തീയിൽ വെന്ത സത്യങ്ങൾ പുറത്തുവരണം


2 min read
Read later
Print
Share

തീപ്പിടിത്തത്തിന് കാരണമായത് ബ്ലീച്ചിങ് പൗഡറാണെന്ന് ബോധ്യമായിട്ടും വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്നുവേണം കരുതാൻ

.

ഒരാഴ്ചയ്ക്കിടെ രണ്ടിടത്താാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്നുസംഭരണകേന്ദ്രങ്ങളിൽ തീപ്പിടിത്തമുണ്ടായത്. കൊല്ലത്തെയും തിരുവനന്തപുരത്തെയും സംഭരണകേന്ദ്രങ്ങളിലായിരുന്നു വൻ തീപ്പിടിത്തം. കോടിക്കണക്കിന് രൂപയുടെ മരുന്നാണ് നശിച്ചത്. രണ്ടിടത്തും ബ്ലീച്ചിങ് പൗഡറാണ് വില്ലനായതെന്ന് അധികൃതർ പറയുന്നു. തിരുവനന്തപുരത്തെ സംഭരണകേന്ദ്രത്തിലെ തീയണയ്ക്കുന്നതിനിടെ അഗ്നിരക്ഷാസേനാംഗം ജെ.എസ്. രഞ്ജിത്ത് മരിച്ചത് തീരാത്ത വേദനയായി. മൂന്നരപ്പതിറ്റാണ്ടിനിടെ കേരളത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരിക്കുന്ന പതിമ്മൂന്നാമത്തെ അഗ്നിരക്ഷാ ഉദ്യോഗസ്ഥനാണ് രഞ്ജിത്.

സർക്കാർ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും വാങ്ങിനൽകാൻ രൂപവത്കരിച്ചതാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷനുകൾ. ഇവിടത്തെ തുടർച്ചയായ തീപ്പിടിത്തങ്ങൾ സംശയമുണർത്താൻ മറ്റുചില കാരണങ്ങൾകൂടിയുണ്ട്. ഏറെ വിവാദം സൃഷ്ടിച്ച ചില ഇടപാടുകൾ ഈ കോർപ്പറേഷൻവഴി നടന്നിരുന്നു. പി.പി.ഇ. കിറ്റ്, കോവിഡ് പ്രതിരോധസാമഗ്രികൾ, മാസ്ക് എന്നിവയെല്ലാം വിപണിവിലയെക്കാൾ മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയെന്നായിരുന്നു ആരോപണം. ഇതിനൊന്നും ടെൻഡർ ക്ഷണിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തലുകളുണ്ടായി. അതുമാത്രമല്ല, വിവാദം നിലനിൽക്കെത്തന്നെ ഇടപാടുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ കോർപ്പറേഷനിലെ കംപ്യൂട്ടറുകളിൽനിന്ന് നീക്കിയതായി കണ്ടെത്തി. അതോടെ സംഭവം കൂടുതൽ വിവാദമായി. ഇത് പിന്നീട് വീണ്ടെടുക്കുകയും രേഖകൾ നശിപ്പിച്ചയാളെ സസ്പെൻഡ്ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ, സംഭവത്തിന്റെ വസ്തുത തെളിയിക്കാൻ ഇതുവരെ അധികൃതർക്ക് കഴിഞ്ഞില്ല.

തീപ്പിടിച്ചത് ബ്ലീച്ചിങ് പൗഡറിനാണെങ്കിലും കത്തിനശിച്ചവയിൽ കാലാവധി കഴിഞ്ഞവയും കഴിയാത്തവയുമായ മരുന്നുകളുമുണ്ടായിരുന്നു. ഇവയൊക്കെ ഒരുമിച്ച് ഒരു സുരക്ഷാമാനദണ്ഡവും പാലിക്കാതെ സൂക്ഷിച്ചതെങ്ങനെയെന്ന ചോദ്യവും ഉയരുന്നു. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിടത്തുതന്നെ സ്പിരിറ്റും സാനിറ്റൈസറും പഞ്ഞിയുമെല്ലാം സൂക്ഷിച്ചിട്ടുണ്ട്. കൊല്ലത്ത് കഴിഞ്ഞ ബുധനാഴ്ചയുണ്ടായ തീപ്പിടിത്തത്തിന് കാരണമായത് ബ്ലീച്ചിങ് പൗഡറാണെന്ന് ബോധ്യമായിട്ടും മറ്റിടങ്ങളിൽ വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്നുവേണം കരുതാൻ. അതുകൊണ്ടാണ് തിരുവനന്തപുരത്ത് സമാനമായ രീതിയിൽ തീപ്പിടിത്തമുണ്ടായത്. ലക്ഷക്കണക്കിന് കിലോ ബ്ലീച്ചിങ് പൗഡറാണ് 13 സംഭരണകേന്ദ്രങ്ങളിലായി സൂക്ഷിച്ചിട്ടുള്ളത്. ഇവയ്ക്കൊന്നും ആവശ്യമായ സുരക്ഷാസംവിധാനങ്ങളില്ല. ഇത് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വേറെ. സംഭരണകേന്ദ്രത്തിന് അഗ്നിരക്ഷാസേനയുടെ അനുമതിയുണ്ടായിരുന്നില്ലെന്ന് ഡി.ജി.പി.തന്നെ പറയുന്നു. ചുരുക്കംപറഞ്ഞാൽ വീഴ്ചകളുടെ പരമ്പരയാണ് വെളിപ്പെടുന്നത്.

കൊല്ലത്തെ തീപ്പിടിത്തത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ലോകായുക്തയെ സമീപിക്കുകയും ലോകായുക്ത അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. ഒമ്പതുപേർക്ക് നോട്ടീസ് അയക്കുകയുംചെയ്തു. അടുത്തമാസം 15-ന് കേസ് വീണ്ടും പരിഗണിക്കും. ഇതിനിടയിലാണ് തിരുവനന്തപുരത്ത് ഒരാഴ്ചയുടെ ഇടവേളയിൽ തീപ്പിടിത്തമുണ്ടായതും പലവസ്തുക്കളും നശിച്ചതും. സ്വാഭാവികമായും ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയമുണ്ടാവും.

ഒന്നുകിൽ സംഭരണകേന്ദ്രങ്ങളുടെ പരിപാലനത്തിൽ ഗുരുതരമായ കൃത്യവിലോപമുണ്ട്. അല്ലെങ്കിൽ എന്തൊക്കെയോ മറയ്ക്കാൻ ആരൊക്കെയോ ശ്രമിക്കുന്നു. തീയിൽ എല്ലാ സത്യങ്ങളും വെന്തുപോകുമെന്ന് കരുതരുത്. ഒരു അഗ്നിരക്ഷാസേനാംഗത്തിന്റെ ജീവൻ ബലികൊടുക്കേണ്ടിവന്ന സംഭവത്തിന്റെ സത്യാവസ്ഥയറിയാൻ ജനത്തിന് അവകാശമുണ്ട്. തീപ്പിടിത്തത്തിലെ ദുരൂഹത നീക്കേണ്ടതുണ്ട്

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..