.
കേരളത്തിന്റെ വായ്പപ്പരിധി തുടർച്ചയായി രണ്ടാംവർഷവും കേന്ദ്രം കുറച്ചു. ഡിസംബർവരെ 22,000 കോടി പ്രതീക്ഷിച്ച സംസ്ഥാനത്തിന് അനുവദിച്ചത് 15,390 കോടി രൂപയാണ്. ഇത്രയും കുറയ്ക്കാനുള്ള കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനങ്ങളുടെ സാമ്പത്തിക അച്ചടക്കത്തിനെന്ന പേരിൽ കേന്ദ്രം സ്വീകരിക്കുന്ന ഏകപക്ഷീയനയങ്ങളാണ് ഈ സാഹചര്യത്തിലേക്ക് എത്തിച്ചത്. സാമ്പത്തിക ഫെഡറലിസത്തിന്റെ കടയ്ക്കൽ കേന്ദ്രം കത്തിവെക്കുന്നുവെന്ന് സംസ്ഥാനങ്ങൾ മുറവിളികൂട്ടുമ്പോൾ കേന്ദ്രത്തിനോട് വീണ്ടുമൊരു പോരിന് സംസ്ഥാനത്ത് കളമൊരുങ്ങിക്കഴിഞ്ഞു. കടമെടുക്കാൻ നിയന്ത്രണമേർപ്പെടുത്തുന്നത് കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്താനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിക്കുന്നു. സർക്കാരും ഭരണമുന്നണിയും കേന്ദ്രത്തിനുനേരെ അതിരൂക്ഷമായ വിമർശനവുമായി വായ്പനിയന്ത്രണത്തിന്റെ രാഷ്ട്രീയം ചർച്ചചെയ്യുന്നു. ഡിസംബറിനുശേഷം എന്താവുമെന്ന് വ്യക്തമല്ല. ഇപ്പോഴത്തെ തോതിലാണ് വായ്പ അനുവദിക്കുന്നതെങ്കിൽ കേരളത്തിന് ഈ വർഷവും 10,000 കോടിയെങ്കിലും കുറയുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ദുർഘടമായ ഈ സാഹചര്യത്തിൽ എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് സർക്കാർ.
28,000 കോടി രൂപയെങ്കിലും വായ്പയെടുക്കാൻ അനുവാദം കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളം ഇത്തവണത്തെ ബജറ്റ് തയ്യാറാക്കിയത്. ഈ വായ്പകൊണ്ട് ധനപ്രതിസന്ധി അതിജീവിക്കാനാവാത്തതുകൊണ്ടാണ് ഇന്ധനത്തിന് സർച്ചാർജ് ഏർപ്പെടുത്തിയും ഭൂമിയുടെ ന്യായവില ഉയർത്തിയുമൊക്കെ വരുമാനം കൂട്ടാൻ അപ്രിയതീരുമാനങ്ങൾ എടുത്തത്. ഇതിൽ സർക്കാരിന് രൂക്ഷമായ പ്രതിഷേധവും ഏറ്റുവാങ്ങേണ്ടിവന്നു. സംസ്ഥാനങ്ങളുടെ വായ്പപ്പരിധി നിയന്ത്രിക്കാൻ 2017-ൽത്തന്നെ കേന്ദ്രം ശ്രമംതുടങ്ങിയിരുന്നു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ ഏജൻസികളും എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കി വായ്പപ്പരിധിയിൽ അത് കുറയ്ക്കുന്നതിനുള്ള തീരുമാനം നടപ്പാക്കിയത് കഴിഞ്ഞവർഷവും. അതിനുനേരെ ഉയർന്ന പ്രതിഷേധങ്ങൾ ഫലംകണ്ടില്ല. ഇത്തരം വായ്പകൾ ഒറ്റയടിക്ക് പരിധിയിൽ ഉൾപ്പെടുത്തുന്നതിനുപകരം വർഷംതോറുമുള്ള നാലുഗഡുക്കളായി ഈടാക്കാമെന്ന ഇളവുമാത്രമാണ് ലഭിച്ചത്. ഈ തീരുമാനം നടപ്പായതോടെ, കേരളത്തിൽ കിഫ്ബിയും ക്ഷേമപെൻഷൻ നൽകുന്ന സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എടുത്ത വായ്പയും സംസ്ഥാന സർക്കാരിന്റെ വായ്പപ്പരിധിയിൽ ഉൾപ്പെട്ടു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും ഏജൻസികളും എടുക്കുന്ന വായ്പമുഴുവൻ കേന്ദ്രസർക്കാരിന്റെ കടത്തിന്റെ ഭാഗമാകാതിരിക്കുമ്പോൾ എന്തിനാണ് ഈ വിവേചനമെന്നാണ് സംസ്ഥാനങ്ങൾ ഉയർത്തുന്ന ചോദ്യം.
സാമ്പത്തികമായി പണ്ടേ ദുർബലമായ കേരളത്തെ വായ്പനിയന്ത്രണം കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടു. വായ്പയെടുക്കാതെ പണം കണ്ടെത്താനാവാത്തതിനാൽ 52 ലക്ഷത്തിൽപ്പരം കുടുംബങ്ങൾക്ക് കിട്ടാനുള്ള ക്ഷേമപെൻഷൻ പലപ്പോഴും മുടങ്ങുന്നു. സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ കുടിശ്ശികയാവുന്നു. വായ്പ നിയന്ത്രിക്കുന്നതിന് കേന്ദ്രത്തിന് ന്യായീകരണങ്ങളുണ്ടാവാം. എന്നാൽ, ജി.എസ്.ടി. വന്നതോടെ നികുതിസ്വാതന്ത്ര്യം നഷ്ടമായ സംസ്ഥാനങ്ങളുടെ ധനസ്ഥിതി ദുർബലമാണ്. ജി.എസ്.ടി. വാഗ്‌ദാനംചെയ്ത നികുതിവളർച്ച ഇനിയും കൈവരിക്കാനായിട്ടില്ല. നഷ്ടപരിഹാരവും നിലച്ചു. ജി.എസ്.ടി.ക്കുപുറത്തുള്ള മദ്യം, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് കൂടുതൽ നികുതി ചുമത്തേണ്ട അവസ്ഥയിലെത്തി സംസ്ഥാനങ്ങൾ. കോവിഡ് പ്രതിസന്ധി സ്ഥിതി പിന്നെയും വഷളാക്കി. കേരളത്തിന്റെ കാര്യംതന്നെയെടുക്കാം. സാമൂഹികവികസന ലക്ഷ്യങ്ങൾ നേരത്തേ കൈവരിക്കാനായ കേരളത്തിന് മറ്റുസംസ്ഥാനങ്ങളുമായി താരതമ്യംചെയ്യുമ്പോൾ അർഹമായ കേന്ദ്രസഹായം കിട്ടുന്നില്ല. സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾക്ക് നൽകേണ്ടിവന്ന വിലയാണ് ഇതെന്നത് വൈരുധ്യം. ഉത്പാദനരംഗം മെച്ചപ്പെടാത്തതും നികുതിപിരിവിൽ കാര്യക്ഷമതയില്ലാത്തതും കാരണം കൂടുതൽ വരുമാനമുണ്ടാക്കാനുമാവുന്നില്ല. കഴിഞ്ഞ സാമ്പത്തികവർഷം തള്ളിനീക്കിയതുതന്നെ വൻതോതിൽ ചെലവുകൾ മാറ്റിവെച്ചുകൊണ്ടാണ്. ഇത്തവണയും അതാണ് കാത്തിരിക്കുന്നത്. ആഭ്യന്തരവരുമാനവും നികുതിപിരിവും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് വൈകിയാണെങ്കിലും കേരളം തുടക്കമിട്ടിട്ടുണ്ട്. അതിൽ വീഴ്ചവരുത്തില്ലെന്ന് ഉറപ്പാക്കണം. അതേസമയം, കേന്ദ്രത്തിന്റെ സമീപനം കേരളത്തെ വരിഞ്ഞുമുറുക്കുന്നതാവരുത്. അർഹമായത് കേരളത്തിന് കിട്ടുകതന്നെ വേണം.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..