അഭിമാനതാരങ്ങൾ തോറ്റുകൂടാ


2 min read
Read later
Print
Share

കായികമേഖലയിലെ ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള പരാതികൾ നല്ലപങ്കും പുറംലോകമറിയുന്നില്ലെന്നതാണ് സത്യം

.

രാജ്യം പരമോന്നത കായികപുരസ്കാരമായ ഖേൽരത്നനൽകി ആദരിച്ച മൂന്നു കായികതാരങ്ങൾ നീതിക്കായി തെരുവിലിറങ്ങിയിട്ട് ഒരുമാസം പിന്നിടുകയാണ്. അന്താരാഷ്ട്ര മത്സരവേദികളിൽ ത്രിവർണപതാക ഉയർത്തി, രാജ്യത്തിന്റെ അഭിമാനമായി മാറിയ താരങ്ങളാണ് ഡൽഹിയിലെ പൊള്ളുന്ന വെയിലിലും തളരാതെ സമരപ്പന്തലിൽ തുടരുന്നത്. ഏഴു വനിതാഗുസ്തിതാരങ്ങൾ ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി. എം.പി.യുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ നൽകിയ ലൈംഗികപീഡനപരാതിയിൽ മാസങ്ങൾ പിന്നിട്ടിട്ടും നടപടിയുണ്ടാവാത്തതിനാലാണ് താരങ്ങൾക്ക് സമരത്തിനിറങ്ങേണ്ടിവന്നത്. ഫെഡറേഷൻറ ദേശീയ പ്രസിഡന്റിനു നേർക്കുതന്നെ ഇത്തരമൊരാരോപണമുയർന്നുവന്നത് അതിഗൗരവമാണെങ്കിലും ഞെട്ടിക്കുന്ന ലാഘവത്തോടെയാണ് ഡൽഹി പോലീസും കേന്ദ്ര കായികമന്ത്രാലയവും പരാതിയെ കണ്ടത്.

ബ്രിജ് ഭൂഷൺ ഫെഡറേഷൻ പ്രസിഡന്റായ 10 വർഷം തങ്ങൾനേരിട്ട ലൈംഗിക, കായിക, മാനസികാതിക്രമങ്ങളെക്കുറിച്ച് താരങ്ങൾ വെളിപ്പെടുത്തുമ്പോഴും അവരെ കേൾക്കാനോ വിശ്വസിക്കാനോ അധികൃതർ തയ്യാറാവുന്നില്ല. പകരം, പോലീസ് കൈയേറ്റമടക്കമുള്ള അങ്ങേയറ്റം അപമാനകരമായ അനുഭവമാണ് നേരിടേണ്ടിവന്നത്. ലൈംഗിക പീഡനാരോപണമുന്നയിച്ചുള്ള പരാതിയിൽ കേസെടുക്കാഞ്ഞതിനെത്തുടർന്ന് താരങ്ങൾക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. തുടർന്ന് പോക്സോ വകുപ്പുകളുൾപ്പെടെ ചേർത്തെടുത്ത കേസിൽ ദിവസങ്ങൾപിന്നിട്ടിട്ടും ഡൽഹി പോലീസ് തുടർനടപടികളെടുത്തിട്ടില്ല. കാലതാമസമില്ലാത്ത അറസ്റ്റ് ഉറപ്പുവരുത്തുന്ന പോക്സോ പോലുള്ള സംരക്ഷണ നിയമങ്ങളെപ്പോലും വെല്ലുവിളിച്ചാണ് രാജ്യതലസ്ഥാനത്തെ പോലീസ് പ്രവർത്തിക്കുന്നത് എന്നത് നീതിയിലുള്ള വിശ്വാസംതന്നെ നഷ്ടപ്പെടുത്തും. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നാല്പതോളം കേസിൽ പ്രതിയായ ഒരാളാണ് അധികാരത്തണലിൽ സുരക്ഷിതനായിരിക്കുന്നത്. ദേശീയ കായികമന്ത്രാലയത്തിന് ഏതാനുംവാര അകലത്തിരുന്ന് സമരംനടത്തുന്ന ഈ കായികതാരങ്ങളെ കേൾക്കാൻ ഉത്തരവാദപ്പെട്ടവരാരും എത്തിയില്ല. നീതിനിഷേധിക്കപ്പെടുന്ന, അതിക്രമത്തിനിരയാവുന്ന കായികതാരങ്ങൾക്ക് പ്രതീക്ഷയോടെ സമീപിക്കാനാവുന്ന ഏതു സംവിധാനമാണ് രാജ്യത്തുള്ളത് എന്ന ചോദ്യമാണ് ഈ അനുഭവങ്ങളൊക്കെയും ബാക്കിയാക്കുന്നത്.

കായികമേഖലയിലെ ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള പരാതികൾ നല്ലപങ്കും പുറംലോകമറിയുന്നില്ലെന്നതാണ് സത്യം. ഭീഷണിയെത്തുടർന്നുള്ള പേടിയും കായികഭാവിക്ക് തിരിച്ചടിയാവുമോയെന്ന ആശങ്കയും അധികാരകേന്ദ്രങ്ങളോട് ഏറ്റുമുട്ടുന്നതിനുള്ള ശേഷിയില്ലായ്മയുമൊക്കെ പീഡനങ്ങൾ നിശ്ശബ്ദമായി സഹിച്ചു മുന്നോട്ടുപോവുന്നതിനുള്ള കാരണങ്ങളാവുന്നു. ഒളിമ്പിക് താരങ്ങൾക്കുപോലുമുണ്ടാകുന്ന ദുരനുഭവം രാജ്യത്തെ കായികമേഖലയ്ക്കു നൽകുന്ന സന്ദേശമെന്തായിരിക്കുമെന്നതിനെക്കുറിച്ച് ഉത്തരവാദപ്പെട്ടവർ പരിശോധിക്കേണ്ടതുണ്ട്.

സമരം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തുന്നില്ലെങ്കിൽ കിർഗിസ്താനിലെ ബിഷ്‌കെക്കിൽ നടക്കുന്ന റാങ്കിങ് സീരീസ് ടൂർണമെന്റ് സമരരംഗത്തുള്ള താരങ്ങൾക്ക് നഷ്ടമാവും. നേരത്തേ സാഗ്രെബ്, അലക്സാൻഡ്രിയ റാങ്കിങ് സീരീസും സീനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പും ഇവർക്ക് നഷ്ടമായിരുന്നു. ഇവർ ഗോദയിൽ പൊരുതിനേടുന്ന വിജയങ്ങളൊന്നും വ്യക്തിപരമായ നേട്ടങ്ങൾ മാത്രമല്ലെന്നതിനാൽ ഈ നഷ്ടങ്ങൾ നിസ്സാരമല്ല. എതിരാളികളെ മലർത്തിയടിച്ചു വിജയക്കൊടിപാറിക്കുന്ന താരങ്ങൾ അവരുടെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ തോറ്റുപോയിക്കൂടാ. രാജ്യത്തിനുവേണ്ടി നാളെയും മെഡലുകൾ വാരിക്കൂട്ടാൻ അവർക്ക് ആത്മവിശ്വാസവും ധൈര്യവും പകരേണ്ടതുണ്ട്. പുതിയ പാർലമെന്റ്‌ മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന 28-ന് അസാധാരണമായൊരു സമരത്തിനാണ് രാജ്യം സാക്ഷ്യംവഹിക്കാൻ പോകുന്നത്. പതിനായിരക്കണക്കിനു സ്ത്രീകൾ താരങ്ങൾക്ക് പിന്തുണയുമായി പാർലമെന്റ് വളയുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിജ് ഭൂഷണെ 27-നകം അറസ്റ്റുചെയ്യണമെന്നും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നുമാണ് ആവശ്യം. ആ ദിനം ലോകമെങ്ങുമുള്ള മാധ്യമങ്ങളുടെ ശ്രദ്ധ ഇന്ത്യയിലേക്കുതിരിയുമെന്നതിൽ സംശയമില്ല. ഇനിയൊരു ദിവസംപോലും വൈകാതെ താരങ്ങളുടെ ആവശ്യം അംഗീകരിച്ച് രാജ്യത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ഭരണകർത്താക്കൾക്ക് ഉത്തരവാദിത്വമുണ്ട്.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..