വീട്ടുജോലിക്കാർക്കും  അവകാശങ്ങളുണ്ട്


2 min read
Read later
Print
Share

നിയമനിർമാണത്തിനപ്പുറം ഇവ നടപ്പാക്കാൻ എത്രമാത്രം ആത്മാർഥത അധികൃതർ കാണിക്കുമെന്നത് കാത്തിരുന്നുതന്നെ കാണണം

.

സമൂഹത്തിൽ ഏറ്റവും അവഗണിക്കപ്പെടുന്ന തൊഴിൽമേഖലകളിലൊന്നാണ് വീട്ടുജോലി. സാമ്പത്തികമായും സാമൂഹികമായും പാർശ്വവത്കരിക്കപ്പെട്ട സ്ത്രീകളാണ് വീട്ടുജോലിയിലേർപ്പെടുന്നതിൽ ബഹുഭൂരിപക്ഷവുമെന്നതിനാൽ ചൂഷണവും മനുഷ്യാവകാശ ലംഘനങ്ങളും ഈ മേഖലയിൽ കൂടുതലാണ്. വീട്ടുജോലിക്കാർക്കും ഹോംനഴ്‌സിനും തൊഴിൽസുരക്ഷ ഉറപ്പാക്കാനുള്ള ബിൽ അടുത്ത നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കുന്നതോടെ കേരളം രാജ്യത്തിനുമുന്നിൽ മറ്റൊരു മാതൃകകൂടി മുന്നോട്ടുവെക്കുകയാണ്. ചൂഷണത്തിനെതിരേ ശബ്ദമുയർത്താനോ പരാതിപ്പെടാനോ ജീവിതസാഹചര്യം അനുവദിക്കാത്ത ലക്ഷക്കണക്കിനുപേർക്ക് ഈ ബിൽ അത്താണിയാവും. തൊഴിലാളിയെന്ന നിർവചനത്തിലേക്ക് വീട്ടുജോലിക്കാരെത്തുന്നു എന്നതാണ് ഏറ്റവുംവലിയ സവിശേഷത. വീട് തൊഴിലിടവും വീട്ടുടമസ്ഥർ തൊഴിലുടമയും ആകുന്നതോടെ തൊഴിലാളിയെന്ന നിലയിലുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പുവരുത്താനാകും. മിനിമം വേതനം ഉറപ്പാവുന്നതിനൊപ്പം ജീവിതസായന്തനത്തിൽ നിശ്ചിതതുക മാസംതോറും പെൻഷനായി കൈകളിലെത്തുമെന്നതും ഇവർക്ക് ആശ്വാസമാവും. സമൂഹത്തിൽ അങ്ങേയറ്റം പാർശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള ഈ നടപടി അഭിനന്ദനാർഹമാണ്.

വീട്ടുജോലിക്കാരെ ഏജൻസികളും തൊഴിലുടമകളും ചൂഷണംചെയ്യുന്നത് തടയുകയെന്നതാണ് ഡൊമസ്റ്റിക് വർക്കേഴ്‌സ്(റെഗുലേഷൻ ആൻഡ് വെൽഫയർ) ആക്ട് എന്ന കരടുബിൽ ലക്ഷ്യമിടുന്നത്. കൃത്യമായ രജിസ്‌ട്രേഷൻ നടപടികൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഏജൻസികളെ ബില്ലുപ്രകാരം നിലവിൽവരുന്ന ക്ഷേമബോർഡിന്റെ പരിധിയിൽ കൊണ്ടുവരുന്നതോടെ ഈ രംഗത്തെ ചൂഷണം ഒരു പരിധിവരെ ഇല്ലാതാവും. ഹോം നഴ്‌സുമാരായും വീട്ടുജോലിക്കാരായും ജോലിചെയ്യുന്ന സ്ത്രീകളുടെ വേതനത്തിൽനിന്ന് നല്ലൊരുശതമാനം തുക ഏജൻസികൾ കവർന്നെടുക്കാറുണ്ട്. തുടർന്നു ജോലികിട്ടാനുള്ള സാധ്യത ഇല്ലാതാവുമെന്ന ഭയത്താൽ പലരും ഇതംഗീകരിച്ചുകൊടുക്കാൻ നിർബന്ധിതരാവുന്നു. ഇനിമുതൽ തങ്ങൾക്കു കീഴിലുള്ള ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷമൊരുക്കാനും ഏജൻസികൾ ബാധ്യസ്ഥരാവും. തൊഴിൽസമയം, അവധി, ആനുകൂല്യം, വിശ്രമസൗകര്യം തുടങ്ങിയവയൊക്കെ തൊഴിൽക്കരാറിൽ വ്യവസ്ഥചെയ്യണം. അതേസമയം, ഈ ഏജൻസികളുടെ പ്രവർത്തനങ്ങൾ സ്ഥിരമായി നിരീക്ഷിക്കുന്നതിനായുള്ള സംവിധാനങ്ങളുണ്ടാവേണ്ടതുണ്ട്.

ജോലിചെയ്യുന്ന വീടുകളിൽനിന്ന് മാനസികാധിക്ഷേപങ്ങളും ശാരീരിക പീഡനങ്ങളുംവരെ ഏറ്റുവാങ്ങേണ്ടിവരുന്ന ജോലിക്കാർ ഏറെയുണ്ട്. സഹജീവിയെന്ന പരിഗണനപോലും നൽകാതെ അതികഠിനമായ ജോലികൾ ചെയ്യിക്കുന്നതും പതിവാണ്. പലപ്പോഴും കുടുംബത്തിന്റെ അത്താണികളായ സ്ത്രീകളാണ് ഈ തൊഴിൽമേഖലയിലേക്കുവരുന്നതെന്നതിനാലാണ് പലരും നിശ്ശബ്ദം സഹിച്ചുപോരുന്നത്. അസംഘടിത വിഭാഗമെന്ന നിലയിൽ തൊഴിലാളി യൂണിയനുകൾപോലും ഇവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനോ പരിഹരിക്കാനോ മുന്നോട്ടുവരാറില്ല. തൊഴിൽ പരിരക്ഷാ നിയമങ്ങളുടെ പിന്തുണയോടെ പരാതിപരിഹാരസംവിധാനമുണ്ടാവുന്നു എന്നത് ഈ പശ്ചാത്തലത്തിൽ പ്രധാനമാണ്. ഏജൻസിയോ തൊഴിലുടമയോ ഒരു സുപ്രഭാതത്തിൽ ഇറക്കിവിടുന്ന നിലവിലുള്ള സാഹചര്യത്തിന് ഇനി മാറ്റംവരും. അസിസ്റ്റന്റ് ലേബർ ഓഫീസറിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഇനി ഇവരുടെ പരാതി കേൾക്കാനുണ്ടാകും. തർക്കപരിഹാര കൗൺസിലും നിലവിൽവരും.

വിദ്യാഭ്യാസമോ സുരക്ഷിതത്വമോ തടസ്സപ്പെടുത്തരുത്, അനുവാദമില്ലാതെ മറ്റ് ജോലികൾ ചെയ്യിക്കരുത് തുടങ്ങി തൊഴിലാളിയെന്ന നിലയിലുള്ള ഒട്ടേറെ അവകാശങ്ങൾ ബിൽ ഉറപ്പുവരുത്തുന്നുണ്ട്. അതേസമയം, നിയമനിർമാണത്തിനപ്പുറം ഇവ നടപ്പാക്കാൻ എത്രമാത്രം ആത്മാർഥത അധികൃതർ കാണിക്കുമെന്നത് കാത്തിരുന്നുതന്നെ കാണണം. തങ്ങളുടെ സംരക്ഷണത്തിനായി ഇത്തരമൊരു നിയമമുണ്ട് എന്നുപോലും അറിയാനിടയില്ലാത്ത ഒട്ടേറെപ്പേർ വീട്ടുജോലിക്കാരായുണ്ടെന്ന വസ്തുത സർക്കാർ കാണേണ്ടതുണ്ട്. ഇവരെയെല്ലാം ക്ഷേമനിധി ബോർഡിനുകീഴിൽ രജിസ്റ്റർ ചെയ്യിക്കാനും നിയമസംരക്ഷണമൊരുക്കാനും അധികൃതർ മുൻകൈയെടുക്കണം. സ്വകാര്യമേഖലയിലെ ചൂഷണമൊഴിവാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കുടുംബശ്രീപോലുള്ള കൂട്ടായ്മകൾക്കും വീട്ടുജോലിക്കാരെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിയും. ഹോം നഴ്‌സിങ്, വീട്ടുജോലി തുടങ്ങിയ ജോലികൾ വിദേശരാജ്യങ്ങളിലെന്നപോലെ ഇവിടെയും ആത്മാഭിമാനത്തോടെ ചെയ്യാനുള്ള സാഹചര്യമുണ്ടാക്കിയാൽ വലിയതൊഴിലവസരമായി ഇൗ മേഖലയെ മാറ്റിയെടുക്കാം. അതിലേക്കുള്ള ആദ്യ ചുവടുവെപ്പായി പുതിയ ബിൽ മാറുമെന്നു പ്രതീക്ഷിക്കാം.

Content Highlights: editorial

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..