.
ഒരു എസ്.പി.യുടെ രണ്ട് ആൺമക്കളടക്കം പോലീസുദ്യോഗസ്ഥരുടെ മക്കൾപോലും ലഹരിക്കടിമകളായിട്ടുണ്ടെന്ന കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ വെളിപ്പെടുത്തൽ, നാം കുടുങ്ങിയ ലഹരിച്ചുഴിയുടെ ആഴം വെളിപ്പെടുത്തുന്നതാണ്. കണക്കുകൂട്ടലുകളെല്ലാം തകർത്ത് പുതിയ തലമുറയിൽ ലഹരിയുടെ വേര് ആണ്ടിറങ്ങിയിരിക്കുന്നു. പതിവു റെയ്ഡുകളും പരിശോധനകളും കൊണ്ടുമാത്രം ഇനി ഈ ശൃംഖലയെ തകർക്കാമെന്നു കരുതുന്നത് അബദ്ധമാണ്.കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുനടന്ന യാത്രയയപ്പുസമ്മേളനത്തിലാണ് കമ്മിഷണർ കെ. സേതുരാമൻ ഈ വെളിപ്പെടുത്തൽ നടത്തിയത്. പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിനകത്തുപോലും ഉദ്യോഗസ്ഥന്റെ മകൻ ലഹരിക്കടിമപ്പെട്ട് മരിച്ചു. പലജില്ലകളിൽനിന്നും ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലഹരിവേട്ട നടത്തുന്നവരുടെ കുടുംബത്തെപ്പോലും വേട്ടയാടാൻതക്ക കരുത്ത് തങ്ങൾക്കുണ്ടെന്ന വെല്ലുവിളിയാണ് ലഹരിമാഫിയ നടത്തുന്നത്. തീക്കട്ടയിൽ ഉറുമ്പരിക്കുന്നത് ഏറെ ഗൗരവകരമായി കാണേണ്ട വിഷയമാണ്. ലഹരിക്കടിമപ്പെട്ട് സമൂഹത്തിൽ നടക്കുന്ന അക്രമങ്ങളും നിരന്തരം പെരുകുകയാണ്. രണ്ടാഴ്ചമുമ്പാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു കൊണ്ടുവന്ന പ്രതിയായ അധ്യാപകൻ മദ്യലഹരിയിൽ വനിതാഡോക്ടറെ കുത്തിക്കൊന്നത്. പാലക്കാട്ട് തീവണ്ടിയിൽ സ്ത്രീകളെ ശല്യംചെയ്തത് ചോദ്യംചെയ്തയാളെ കുപ്പി പൊട്ടിച്ച് കുത്തിയതും ലഹരിക്കടിമപ്പെട്ട പ്രതിതന്നെ. കഴിഞ്ഞമാസം കണ്ണൂർ ധർമടത്ത് ജ്യേഷ്ഠനെ ലഹരിക്കടിമയായ അനുജൻ കുത്തിക്കൊന്നു. ലഹരിമാഫിയയും നാട്ടുകാരും തമ്മിൽ പലയിടത്തും ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്.
കേരളത്തിനു പുറത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന ചിലവിദ്യാർഥികളെയും ഏജന്റുമാരെയും ഉപയോഗിച്ച് എം.ഡി.എം.എ.യും കഞ്ചാവും അടക്കമുള്ള ലഹരിവസ്തുക്കൾ സംസ്ഥാനത്തേക്കൊഴുക്കുകയാണ്. ഇതിന്റെ ചെറിയൊരു ശതമാനം മാത്രമാണ് പിടിക്കപ്പെടുന്നത്. ഈ മാസമാദ്യം കൊച്ചി തീരത്തിനടുത്ത് പാകിസ്താന്റെ കപ്പലിൽനിന്ന് 15,000 കോടി രൂപയുടെ മെറ്റാംഫെറ്റമിൻ എന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ലഹരിക്കടത്തിന്റെ വിദേശബന്ധവും ഇവിടെ വെളിപ്പെടുകയാണ്. ഇതിനിടെ കേരളത്തിൽ മണിചെയിൻ രീതിയിൽ ലഹരിവിൽപ്പന നടക്കുന്നതായി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. വാങ്ങാൻ പണമില്ലെങ്കിലും പണമുള്ളവരെ ബന്ധപ്പെടുത്തിക്കൊടുത്താൽ ആവശ്യത്തിനുള്ള ലഹരിവസ്തുകിട്ടുന്ന സംവിധാനമാണിത്. ചുരുക്കംപറഞ്ഞാൽ ലഹരിയുടെ ഒരു വലിയ അഗ്നിപർവതത്തിനു മുകളിലാണ് ഇന്ന് കേരളം നിൽക്കുന്നത്. കഴിഞ്ഞവർഷം സംസ്ഥാന എക്സൈസ് വകുപ്പ് യുവാക്കളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഒരു സർവേ നടത്തി റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം വിവിധ ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ടവരിൽ 97 ശതമാനം പേരും ഒരുതവണയെങ്കിലും ലഹരിവസ്തു ഉപയോഗിച്ചിട്ടുണ്ട്. 82 ശതമാനം പേരും ഉപയോഗിച്ചത് കഞ്ചാവാണ്. 78 ശതമാനം പേർ പുകവലിയിലൂടെയാണ് ലഹരിയിലേക്കെത്തിയത്. 79 ശതമാനം പേർക്കും സുഹൃത്തുക്കൾ വഴിയാണ് ഇവ ലഭിക്കുന്നത്. പത്തിനും പതിനഞ്ചിനും ഇടയിലുള്ള പ്രായത്തിലാണ് 70 ശതമാനംപേരും ലഹരി ഉപയോഗം തുടങ്ങിയത്. നമുക്ക് എവിടെയാണ് പിഴച്ചതെന്ന് ഈ റിപ്പോർട്ടിലെ വിവരങ്ങൾതന്നെ കൃത്യമായ സൂചനനൽകുന്നുണ്ട്.
ഇനിയും കണ്ടില്ലെന്നു നടിച്ചാൽ നമുക്ക് നഷ്ടമാവുന്നത് ഒരു തലമുറയെയാവും. പോലീസും എക്സൈസും മാത്രം വിചാരിച്ചാൽ തടയാവുന്നതിനപ്പുറമാണ് ലഹരിമാഫിയയുടെ വ്യാപ്തി. എല്ലാ സംവിധാനങ്ങളെയും ഒരുമിച്ച് അണിനിരത്തി പ്രത്യേക കർമപദ്ധതിതന്നെ ആവിഷ്കരിക്കണം. രക്ഷിതാക്കൾക്കും യുവജനപ്രസ്ഥാനങ്ങൾക്കും പൊതുജനത്തിനും ഇതിൽ വലിയപങ്കുണ്ട്. വിദ്യാർഥികളെയും അവരെ വലയിലാക്കുന്നവരെയും നിരന്തരം നിരീക്ഷിക്കണം. കുട്ടികളിൽവരുന്ന ചെറിയ സ്വഭാവമാറ്റംപോലും അധികൃതരെ അറിയിക്കണം. പല ലഹരിക്കേസുകളുടെയും അന്വേഷണം പാതിവഴിയിൽ നിലയ്ക്കുകയാണ്. ലഹരിക്കടത്തിന്റെ ഉറവിടം കണ്ടെത്തി ഉന്മൂലനാശം ചെയ്യുകയാണ് പോംവഴി. പെറ്റിക്കേസുകൾക്കായി സമയം കളയാതെ പോലീസിന്റെ കൂടുതൽ സമയവും കർമശേഷിയും ഈ മേഖലയിൽ ഉപയോഗിക്കണം.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..