.
കേവലം പഠനകേന്ദ്രങ്ങൾ മാത്രമല്ല, ഒരു വ്യക്തിയുടെ രാഷ്ട്രീയ-സാമൂഹിക പൊതുബോധത്തെ പാകപ്പെടുത്തിയെടുക്കേണ്ട ഇടംകൂടിയാണ് കലാലയങ്ങൾ. അതിനുള്ള അവസരമൊരുക്കേണ്ട ചുമതല വിദ്യാർഥിസംഘടനകളുടേതും. എന്നാൽ, സകല ജനാധിപത്യമര്യാദകളും ലംഘിക്കുന്ന നടപടിയാണ് തിരുവനന്തപുരത്തെ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടത്തിയ ‘ആൾമാറാട്ട’ത്തിലൂടെയുണ്ടായത്. സർവകലാശാലാ യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച പെൺകുട്ടിയുടെ പേര് വെട്ടിമാറ്റി പകരം തിരഞ്ഞെടുപ്പിൽ മത്സരിക്കുകപോലും ചെയ്യാത്ത എസ്.എഫ്.ഐ. നേതാവിന്റെ പേര് സർവകലാശാലയ്ക്ക് സമർപ്പിച്ചുവെന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. നിയമപരമല്ലെന്ന് പൂർണബോധ്യമുണ്ടായിട്ടും മത്സരിക്കാത്ത വിദ്യാർഥിയുടെ പേര് സർവകലാശാലയ്ക്ക് നൽകിയ കോളേജ് പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ചയും. ഇത്രയേറെ അനുഭവസമ്പത്തുള്ള ഒരധ്യാപകന് സർവകലാശാലാ നിയമങ്ങളെക്കുറിച്ച് ബോധ്യമില്ലെന്നത് വിശ്വസനീയമല്ല.
യു.യു.സി. സ്ഥാനത്തേക്ക് വിജയിച്ച വിദ്യാർഥിനി രാജിസന്നദ്ധത അറിയിച്ചതോടെയാണ് ഒന്നാംവർഷ വിദ്യാർഥിയായ എ. വിശാഖിനെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും സാങ്കേതികപ്പിഴവുമാത്രമാണിതെന്നുമാണ് പ്രിൻസിപ്പലും കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റും പറയുന്ന വാദം. എന്നാൽ, ഡിസംബറിൽ തിരഞ്ഞെടുപ്പ് നടന്നിട്ടും വിജയിച്ച വിദ്യാർഥിനി ഇതുവരെ രാജി ഔദ്യോഗികമായി സമർപ്പിച്ചിട്ടുപോലുമില്ല. സംഭവം വിവാദമായതോടെ കാട്ടാക്കട ഏരിയാ സെക്രട്ടറികൂടിയായ വിശാഖിനെ ഭാരവാഹിത്വത്തിൽനിന്ന് എസ്.എഫ്.ഐ. പുറത്താക്കിയിട്ടുണ്ട്. പട്ടികയിൽ തന്റെ പേരുണ്ടെന്നറിഞ്ഞിട്ടും അത് തിരുത്തുകയോ ഉത്തരവാദപ്പെട്ടവരെ അറിയിക്കുകയോ വിശാഖ് ചെയ്തില്ലെന്നാണ് എസ്.എഫ്.ഐ. പറയുന്നത്. എന്നാൽ, വിശാഖിൽമാത്രം കുറ്റംചാർത്തിക്കൊണ്ട് ഈ വിഷയത്തിൽനിന്ന് കൈകഴുകാനാവില്ല. പട്ടികയിൽ യുവനേതാവിന്റെ പേര് തിരുകിക്കയറ്റിയത് മുതിർന്ന നേതാക്കളുടെ അറിവോടെയാണ് എന്നാണ് ആരോപണം. അരനൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള, പോരാട്ടങ്ങളുടെ വലിയ ചരിത്രംതന്നെയുള്ള ഒരു വിദ്യാർഥി പ്രസ്ഥാനത്തിൽനിന്ന് ഇത്തരം വീഴ്ചകളുണ്ടാവുന്നത് ഖേദകരമാണ്. കലാലയങ്ങളിൽ രാഷ്ട്രീയംവേണ്ടെന്ന് ഒരുവിഭാഗം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ഓരോ ഇടപെടലും ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് മറക്കരുത്.
വിദ്യാർഥിരാഷ്ട്രീയം അതിന്റെ അന്തഃസത്ത മറന്നുകൊണ്ട് മാതൃസംഘടനകളുടെ ചട്ടുകം മാത്രമായി മാറുന്നുവെന്ന പരാതി ഏറെനാളായി ഉയരാൻ തുടങ്ങിയിട്ട്. തങ്ങളുടെ കുത്തകയായ കലാലയങ്ങളിൽ മറ്റ് രാഷ്ട്രീയപ്പാർട്ടികൾക്ക് പ്രവർത്തനാനുമതി നിഷേധിക്കുകയും ചോദ്യംചെയ്യുന്നവരെ കായികമായി നേരിടുകയും ചെയ്യുന്ന വിദ്യാർഥിപ്രസ്ഥാനങ്ങളുടെ നടപടികൾ മുമ്പ് പലവട്ടം ചർച്ചയായിട്ടുള്ളതാണ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയാടിസ്ഥാനത്തിൽ തിരിമറി നടത്തുന്ന ആദ്യത്തെ സംഭവമല്ല ഇത്. കാട്ടാക്കട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് കോളേജുകളിലെ തിരഞ്ഞെടുപ്പുകളും സൂക്ഷ്മമായി പരിശോധിക്കാൻ, വൈകിയെങ്കിലും ഉത്തരവിട്ട സർവകലാശാലയുടെ നടപടി സ്വാഗതാർഹമാണ്. ആരോപണം നേരിടുന്ന കോളേജിലെ തിരഞ്ഞെടുപ്പ് പൂർണമായും റദ്ദാക്കി പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നതാണ് മാതൃകാപരമായ നടപടി. അതോടൊപ്പം സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ സർവകലാശാലയും എസ്.എഫ്.ഐ.യുടെയും സി.പി.എമ്മിന്റെയും നേതൃത്വങ്ങളും തയ്യാറാകണം. കലാലയരാഷ്ട്രീയം കുട്ടിക്കളിയല്ലെന്നും കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകൾ ജനാധിപത്യപ്രക്രിയയുടെ ഭാഗം തന്നെയാണെന്നുമുള്ള ബോധം വിദ്യാർഥികൾക്കുമുണ്ടാകണം.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..