികിത്സാരംഗത്തും പ്രതിഫലമൊന്നുമാഗ്രഹിക്കാതെ സേവനനിരതരായ ആയിരങ്ങളുള്ള നാടാണ് കേരളം. ജനകീയകമ്മിറ്റികൾ ചികിത്സച്ചെലവു കണ്ടെത്തിയതുകൊണ്ടുമാത്രം ജീവിതത്തിലേക്കു തിരിച്ചുവന്നവർ ആയിരക്കണക്കിനുണ്ട്. തന്റെ കുടുംബത്തിലൊരാൾക്കെന്നപോലെ ഊണും ഉറക്കവുമൊഴിഞ്ഞ് പണം സ്വരൂപിക്കുന്നതിനിറങ്ങിത്തിരിക്കുന്ന ആ നല്ല മനുഷ്യരാണ് നാളെയെക്കുറിച്ച് പ്രതീക്ഷ നൽകുന്നത്. സർക്കാർ സംവിധാനങ്ങൾ മതിയാവാതെവരുമ്പോൾ രൂപവത്കരിക്കപ്പെടുന്ന ഇത്തരം കൂട്ടായ്മകൾ രോഗത്തിനുമുന്നിൽ നിസ്സഹായരായി പകച്ചുനിൽക്കുന്ന പലർക്കും ദൈവത്തിന്റെ ഇടപെടൽതന്നെയാണ്. ലക്ഷങ്ങൾ ചെലവുവരുന്ന ചികിത്സവരെ സാധാരണക്കാർക്കടക്കം പ്രാപ്യമാക്കുന്നതിൽ സർക്കാരിനൊപ്പം ഇത്തരം കൂട്ടായ്മകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. നാടൊന്നാകെ കൈകോർത്ത് കോടികൾവരെ ചികിത്സച്ചെലവു കണ്ടെത്തിയ അനുഭവങ്ങൾ കേരളത്തിനു പറയാനുണ്ട്.

അർബുദം, വൃക്കരോഗം തുടങ്ങിയ രോഗങ്ങൾ കേരളത്തിലേറിവരുകയാണ്. ഏറെ പണച്ചെലവുള്ള ചികിത്സ ആവശ്യമായ ഇത്തരം രോഗങ്ങൾ ഇടത്തരം സാമ്പത്തിക സ്ഥിതിയിലുള്ള കുടുംബങ്ങളുടെപോലും നട്ടെല്ലൊടിക്കും. കിടപ്പാടംവരെ വിറ്റാണ് പലരും ചികിത്സ തേടുന്നത്. രോഗികളുടെ പെരുക്കം താങ്ങാനാവാത്ത നിലയിലാണ് സർക്കാർ ആശുപത്രികളുടെ സ്ഥിതി. സാധാരണക്കാർക്ക് കുറഞ്ഞചെലവിൽ മികച്ച ചികിത്സയെന്ന വാഗ്ദാനവുമായി തുടക്കംകുറിച്ച പല സഹകരണ ആശുപത്രികളും സ്വകാര്യ ആശുപത്രികളിൽനിന്ന് ഏറെ വ്യത്യസ്തമല്ലെന്നതാണ് യാഥാർഥ്യം. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്കുപോലും ഇവിടങ്ങളിൽ സൗജന്യചികിത്സ നൽകുന്നില്ല. ഈ സാഹചര്യത്തിലാണ് കാടാമ്പുഴയിലെ സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രസക്തിയും പ്രാധാന്യവും. മികച്ച വരുമാനമുള്ള മറ്റു ദേവസ്വങ്ങൾക്കും പിന്തുടരാവുന്ന മാതൃകയാണ് കാടാമ്പുഴ മുന്നോട്ടുവെച്ചത്. തങ്ങൾ നൽകുന്ന കാണിക്ക അന്യരുടെ കണ്ണീരൊപ്പുന്നുണ്ടെന്നറിയുന്നതോടെ ക്ഷേത്രങ്ങൾക്കായി ഭക്തരുടെ സംഭാവനയും കൂടും. 1988 മുതൽ കാടാമ്പുഴ ക്ഷേത്രത്തിൽ പ്രവർത്തിച്ചുവരുന്ന ധർമാശുപത്രിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ദേവസ്വംബോർഡ് ഉദ്ദേശിക്കുന്നുവെന്നത് അഭിനന്ദനാർഹമാണ്. ഈ ആശയത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നല്ല മനസ്സുകളും അഭിനന്ദനമർഹിക്കുന്നു. മനസ്സിനും ശരീരത്തിനും ഒരേപോലെ ശാന്തിനൽകുന്ന ഇടമായി ക്ഷേത്രം മാറുകയാണ്. രോഗത്താൽ വലയുന്നവരുടെ മുന്നിലേക്ക് കാരുണ്യപ്രസാദം നീട്ടി പ്രവർത്തനം തുടങ്ങിയ സെന്ററിന് എല്ലാവിധ ആശംസകളും നേരുന്നു.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..