ഫെഡറലിസത്തോടുള്ള വെല്ലുവിളി


2 min read
Read later
Print
Share

സർക്കാരിനെ നോക്കുകുത്തിയാക്കാനും കേന്ദ്രം തിരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെക്കൊണ്ട് ഭരണചക്രം ചലിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ജനാധിപത്യഭാവിക്ക് ദോഷംചെയ്യും

.

വൈവിധ്യങ്ങളുടെ സമന്വയമായ ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് ഫെഡറലിസം. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരം വിഭജിച്ചു നൽകിയിരിക്കുന്ന ഉദാത്ത മാതൃക. ജനാധിപത്യത്തിന്റെ ആ സൗന്ദര്യത്തിന് കളങ്കമുണ്ടാക്കുന്ന നടപടിയാണ് ഡൽഹിയുടെ അധികാരം പിടിക്കാൻ അർധരാത്രി ഓർഡിനൻസിറക്കിയതിലൂടെ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ഡൽഹിയിൽ സർവീസ് വിഷയങ്ങളിൽ നിയമനിർമാണത്തിനും ഭരണനിയന്ത്രണത്തിനുമുള്ള അവകാശം സംസ്ഥാന സർക്കാരിനാണെന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കു തൊട്ടുപിന്നാലെയാണ്, സംസ്ഥാനത്തെ ഉന്നത ഓഫീസർമാരുടെ നിയമനങ്ങളും സ്ഥലംമാറ്റവും തീരുമാനിക്കുന്നതിന് മൂന്നംഗസമിതിയെ നിയോഗിച്ചുകൊണ്ട് കേന്ദ്രം ഓർഡിനൻസിറക്കിയത്. അതും ആറാഴ്ചത്തെ വേനലവധിക്കായി സുപ്രീംകോടതി അടയ്ക്കുന്ന വെള്ളിയാഴ്ച അർധരാത്രിയിൽ. കേന്ദ്രസർക്കാരിന്റെ നടപടി സാങ്കേതികമായി കോടതിയലക്ഷ്യമെന്ന് വ്യാഖ്യാനിക്കാനാവില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്. എന്നാൽ, സംസ്ഥാനസർക്കാരിന് അനുകൂലമായ സുപ്രീംകോടതി വിധിയെ അട്ടിമറിക്കലാണ് തിരക്കിട്ട ഓർഡിനൻസ് നീക്കത്തിന്റെ ലക്ഷ്യമെന്നത് വ്യക്തം.

മുഖ്യമന്ത്രി, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരടങ്ങുന്ന നാഷണൽ കാപ്പിറ്റൽ സിവിൽ സർവീസ് അതോറിറ്റിയാണ് സംസ്ഥാനത്തെ എ-ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നാണ് നാഷണൽ കാപ്പിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) 2023 എന്നു പേരിട്ടിരിക്കുന്ന ഓർഡിനൻസിൽ പറയുന്നത്. ഇതിൽ മുഖ്യമന്ത്രിയൊഴികെയുള്ള രണ്ടംഗങ്ങളെയും കേന്ദ്രം നിയമിക്കുന്നതാകയാൽ ഓർഡിനൻസ് നിയമമായാൽ നിയമന വിഷയങ്ങളിൽ സംസ്ഥാനസർക്കാരിനെ മറികടന്ന് കേന്ദ്രം അവസാനവാക്കാകും. സർവീസ് വിഷയങ്ങളിൽ തങ്ങൾ നിയമിക്കുന്ന ​െലഫ്റ്റനന്റ് ഗവർണറുടേതാകും അന്തിമ തീരുമാനമെന്നതും ഓർഡിനൻസിലുണ്ട്. ഇതോടെ ഇക്കാര്യങ്ങളിലെ നിർണായകസ്വാധീനം കേന്ദ്രസർക്കാരിനാകും. അധികാരം ആർക്കെന്നതിനെച്ചൊല്ലി ഡൽഹിയിൽ കേന്ദ്രവും സംസ്ഥാന സർക്കാരും തർക്കം തുടങ്ങിയിട്ട് എട്ടുവർഷത്തോളമാകുന്നു. കേന്ദ്രം നിയമിക്കുന്ന ​െലഫ്റ്റനന്റ് ഗവർണർക്കാണോ ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിക്കാണോ കൂടുതൽ അധികാരം എന്നതാണ് തർക്കവിഷയം. 2016-ൽ കേന്ദ്രസർക്കാരിന് അനുകൂലമായിരുന്നു ഡൽഹി ഹൈക്കോടതിയുടെ വിധിയെങ്കിൽ 2019-ൽ സുപ്രീംകോടതിയുടെ ഡിവിഷൻ ബെഞ്ചും ഇപ്പോൾ ഭരണഘടനാ ബെഞ്ചും സംസ്ഥാന സർക്കാരിന് അനുകൂലമായാണ് വിധി പ്രസ്താവിച്ചത്. സുപ്രീംകോടതി വിധി മാനിക്കപ്പെടുകയെന്നതു തന്നെയാണ് ഇന്ത്യയെപ്പോലൊരു ജനാധിപത്യരാജ്യം കാട്ടേണ്ട മാതൃക.

സുപ്രീംകോടതി വിധി തൃപ്തികരമല്ലെങ്കിൽ പുനഃപരിശോധനാ ഹർജി നൽകാമെന്ന സാധ്യതയുണ്ടെന്നിരിക്കേ രാഷ്ട്രീയ താത്പര്യങ്ങൾമാത്രം മുന്നിൽക്കണ്ട് വിധി മറികടക്കാനുള്ള ഏതൊരു ശ്രമവും ജനാധിപത്യമര്യാദയുടെ ലംഘനമായി മാത്രമേ കാണാനാകൂ.രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശത്രുതാ മനോഭാവത്തോടെ മുന്നോട്ടുപോകുന്ന രീതി ഡൽഹിയുൾപ്പെടെ ചിലയിടങ്ങളിലെങ്കിലും തുടരുന്നുണ്ട്. രാഷ്ട്രീയമായി വിഭിന്നചേരികളിലാകാമെങ്കിലും രാജ്യതാത്പര്യങ്ങളെ മുൻനിർത്തി പരസ്പര ബഹുമാനത്തോടെ മുന്നോട്ടുപോകുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ ബന്ധമാണ് കഴിഞ്ഞകാലങ്ങളിലുടനീളം ഇന്ത്യ പിന്തുടർന്നു പോന്നിട്ടുള്ളത്. അതാണ് അഭികാമ്യവും.

രാജ്യതലസ്ഥാനമെന്ന നിലയിലും കേന്ദ്ര ഭരണപ്രദേശമെന്ന നിലയിലും ഡൽഹിയുടെ നിയന്ത്രണത്തിൽനിന്ന് കേന്ദ്രസർക്കാരിന് പൂർണമായി ഒഴിഞ്ഞുനിൽക്കാനാവില്ലെന്നത് ന്യായം തന്നെ. എന്നാൽ, അത്തരം ഇടപെടലുകൾ ഏതുവരെയാകാമെന്ന് ഭരണഘടനയിൽ വ്യക്തമാക്കുന്നുണ്ട്. അതിനെ മറികടന്ന് സംസ്ഥാനസർക്കാരിനെ അപ്രസക്തമാക്കിക്കൊണ്ട് ഭരണനിർവഹണത്തിൽക്കൂടി കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഫെഡറൽ തത്ത്വങ്ങളിലുള്ള പരസ്യമായ കടന്നുകയറ്റമാണ്. ജനാധിപത്യ സംവിധാനത്തിൽ, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനു തന്നെയാണ് മുൻതൂക്കം ലഭിക്കേണ്ടത്. അത്തരത്തിൽ ഒരു സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നോക്കുകുത്തിയാക്കാനും കേന്ദ്രം തിരഞ്ഞെടുക്കുന്ന ഉദ്യോഗസ്ഥവൃന്ദത്തെക്കൊണ്ട് ഭരണചക്രം ചലിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ജനാധിപത്യഭാവിക്ക് ദോഷംചെയ്യും. അതുകൊണ്ടുതന്നെ ഡൽഹി വിഷയത്തിൽ ആത്മവിമർശനത്തോടെയുള്ള വിലയിരുത്തൽ നടത്താനും ഇത്തരം നടപടികളിൽനിന്ന് പിന്തിരിയാനും കേന്ദ്ര സർക്കാർ തയ്യാറാകണം.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..