.
സ്വാഭിമാനത്തിനും സുരക്ഷിതത്വത്തിനും ആത്മധൈര്യത്തിന്റെ പേരിടാനും അത് ലോകത്തിന് കാണിച്ചുകൊടുക്കാനും നമ്മുടെ പെൺകുട്ടികൾ ഒരുങ്ങിക്കഴിഞ്ഞതിന്റെ സൂചനകളാണ് കൺമുന്നിൽ. അവൾ അവളുടെതന്നെ കാവൽക്കാരിയാവുന്നതിന്റെ കാഴ്ചകൾ. മിടുക്കിയായ ഒരു പെൺകുട്ടി, നന്ദിത, ബസിൽവെച്ച് നഗ്നതാ പ്രദർശനത്തിനു മുതിർന്നവനെ കൈകാര്യംചെയ്ത് അതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത് വ്യാഴാഴ്ചയാണ്. കേരളം ആ വാർത്തകണ്ട് എഴുന്നേറ്റുനിന്നു കൈയടിച്ചു. ഈ നാട്ടിലെ ഓരോ പെൺകുട്ടിയും പുതിയൊരുപാഠം മനസ്സിലെടുത്തുവെച്ചു.
സാമൂഹികജീവിതത്തിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ ചെറുതല്ല. ബലാത്സംഗംമുതൽ ഭയപ്പെടുത്തൽവരെ എന്തും. കാലാകാലങ്ങളിൽ നമ്മൾ ഈ ക്രൂരതയ്ക്കുള്ള ഉത്തരം തിരഞ്ഞിട്ടുണ്ട്. പെൺകുട്ടികൾ ആയോധനകലകൾ അഭ്യസിക്കുന്നതുമുതൽ പെപ്പർ സ്‌പ്രേയും സേഫ്റ്റിപിന്നുംവരെയുള്ള പരിഹാരക്രിയകൾ ചെയ്തുനോക്കിയിട്ടുമുണ്ട്. പക്ഷേ പുറത്ത്, പലപ്പോഴും അകത്തും വേട്ടമൃഗങ്ങൾ ഉണർന്നുതന്നെയിരിക്കുന്നു.
യാത്രയിൽ, ഒറ്റപ്പെട്ട ഇടങ്ങളിൽ, സ്വന്തം ശരീരം നഗ്നമാക്കി സ്ത്രീയെ കാണിക്കാൻ വ്യഗ്രതപ്പെടുന്ന വികൃതമനസ്സുപേറുന്നവർ എപ്പോഴുമുണ്ട്. ബസിൽ കയറിയാൽ സ്ത്രീകളെ തോണ്ടാനും പിടിക്കാനും അശ്ലീലച്ചുവയോടെ സംസാരിക്കാനും തുറിച്ചുനോക്കിക്കൊണ്ടേയിരിക്കാനും മുതിരുന്നവരും അതേ തരക്കാർതന്നെ. അറച്ചും മുഖംതിരിച്ചും അവഗണിച്ചും കടന്നുപോകേണ്ടിവരുന്നു സ്ത്രീകൾ. പ്രതികരിക്കുന്ന സ്ത്രീകൾ ചിലപ്പോൾ പ്രതികളാവുന്നു. ഇരയാക്കപ്പെടുന്നവൾ ഒറ്റപ്പെടുമ്പോൾ ചിലർ പുറംകാഴ്ചകളിലേക്ക് മുഖംതിരിച്ചിരിക്കും. സ്ത്രീകളെ അവഹേളിക്കുന്നവരെ പരസ്യവിചാരണ ചെയ്യുന്നതിലാണ് മലയാളി ഏറ്റവും നിസ്സംഗത കാണിച്ചത് എന്നു പറയേണ്ടിവരും.
നഗ്നതാപ്രദർശകരെ ഭയന്ന് വഴികളുപേക്ഷിച്ചവരുണ്ട്. അശ്ലീല വർത്തമാനങ്ങളോട് കാതുപൊത്തി പാതിവഴിയിൽനിന്ന് മടങ്ങിയവരുണ്ട്. സുരക്ഷിതത്വമില്ലായ്മയിൽ മനംമടുത്ത് യാത്രകളവസാനിപ്പിച്ചവരുണ്ട്. അമർത്തിയ ഒരു നോട്ടംമതി ചില ഞരമ്പുരോഗികളെ അടക്കിനിർത്താൻ. അറ്റവും മൂർച്ചയുമുള്ള ഒരു വാക്കുമതി ചിലരെ അറുത്തുമുറിച്ചിടാൻ. പക്ഷേ, അതു പ്രയോഗിക്കാൻ എളുപ്പമായിരുന്നില്ല. തെറ്റുചെയ്യുന്നവനുമുന്നിൽ സ്ത്രീകളുടെ ശരികൾ വേണ്ടത്ര മതിക്കപ്പെട്ടിട്ടില്ല. പൊതു ഇടങ്ങളിൽ ആ ശരി പിന്തുണയ്ക്കപ്പെട്ടതുമില്ല. ആ ആധിയാണ് അവരുടെ വഴിമുടക്കിയത്.
തന്റേതല്ലാത്ത തെറ്റിനാൽ തന്റേതായ ഇടങ്ങൾ ഉപേക്ഷിക്കേണ്ടിവന്നവളാണ് സ്ത്രീ. സ്വയം അടച്ചിട്ട് സുരക്ഷിതയാകാൻ സ്ത്രീയെ നിർബന്ധിതയാക്കിയതിനുപിന്നിൽ ഈ കാരണങ്ങളെല്ലാമുണ്ട്. ഒരൊറ്റ ദിവസംകൊണ്ട് ഇതെല്ലാം അങ്ങനെയല്ലാതായി മാറുമെന്ന് കരുതാനുംവയ്യ. എന്നാൽ, ആണിനൊപ്പം പുറംലോകത്തെയറിഞ്ഞ് ജീവിക്കേണ്ടവളാണ് സ്ത്രീയും. അവളെ തടസ്സപ്പെടുത്താൻ ആർക്കവകാശം? അപമര്യാദയായി പെരുമാറുന്നവനും അനാശാസ്യത്തിന് മുതിരുന്നവനും സ്ത്രീയുടെ സ്വൈരജീവിതത്തിന് വിലയിട്ടുകൊണ്ടിരിക്കുകയായിരുന്നു ഇതുവരെ. എന്നാൽ, നിശ്ശബ്ദമാക്കാനാവാത്ത ചില ശബ്ദങ്ങൾ, ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുകയാണ്. അതിന്റെ മാറ്റൊലികളെപ്പോലും മായ്ച്ചുകളയാനാവില്ല. അവൾക്കുവേണ്ടി ചോദിക്കാനും പറയാനും അവൾതന്നെ മതിയാവുന്നു. ചില മുന്നേറ്റങ്ങൾക്ക് നമ്മൾ സ്വയം മുനകൂർപ്പിക്കേണ്ടിവരും. അതാണ് പാടത്തുചെയ്ത പണിക്ക് വരന്പത്തുവെച്ചുതന്നെ കൂലിനൽകി നന്ദിത നൽകിയ പാഠം. അവൾ സ്വയം ഒളിപ്പിച്ചുവെച്ചില്ല. ഇരയാക്കപ്പെടുന്നവൾ ഒളിച്ചുജീവിക്കേണ്ടിവരുന്ന പഴമയെ അവൾ പൊളിച്ചെഴുതി. ചരിത്രത്തെ ഇങ്ങനെയും മാറ്റിയെഴുതാമെന്ന വലിയ പാഠം നിർമിച്ചു. എല്ലാ പെൺകുട്ടികളും നന്ദിതയായിക്കൊള്ളണമെന്നില്ല. എന്നാൽ, നന്ദിത നടന്നത് ഈ നാട്ടിലെ പെണ്ണുങ്ങൾക്കായി പുതിയകാലം തുറന്നിട്ട വഴിയിലൂടെയാണ്. ആ വഴിയിൽ ഓരോ പെൺകുട്ടിയും സ്വന്തം കാലടികൾ പതിപ്പിക്കണം.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..