.
ഉത്തരമലബാറിന്റെ വികസനക്കുതിപ്പിന് വർണച്ചിറകേകി പ്രവർത്തനം തുടങ്ങിയ കണ്ണൂർ വിമാനത്താവളത്തിന് ആ മുന്നേറ്റം നിലനിർത്താനാകുന്നില്ല. രാജ്യത്തെ ഏതൊരു ഗ്രീൻഫീൽഡ് വിമാനത്താവളത്തോടും കിടപിടിക്കുന്ന തലയെടുപ്പോടെയാണ് 2018 ഡിസംബർ ഒൻപതിന് പൊതുമേഖല-സ്വകാര്യ പങ്കാളിത്തമുള്ള കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡി(കിയാൽ)ന്റെ ഉടമസ്ഥതയിൽ വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്. തുടക്കത്തിൽ ആ മികവ് നിലനിർത്താനുമായി. 2021 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ ആദ്യ 10 വിമാനത്താവളങ്ങളിലൊന്നായി മാറിയതുതന്നെ ഇതിനു തെളിവ്. എന്നാൽ, പിന്നീട് തിരിച്ചടികളുടെ കാലമായിരുന്നു. സർവീസ് നടത്തിയിരുന്ന വിമാനക്കമ്പനികളിൽ ചിലത് പിൻവാങ്ങി. സർവീസുകൾ കുറച്ചു. വിദേശ വിമാനക്കമ്പനികളുടെ സർവീസിന് അനുമതി ലഭിച്ചില്ല. സർവീസുകൾ തത്‌കാലത്തേക്ക് നിർത്താനുള്ള ഗോ ഫസ്റ്റ് എയർലൈൻസിന്റെ തീരുമാനമാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്.
കടുത്ത സാമ്പത്തികപ്രതിസന്ധി കാരണമാണ് ഗോ ഫസ്റ്റ് എയർലൈൻ വിമാനസർവീസുകൾ നിർത്തിയത്. പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടിക്കായി എയർലൈൻ കമ്പനി നൽകിയ അപേക്ഷ ദേശീയ കമ്പനിനിയമ ട്രിബ്യൂണൽ അംഗീകരിച്ചിരിക്കയാണ്. ദുബായ്, അബുദാബി, മസ്‌കറ്റ്, ദമാം, കുവൈത്ത്, മുംബൈ എന്നിവിടങ്ങളിലേക്കാണ് ഗോ ഫസ്റ്റ് സർവീസ് നടത്തിയിരുന്നത്. പ്രവർത്തനം നിർത്തിയതോടെ കുവൈത്ത്, ദമാം, മുംബൈ എന്നിവിടങ്ങളിലേക്ക് കണ്ണൂരിൽനിന്ന് സർവീസേ ഇല്ലാതായി. തുടക്കത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ, ഗോ ഫസ്റ്റ് (മുൻപ് ഗോ എയർ), ഇൻഡിഗോ എന്നീ എയർലൈൻ കമ്പനികൾ കണ്ണൂരിൽനിന്ന് സർവീസ് നടത്തിയിരുന്നു. എയർ ഇന്ത്യയുടെ കണ്ണൂർ-ഡൽഹി സർവീസ് നവംബറിൽ നിർത്തി. സർവീസ് പുനരാരംഭിക്കുമെന്നു പറഞ്ഞതാണെങ്കിലും ഇനിയും നടപ്പായിട്ടില്ല. ഗോ ഫസ്റ്റ് നിലത്തിറങ്ങിയതോടെ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രം സർവീസ് നടത്തുന്ന വിമാനത്താവളമായി കണ്ണൂർ മാറി. ദോഹയിലേക്കുള്ളത് ഒഴിച്ചാൽ ഇൻഡിഗോയുടേതെല്ലാം ആഭ്യന്തര സർവീസുകളാണ്.
വിമാന സർവീസ് കുറയുന്നത് ‘കിയാലി’ന് മാത്രമല്ല യാത്രക്കാർക്കും തിരിച്ചടിയാണ്. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് പൊതുവേ ഉയർന്ന ടിക്കറ്റ് നിരക്കാണ് കണ്ണൂരിൽനിന്ന്. സീസണിൽ ഇത് കുത്തനെ കൂടുകയും ചെയ്യും. കാർഗോ കോംപ്ലക്സ് പ്രവർത്തനം തുടങ്ങി രണ്ടുവർഷം കഴിഞ്ഞിട്ടും ചരക്കുനീക്കത്തിലും കാര്യമായ വർധനയില്ല. വിമാനങ്ങളുടെ കുറവും ചരക്കുമാത്രം കൈകാര്യംചെയ്യുന്ന കാർഗോ വിമാനങ്ങൾ സർവീസ് നടത്താത്തതുമാണ് കാരണം. മാസം 300-400 ടൺ ചരക്കുമാത്രമാണ് കണ്ണൂരിൽനിന്ന് വിദേശത്തേക്ക് കയറ്റിയയക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽനിന്ന് ഒരുമാസമയക്കുന്ന ചരക്ക് ഇതിന്റെ പത്തിരട്ടിയിലധികമാണ്. വിമാനേതര വരുമാനം ലക്ഷ്യമിട്ട് വിമാനത്താവള പരിസരത്ത് ലക്ഷ്യമിട്ട പദ്ധതികളും തുടങ്ങാനായിട്ടില്ല.
പ്രവർത്തനം തുടങ്ങി നാലരവർഷമായെങ്കിലും വിദേശ വിമാനക്കമ്പനികൾക്ക് സർവീസിന് അനുമതിയില്ലാത്തതും കണ്ണൂരിന് തിരിച്ചടിയാണ്. വൈഡ് ബോഡി വിമാനങ്ങൾക്ക് സുഗമമായി സർവീസ് നടത്താവുന്ന 3050 മീറ്റർ റൺവേയും മറ്റ് അടിസ്ഥാനസൗകര്യങ്ങളുമെല്ലാം ഇവിടെയുണ്ട്. ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയിൽ കണ്ണൂരുമുണ്ട്. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് തുടങ്ങിയ വിദേശ വിമാനക്കമ്പനികൾ കണ്ണൂരിലേക്ക് സർവീസ് നടത്താൻ താത്പര്യമറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്തുന്നതിനുള്ള ‘പോയന്റ് ഓഫ് കോൾ’ പദവി കേന്ദ്രസർക്കാർ ഇനിയും കണ്ണൂരിന് അനുവദിച്ചിട്ടില്ല. പുതിയ വിമാനത്താവളങ്ങൾക്ക് ഈ പദവി നൽകേണ്ടെന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. ‘പോയന്റ് ഓഫ് കോൾ’ പദവി അനുവദിക്കുന്നില്ലെങ്കിൽ ‘കോഡ് ഷെയറിങ്’ എങ്കിലും അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കോഡ് ഷെയറിങ്ങിന് അനുമതി ലഭിച്ചാൽ കണ്ണൂരിൽനിന്ന് സർവീസ് നടത്തുന്ന എയർലൈനുകൾക്ക് മറ്റ് കമ്പനികളുമായുള്ള കരാറിലൂടെ വിദേശത്തേക്കുൾപ്പെടെ ടിക്കറ്റ് നൽകാനും കണക്‌ഷൻ ഫ്ലൈറ്റ് വഴി സർവീസ് ലഭ്യമാക്കാനുമാകും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ അനുമതി നേടിയെടുക്കാൻ സംസ്ഥാന സർക്കാരും എം.പി.മാരും ഒന്നിച്ചുശ്രമിക്കണം. 2350 കോടി രൂപ ചെലവിൽ നിർമിച്ച വിമാനത്താവളത്തിന്റെ പ്രതിവർഷ പ്രവർത്തനച്ചെലവ് ഏകദേശം 250 കോടി രൂപയാണ്. ബാങ്കുകളുടെ കൺസോർഷ്യം വഴിയുടെ 892 കോടി രൂപയുടെ വായ്പയുമുണ്ട്. ഇതിപ്പോൾ 1100 കോടിക്ക് മുകളിലായി. വരുമാനം കുറയുന്നത് വായ്പത്തിരിച്ചടവിനെയും വിമാനത്താവളത്തിന്റെ ദൈനംദിന പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കും. നാടിന്റെ വികസനത്തിൽ പ്രധാനപങ്കുവഹിക്കേണ്ട കണ്ണൂർ വിമാനത്താവളത്തെ ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ എല്ലാവരുടെയും കൂട്ടായശ്രമം ഉണ്ടായേതീരൂ.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..