.
അന്താരാഷ്ട്രതലത്തിൽത്തന്നെ കേരളത്തെ അടയാളപ്പെടുത്തുന്ന ബ്രാൻഡായി വളർന്ന കുടുംബശ്രീ 25 വയസ്സ് പിന്നിടുകയാണ്. 1998 മേയ് 17-ന് മലപ്പുറത്ത് ഉദ്ഘാടനംചെയ്യുമ്പോൾ മുന്നിൽക്കണ്ട ലക്ഷ്യങ്ങളൊക്കെയും മറികടന്നുകൊണ്ടുള്ള കുതിപ്പിനാണ് കാൽനൂറ്റാണ്ട് സാക്ഷ്യംവഹിച്ചത്. കേവലം ദാരിദ്ര്യനിർമാർജന പദ്ധതിയെന്നതിലുപരി സംസ്ഥാനത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലാകെ അവഗണിക്കാനാവാത്ത സാന്നിധ്യമായി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞു. 46 ലക്ഷത്തിലധികം അംഗങ്ങളുള്ള, ഏഷ്യയിലെത്തന്നെ ഏറ്റവുംവലിയ സംഘടനയിലേക്കുള്ള വളർച്ച കേരളത്തിലെ സ്ത്രീകൾക്ക് അഭിമാനിക്കാൻ വകനൽകുന്നു.
കാര്യക്ഷമമായ മൈക്രോഫിനാൻസ് സംവിധാനത്തെ വളർത്തിയെടുക്കാൻ കഴിഞ്ഞുവെന്നതാണ് ഈ നേട്ടത്തിൽ ഏറ്റവും നിർണായകമായത്. സമ്പാദ്യവും വായ്പയുമടക്കമുള്ള ബാങ്കിടപാടുകളും പുരുഷന്മാരുടെമാത്രം വിഷയമായിക്കണ്ടുപോന്ന ലക്ഷക്കണക്കിനു സ്ത്രീകളാണ് സാമ്പത്തിക ശാക്തീകരണത്തിൽ കണ്ണികളായത്. എണ്ണായിരം കോടിയിലേറെ രൂപയുടെ സമ്പാദ്യമാണ് മൂന്നുലക്ഷത്തോളം വരുന്ന അയൽക്കൂട്ടങ്ങൾക്കായുള്ളത്. 24,000 കോടിയോളം രൂപയുടെ ആഭ്യന്തര വായ്പയും 26,000 കോടിയോളം രൂപയുടെ ബാങ്കുവായ്പയുംവഴി പണമിടപാടുരംഗത്ത് സ്ത്രീകൾ അവഗണിക്കാനാവാത്ത സാന്നിധ്യമായി. പണത്തിന്റെ കൈകാര്യകർത്താക്കളെന്ന നിലയിൽ കുടുംബബജറ്റിന്റെ ആസൂത്രണത്തിൽ സ്ത്രീകൾക്ക് മുൻകാലങ്ങളെക്കാൾ പരിഗണന ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പൊതുയിടങ്ങളിലെ സ്ത്രീസാന്നിധ്യം കുത്തനെ കൂടിയെന്നതാണ് മറ്റൊരു നേട്ടം. നാട്ടിലെ ആഘോഷങ്ങൾ, സാംസ്കാരിക പരിപാടികൾ, പ്രകടനങ്ങൾ, പൊതുയോഗങ്ങൾ എന്നുതുടങ്ങി എവിടെയും വലിയ സ്ത്രീക്കൂട്ടങ്ങൾതന്നെ ഇന്ന് ദൃശ്യമാണ്. എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന്റെ ശേഷി പ്രളയത്തിന്റെയും മഹാമാരിയുടെയും നാളുകളിൽ കേരളം കണ്ടതാണ്.
ആരാധനാലയങ്ങളിലും വിവാഹങ്ങളിലുംമാത്രം കൂട്ടമായെത്തിയിരുന്ന സ്ത്രീകളിന്ന് ഗ്രാമസഭകളിലേക്കും ഒഴുകിവരുന്നു. നാടിന്റെ വികസനപദ്ധതികളെക്കുറിച്ച് അഭിപ്രായം പറയാനും ഇടപെടാനും ഇന്നവർക്ക് ആത്മവിശ്വാസമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും അധ്യക്ഷരുമൊക്കെയായി മാറിയ ബഹുഭൂരിപക്ഷം സ്ത്രീകളുടെയും പരിശീലനക്കളരി കുടുംബശ്രീയാണ്. വോട്ടുചെയ്തുപോകുക എന്നതിനപ്പുറം തിരഞ്ഞെടുപ്പിന്റെ എല്ലാഘട്ടങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം കണ്ടുതുടങ്ങി. വോട്ടുബാങ്ക് എന്ന നിലയിലുള്ള പ്രാധാന്യം തിരിച്ചറിയപ്പെട്ടതോടെ പ്രകടനപത്രികകളിലും ബജറ്റുകളിലും കുടുംബശ്രീക്ക് ഇടം ലഭിച്ചുകഴിഞ്ഞു. അക്രമവും അവഗണനയും നേരിടുന്ന സ്ത്രീകൾക്കു പിന്തുണാസംവിധാനമൊരുക്കിയും ജെൻഡർ അവബോധപരിപാടികളാസൂത്രണം ചെയ്തും തുല്യനീതി ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾക്കും കുടുംബശ്രീ കരുത്തുപകരുന്നു. യാത്രകൾ, നാടകസംഘങ്ങൾ, കലാമേളകൾ തുടങ്ങിയവ സംഘടിപ്പിച്ച് ആനന്ദത്തിന്റെ വഴികളന്വേഷിക്കാൻ സംഘബോധം സ്ത്രീകൾക്ക് ധൈര്യംപകരുകയാണ്.
25 വർഷമെന്ന നിർണായക ഘട്ടത്തിലെത്തിനിൽക്കുമ്പോൾ മുന്നോട്ടുള്ള വഴിയെന്തെന്ന ആലോചനകൾക്കും അന്വേഷണങ്ങൾക്കും പ്രസക്തിയുണ്ട്. വായ്പയ്ക്ക് ആനുപാതികമായി വരുമാനവർധന ഉറപ്പുവരുത്തുന്നതിലാവണം ഇനിയുള്ള ഊന്നൽ. വായ്പ തിരിച്ചടയ്ക്കാനാവശ്യമായ വരുമാനമുണ്ടാക്കാൻ തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലെങ്കിൽ വലിയ അപകടമാണ് കാത്തിരിക്കുന്നത്. ഷീ സ്റ്റാർട്ട്‌സ് എന്ന പേരിൽ പ്രൊഫഷണലുകളായ യുവതികളുടെ നേതൃത്വത്തിൽ സംരംഭങ്ങളാരംഭിക്കാനുള്ള തയ്യാറെടുപ്പ് ശ്ലാഘനീയമാണ്. ഉത്പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പുവരുത്താൻ ഇതിനകംതന്നെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തിത്തുടങ്ങിയിട്ടുണ്ടെങ്കിലും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണം. രാഷ്ട്രീയപ്പാർട്ടികളുടെ പൂർണ ഇടപെടലിലും നിയന്ത്രണത്തിലും നടക്കുന്ന തിരഞ്ഞെടുപ്പു സംവിധാനങ്ങളിലും തിരുത്തലുകൾ ആവശ്യമുണ്ട്. സ്ത്രീകൾക്കായി നിശ്ചയിക്കപ്പെട്ട പാചകം, ശുചീകരണം, സാന്ത്വനപരിപാലനം തുടങ്ങിയ വാർപ്പുമാതൃകയിലുള്ള തൊഴിലുകളാണ് കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടുന്നതെന്ന വിമർശനവും പരിഗണിക്കണം. ഏതു ബൃഹത് പദ്ധതിക്കുമുള്ള ചെറിയ ന്യൂനതകളായി ഇവയെ അവഗണിക്കാമെങ്കിലും മികച്ച സർക്കാർ സാമൂഹികപങ്കാളിത്ത മാതൃകയെന്ന നിലയിൽ മറ്റു സംസ്ഥാനങ്ങളും കുടുംബശ്രീയെ കടംകൊണ്ട സാഹചര്യത്തിൽ കേരളത്തിന്റെ ഉത്തരവാദിത്വമേറുകയാണ്. 25 വർഷത്തിനിടെയുണ്ടായ നേട്ടങ്ങളിൽ അഭിമാനിക്കുമ്പോൾത്തന്നെ ഭാവി വിഭാവനം ചെയ്യാനുള്ള ഗൗരവമേറിയ ആലോചനകൾ നടക്കേണ്ടതുമുണ്ട്.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..