.
രാജ്യത്ത് വിനിമയത്തിലുള്ള ഏറ്റവും മൂല്യംകൂടിയ കറൻസിയായ 2000 രൂപ നോട്ടുകൾ ആർ.ബി.ഐ. പിൻവലിക്കുകയാണ്. ഇവ കൈവശമുണ്ടെങ്കിൽ 2023 സെപ്റ്റംബർ 30-നകം ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യണമെന്നാണ് നിർദേശം. നിയമപ്രാബല്യം തുടരുമെന്നതിനാൽ തുടർന്നും ഇടപാടുകൾക്ക് ഉപയോഗിക്കാനാകുമെന്നത് സാധാരണക്കാർക്ക് ആശ്വാസം പകരുന്നതാണ്. എങ്കിലും അത് എത്രകാലം തുടരാനാകുമെന്നതിൽ ആശങ്കയുണ്ട്. 2016 നവംബർ എട്ടിന് അഞ്ഞൂറ്, ആയിരം രൂപ നോട്ടുകൾ അസാധുവാക്കിയിരുന്നു. അവ പിന്നീട് ഉപയോഗിക്കാനേ കഴിയുമായിരുന്നില്ല. മുന്നൊരുക്കം കൂടാതെ നടത്തിയ നടപടി വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കറൻസി ലഭ്യത കുത്തനെ ഇടിഞ്ഞു. പ്രശ്നം വേഗത്തിൽ പരിഹരിക്കാനുള്ള താത്കാലികസംവിധാനമായാണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്. പിന്നീട് പുതിയ 500 രൂപ നോട്ടുകൾ വിപണിയിലെത്തിച്ചു. വിനിമയത്തിലുള്ള കറൻസിയുടെ അളവു കൂടിവന്നതോടെ സാവകാശം 2000 രൂപ നോട്ടുകളുടെ അച്ചടി കുറച്ചിരുന്നു. 2018-19 സാമ്പത്തിക വർഷം അച്ചടിതന്നെ നിർത്തി. ഇപ്പോൾ വിപണിയിലുള്ള 2000 രൂപ നോട്ടുകളിലധികവും 2017 മാർച്ചിനുമുമ്പ് ഇറക്കിയതാണെന്ന് ആർ.ബി.ഐ. പറയുന്നു. ബാങ്കുകൾ വഴിയും എ.ടി.എമ്മുകൾ വഴിയും ഇവയുടെ വിതരണം അപ്രഖ്യാപിതമായി നിയന്ത്രിച്ചിരുന്നു.
നിയമപ്രാബല്യം തുടരുമെങ്കിലും എത്രയുംവേഗം മാറിയെടുക്കാനാണ് ആർ.ബി.ഐ. പറയുന്നത്. പിന്നീടുണ്ടാകുന്ന പ്രതിസന്ധികൾ ഇതിലൂടെ ഒഴിവാക്കാനാവും. വിനിമയത്തിലുള്ള 34.88 ലക്ഷം കോടി രൂപയുടെ കറൻസികളിൽ 3.62 ലക്ഷം കോടിയുടേതുമാത്രമാണ് 2000 രൂപയുടെ നോട്ടുകൾ. അതായത്, മൊത്തം കറൻസികളുടെ മൂല്യമെടുത്താൽ 10.8 ശതമാനംമാത്രം. അതുകൊണ്ട്, 2016 കാലത്തെ നോട്ടസാധുവാക്കൽ തീരുമാനത്തിന്റെയത്ര രൂക്ഷമായ പ്രശ്നങ്ങൾ സമൂഹത്തിലിതുണ്ടാക്കില്ല. അതേസമയം, ബാങ്കുകളിൽപ്പോയി ഇവ നിക്ഷേപിക്കുകയോ മാറിയെടുക്കുകയോ വേണമെന്നത് മുതിർന്നപൗരന്മാർക്കും ശാരീരികമായി അവശതകളുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കാനിടയുണ്ട്. ഇവർക്ക് അനുകൂലമായി ബാങ്കുകളിൽ സൗകര്യം ഉറപ്പാക്കാൻ നടപടിയുണ്ടാകണം. ആദ്യദിവസങ്ങളിൽ നോട്ടുകൾ മാറിയെടുക്കാൻ ബാങ്ക് ശാഖകളിൽ പതിവിലധികം തിരക്കുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതു ഫലപ്രദമായി പരിഹരിക്കാനും സംവിധാനമൊരുക്കണം.
മുഷിഞ്ഞതും നശിച്ചതുമായ നോട്ടുകൾ വിപണിയിൽനിന്ന് ഒഴിവാക്കുകയെന്നത് ആർ.ബി.ഐ.യുടെ നയമാണ്. ഒരുകാലത്ത് ഇന്ത്യൻ കറൻസിനോട്ടുകൾ മുഷിഞ്ഞുനാറിയിരിക്കുന്നതാണെന്നും കൈകൊണ്ടു തൊടാനാകില്ലെന്നും മറ്റും വിമർശനങ്ങളുയർന്നിരുന്നു. ഈ നയത്തിന്റെ പേരിലാണ് ഇപ്പോൾ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ കൂട്ടമായി തിരിച്ചേൽപ്പിക്കാൻ പറയുന്നത്. ഇതിലെ ആത്മാർഥത സംശയം ജനിപ്പിക്കുന്നതാണ്. സാധാരണ നാലുമുതൽ അഞ്ചുവർഷംവരെയാണ് നോട്ടുകൾക്ക് ആയുസ്സ് നിശ്ചയിച്ചിട്ടുള്ളത്. അപ്പോഴേക്കും ഇവ മുഷിയും. എന്നാൽ 2000 രൂപ നോട്ടുകളിൽ അഞ്ചുവർഷം പൂർത്തിയാവാത്തവയും ഉൾപ്പെടുന്നുണ്ട്. സാധാരണരീതിയിൽ ബാങ്കുകളിലേക്കു തിരിച്ചെത്തുന്ന 2000 രൂപ നോട്ടുകൾ വിനിമയത്തിൽനിന്നു നീക്കി ആർ.ബി.ഐ.ക്ക് ഇതു നടപ്പാക്കാമായിരുന്നു. ആയിരം രൂപയുടെ നോട്ടുകൾ വീണ്ടും വരുമോയെന്നതും ഉറ്റുനോക്കുന്നു. ഡിജിറ്റൽ ഇടപാടുകൾ കൂടിയ സാഹചര്യത്തിൽ ഉയർന്ന മൂല്യമുള്ള കറൻസികൾ വിപണിക്ക് ആവശ്യമില്ലതന്നെ. ഉയർന്നമൂല്യത്തിലുള്ള കള്ളനോട്ടുകൾ വഴി സാധാരണക്കാർക്കുണ്ടാകുന്ന നഷ്ടസാധ്യത കുറയ്ക്കാനും ഇതു സഹായിക്കും. 500 രൂപയുടെ നോട്ടുകൾതന്നെ ഇപ്പോഴത്തെ വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ മതിയായതാണ്.
2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് ചെറിയ സംരംഭകർക്കും കച്ചവടക്കാർക്കും അസംഘടിതമേഖലയിലുള്ളവർക്കും ബുദ്ധിമുട്ടുകളുണ്ടാക്കിയേക്കാം. ദൈനംദിന ഇടപാടുകൾക്ക് സൗകര്യപ്രദമായതിനാൽ ഇവർ 2000 രൂപ നോട്ടുകൾ കൈവശംവെച്ച് ഉപയോഗിച്ചുവരുന്നുണ്ട്. ഇവർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ പണം മാറ്റിയെടുക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യവും ഉയരുന്നു. ഇക്കാര്യത്തിൽ റിസർവ് ബാങ്കിന്റെ പരിഗണനയുണ്ടാകുമെന്നു പ്രതീക്ഷിക്കാം. നോട്ട് അസാധുവാക്കിയ സമയത്ത് ലക്ഷ്യമായി പറഞ്ഞിരുന്ന പലതും ഇനിയും നടപ്പായിട്ടില്ല. പുതുതായെത്തിച്ച നോട്ടുകളുടെ വ്യാജപതിപ്പ് ഇപ്പോഴും പഴയപടി വിപണിയിലുണ്ട്. കള്ളപ്പണമിടപാടുകളും തീവ്രവാദപ്രവർത്തനങ്ങളും ഇപ്പോഴും തുടരുന്നു. ഡിജിറ്റൽ ഇടപാടുകൾ കൂടിയതുമാത്രമാണ് എടുത്തുപറയാവുന്ന നേട്ടം.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..