പുതിയ പാർലമെന്റ് മന്ദിരം മിഴിതുറക്കുമ്പോൾ


2 min read
Read later
Print
Share

ഉദ്ഘാടനം ചെയ്യേണ്ടത് ആരെന്ന വിഷയത്തിൽ ചടങ്ങുകൾ വിവാദത്തിലാഴാൻ പാടില്ലായിരുന്നു

.

ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം ഞായറാഴ്ച സമർപ്പിതമാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മന്ദിരം ഉദ്ഘാടനം ചെയ്യും. നിലവിലെ വൃത്താകൃതിയിലുള്ള മന്ദിരത്തിന്റെ സ്ഥലപരിമിതിയും കുറവുകളും പരിഹരിക്കുന്നതാണ് ത്രികോണാകൃതിയിലുള്ള പുതിയ ബൃഹത്തായ മന്ദിരം. രാഷ്ട്രപതിഭവനും കർത്തവ്യപഥും ഇന്ത്യാ ഗേറ്റും അടങ്ങുന്ന സെൻട്രൽ വിസ്തയുടെ നവീകരണവികസനത്തിന്റെ ഭാഗമായാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചത്. ആത്മനിർഭര ഭാരതത്തിന്റെ പ്രതീകമെന്നാണ് പ്രധാനമന്ത്രി പുതിയ മന്ദിരത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാൽ, മന്ദിരത്തിന്റെ ഉദ്ഘാടനം വിവാദങ്ങളുടെ അകമ്പടിയോടെയായി.

1927-ൽ ബ്രിട്ടീഷ് ഭരണകാലത്ത് അന്നത്തെ ഇന്ത്യൻ വൈസ്രോയിയായിരുന്ന ലോർഡ് ഇർവിൻ ഉദ്ഘാടനം നിർവഹിച്ച പഴയ പാർലമെന്റ് മന്ദിരം ഇനി ചരിത്രസ്മാരകമായി മാറും. പുതിയമന്ദിരത്തിൽ ലോക്‌സഭയിൽത്തന്നെ സംയുക്തസഭാസമ്മേളനം നടത്താനുള്ള സൗകര്യങ്ങളുണ്ട്. 1280 എം.പി.മാർക്ക് ഇവിടെ ഒരുമിച്ചിരിക്കാം. 2012-ൽ യു.പി.എ. ഭരണകാലത്തുതന്നെ പുതിയൊരു മന്ദിരത്തെക്കുറിച്ച് ചർച്ചകൾ തുടങ്ങിയിരുന്നു. അന്നത്തെ ലോക്‌സഭാ സ്പീക്കർ മീരാകുമാർ ഇതിനായി പ്രത്യേക സമിതിയെയും നിയോഗിച്ചു. എന്നാൽ, മന്ദിരം പണിയാനും ഉദ്ഘാടനം ചെയ്യാനും അവസരമുണ്ടായത് മോദിസർക്കാരിനാണ്. ഏകദേശം 1200 കോടിരൂപ ചെലവിൽ ടാറ്റാ പ്രോജക്ട്‌സ് ലിമിറ്റഡാണ് പുതിയമന്ദിരം നിർമിച്ചത്. ദേശീയ ചിഹ്നങ്ങളായ മയിലിന്റെയും താമരയുടെയും പ്രതീകങ്ങൾ നിറഞ്ഞ ലോക്‌സഭാ ഹാളും രാജ്യസഭാഹാളും വിശാലമായ സെൻട്രൽ ലോഞ്ചും ഉൾപ്പെടുന്നതാണ് പുതിയമന്ദിരം. ആധുനികകാലത്ത് രാജ്യത്തിന് ഇത്തരമൊരു മന്ദിരം ആവശ്യമാണെന്നകാര്യത്തിൽ തർക്കമില്ല. 2026-ൽ മണ്ഡല പുനർനിർണയംകൂടി വന്നാൽ എം.പി.മാരുടെ എണ്ണം കൂടുമ്പോൾ പ്രത്യേകിച്ചും. അപ്പോൾ നിലവിലുള്ള സൗകര്യങ്ങൾ ഒട്ടും തികയാതെവരും. 2019-ൽ പ്രഖ്യാപിക്കുകയും 2020-ൽ ശിലാസ്ഥാപനം നടത്തുകയുംചെയ്ത ഈ വൻപദ്ധതി കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പൂർത്തിയാക്കാനായത് വലിയ നേട്ടമാണ്.

എന്നാൽ, ലോകം ശ്രദ്ധിക്കുന്ന പാർലമെന്റ് ഉദ്ഘാടനച്ചടങ്ങുപോലും വിവാദരഹിതമായി നടത്താൻ കഴിഞ്ഞില്ലെന്നതു ഖേദകരമാണ്. ഉദ്ഘാടനംചെയ്യുന്നത് വെറുമൊരു കെട്ടിടമല്ല, രാജ്യത്തിന്റെ ജനാധിപത്യഗൃഹമാണ്. ഈയൊരു സാഹചര്യത്തിൽ പ്രതിപക്ഷ കക്ഷികളെ ചേർത്തുപിടിച്ചു കൊണ്ടുപോകേണ്ടതായിരുന്നു. രാജ്യം ഉറ്റുനോക്കുന്ന ചരിത്രമുഹൂർത്തത്തിൽ 21 പ്രമുഖ പ്രതിപക്ഷകക്ഷികൾ ഒരുമിച്ച് ചടങ്ങ്‌ ബഹിഷ്കരിക്കുന്ന അവസ്ഥയുണ്ടായത് എന്തുകൊണ്ടാണെന്ന ചോദ്യം പിൽക്കാലത്തും ഉയരും. ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പാക്കേണ്ട ഇടമല്ല ഇന്ത്യയുടെ പാർലമെന്റ്. മറിച്ച്, ചർച്ചകളും സമവായങ്ങളും വിട്ടുവീഴ്ചകളും പുലരേണ്ട ഇടമാണ്. അതുകൊണ്ടുതന്നെ അത്തരമൊരു സംവിധാനത്തിന്റെ ഉദ്ഘാടനത്തിലും ഇതേ സമവായം ഉണ്ടാവേണ്ടിയിരുന്നു. ഇക്കാര്യത്തിൽ വിട്ടുവീഴ്ചകൾ ഇരുപക്ഷവും പുലർത്തേണ്ടിയിരുന്നു. ഉദ്ഘാടനം ചെയ്യേണ്ടത് ആരെന്ന വിഷയത്തിൽ ചടങ്ങുകൾ വിവാദത്തിലാഴാൻ പാടില്ലായിരുന്നു.

ആരും പങ്കെടുത്തില്ലെങ്കിലും ഉദ്ഘാടനം നടക്കുമെന്ന മനോഭാവം ജനായത്തഭരണാധികാരികൾക്ക് ഭൂഷണമല്ല. പുതിയ വ്യവസ്ഥയിൽ പ്രജകളല്ല, പൗരന്മാരാണുള്ളത്. തങ്ങൾക്കുള്ളത് അധികാരമല്ല, ഉത്തരവാദിത്വമാണെന്ന ബോധ്യം ഭരിക്കുന്നവർക്കും വേണം. ബഹിഷ്കരിക്കുന്നത് തങ്ങൾകൂടി ചേർന്നിരിക്കേണ്ട ജനാധിപത്യസംവിധാനത്തിന്റെ തട്ടകമാണെന്ന ബോധ്യം പ്രതിപക്ഷത്തിനുമുണ്ടാവേണ്ടിയിരുന്നു. അത്തരം ബോധ്യങ്ങളിൽനിന്നേ സൗഹാർദവും സമവായവുമൊക്കെ സാധ്യമാവൂ. ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമെന്ന മനോഹരസങ്കല്പത്തിന് അത്രമേൽ ആഴവും പരപ്പുമുണ്ട്. ജനാധിപത്യമെന്നത് ഏതെങ്കിലും ചിഹ്നങ്ങളിലോ ഗ്രന്ഥങ്ങളിലോ മന്ദിരങ്ങളിലോ സ്വയമേവ കുടിയിരിക്കുന്ന ഒന്നല്ല. അത് ഭരണാധികാരികളുടെയും ജനതയുടെയും മനോഭാവത്തിൽ രൂപംകൊള്ളേണ്ട ആശയമാണ്.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..