.
കിരീടമില്ലാത്ത ആറുവർഷം! ഏതുകായികതാരവും മാനസികമായി തളർന്നുപോകും. എന്നാൽ, മലയാളി ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയ് തളർന്നില്ല. പോരാട്ടവീര്യത്തെ തേച്ചുമിനുക്കിക്കൊണ്ടിരുന്നു. ഒടുവിൽ, മലേഷ്യൻ മാസ്റ്റേഴ്‌സ് സൂപ്പർ 500 ബാഡ്മിന്റൺ ഫൈനലിൽ തകർപ്പൻ പ്രകടനത്തോടെ ചാമ്പ്യൻപട്ടം സ്വന്തമാക്കി. പ്രണോയിയുടെ കിരീടത്തിൽ ആഘോഷിക്കാനും അഭിമാനിക്കാനും ഏറെയുണ്ട്. അതിൽ അനുകരിക്കപ്പെടേണ്ട മാതൃകയുണ്ട്. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ വേൾഡ് ടൂർ വിഭാഗത്തിൽപ്പെട്ട ടൂർണമെന്റിൽ പ്രണോയിയുടെ ആദ്യ കിരീടമാണിത്. ഒരു പതിറ്റാണ്ടിലേറെയായി കോർട്ടിലുള്ള മലയാളി താരത്തിന് വേൾഡ് ടൂർ കിരീടം പലപ്പോഴും നേരിയ വ്യത്യാസത്തിനാണ് നഷ്ടമായത്. അതിൽ നിരാശനാകാതെ പൊരുതി സ്വപ്നനേട്ടം സ്വന്തമാക്കുമ്പോൾ അതിന് ഇരട്ടിമധുരമുണ്ട്. മലേഷ്യൻ മാസ്റ്റേഴ്‌സ് ഫൈനലിൽ ഞായറാഴ്ച ചൈനയുടെ യുവതാരം വെങ് ഹോങ് യാങ്ങിനെ ഒന്നിനെതിരേ രണ്ട് ഗെയിമുകൾക്ക് തോൽപ്പിച്ചാണ് പ്രണോയ് കപ്പുയർത്തിയത്. ഇതോടെ മലേഷ്യൻ മാസ്റ്റേഴ്‌സ് ജയിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷതാരവുമായി.
2017-ൽ യു.എസ്. ഓപ്പൺ ബാഡ്മിന്റൺ ജയിച്ചശേഷം പ്രണോയിക്ക് സിംഗിൾസ് കിരീടം നേടാനായിരുന്നില്ല. ഫൈനലിലടക്കം കടുത്തപോരാട്ടങ്ങളെ അതിജീവിച്ചാണ് ചാമ്പ്യൻപട്ടത്തിലെത്തിയത് എന്നത് ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നു. കഴിഞ്ഞ രണ്ട് സീസണിലായി പ്രണോയ് സ്ഥിരതയാർന്ന പ്രകടനം നടത്തുന്നുണ്ട്. ഇന്ത്യൻ ബാഡ്മിന്റണിന്റെ മുഖമായ താരം ലോക റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്താണ്. പുരുഷ വിഭാഗത്തിൽ ആദ്യപത്ത് റാങ്കുകളിൽ മറ്റ് ഇന്ത്യൻ താരങ്ങളില്ലെന്ന് ഓർക്കണം. കഴിഞ്ഞവർഷം വേൾഡ് ടൂർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താനും കഴിഞ്ഞു. ഇക്കാലയളവിൽ വമ്പൻതാരങ്ങളെ അട്ടിമറിക്കാനുമായി. ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻ ലീ ഷി ഫെങ്, ജപ്പാൻ സൂപ്പർ താരം കെന്റാ നിഷിമോട്ടോ തുടങ്ങിയവർ പ്രണോയിയുടെ റാക്കറ്റിന്റെ ചൂടറിഞ്ഞു. കഴിഞ്ഞവർഷം ഇന്ത്യ ബാഡ്മിന്റണിലെ ലോകകപ്പ് എന്ന വിശേഷണമുള്ള തോമസ് കപ്പ് നേടുമ്പോൾ അതിലും നിർണായക സാന്നിധ്യമായി. പ്രത്യേകിച്ച്, ക്വാർട്ടറിൽ മലേഷ്യയെയും സെമിഫൈനലിൽ ഡെൻമാർക്കിനെയും ഇന്ത്യ മറികടന്നത് പ്രണോയിയുടെ വിജയങ്ങളിലൂടെയാണ്. പി. കശ്യപിന്റെയും കിഡംബി ശ്രീകാന്തിന്റെയും നിഴലിൽനിന്ന് മാറി ലോക ബാഡ്മിന്റണിൽ ഇന്ത്യയുടെ പതാകാവാഹകനാകാൻ പ്രണോയിക്ക് കഴിഞ്ഞു. വ്യക്തിഗത കിരീടം അകന്നുനിന്നെങ്കിലും സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ലോക ബാഡ്മിന്റണിൽ നിറഞ്ഞുനിൽക്കാനുമായി.
തിരുവനന്തപുരം തിരുമുറ്റം വീട്ടിൽ സുനിൽകുമാറിന്റെയും ഹസീനയുടെയും മകനായ പ്രണോയ് എട്ടാം വയസ്സിലാണ് റാക്കറ്റ് െെകയിലെടുക്കുന്നത്. തുടക്കത്തിൽ പിതാവിന്റെ കീഴിലായിരുന്നു പരിശീലനം. ജൂനിയർ തലത്തിൽ മികവുതെളിയിച്ചതോടെ ഗോപീചന്ദ് അക്കാദമിയിലെത്തി. ഇന്ത്യൻ ബാഡ്മിന്റണിലെ ഇതിഹാസമായ പുല്ലേല ഗോപീചന്ദിന്റെ കീഴിലെ പരിശീലനം പ്രണോയിയിലെ പോരാളിയെ മിനുക്കിയെടുത്തു. 2010-ൽ ലോക ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സിംഗിൾസിൽ വെങ്കലംനേടി വരവറിയിച്ചു. അതേവർഷം യൂത്ത് ഒളിമ്പിക്സ് സിംഗിൾസിൽ വെള്ളി നേടി. സീനിയർ തലത്തിൽ 2014-ലാണ് ആദ്യകിരീടം നേടിയത്. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ ഗ്രാൻപ്രീ ടൂർണമെന്റായ ഇൻഡൊനീഷ്യൻ മാസ്റ്റേഴ്‌സിലാണ് ജേതാവായത്. 2016-ൽ സ്വിസ് ഓപ്പണും തൊട്ടടുത്തവർഷം യു.എസ്. ഓപ്പണും നേടി. കഴിഞ്ഞവർഷം വേൾഡ് ടൂർ ടൂർണമെന്റായ സ്വിസ് ഓപ്പണിന്റെ ഫൈനലിൽ കടന്നെങ്കിലും ഇൻഡൊനീഷ്യയുടെ ജോനാഥാൻ ക്രിസ്റ്റിയോട് കീഴടങ്ങി. രാജ്യത്തിനായി തോമസ് കപ്പിനു പുറമേ കോമൺവെൽത്ത് ഗെയിംസിലെ മിക്സഡ് ടീം ഇനത്തിലും സ്വർണംനേടി. ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ടീം ചാമ്പ്യൻഷിപ്പിലും വെങ്കലനേട്ടമുള്ള പ്രണോയ് 2016-ലെ സാഫ് ഗെയിംസിൽ സ്വർണംനേടിയ ടീമിലും അംഗമായിരുന്നു. കഴിഞ്ഞവർഷം രാജ്യം അർജുനപുരസ്കാരം നൽകി ആദരിച്ചു.
വമ്പൻതാരങ്ങളെ അട്ടിമറിക്കുന്നത് ശീലമാക്കിയതിനാൽ ജയന്റ് കില്ലറെന്ന വിളിപ്പേരുണ്ട് പ്രണോയിക്ക്. ആക്രമണോത്സുക കളിരീതിയും നേട്ടങ്ങൾക്കായുള്ള കഠിനാധ്വാനവുമാണ് കടുത്തപോരാട്ടങ്ങൾക്ക് പേരുകേട്ട ബാഡ്മിന്റണിൽ ഒളിമങ്ങാതെ പ്രണോയിയെ നിലനിർത്തുന്നത്. പുതിയ തലമുറയ്ക്ക് അനുകരിക്കാനുള്ള മാതൃകകൂടിയാണ് വിജയത്തിലൂടെ പകർന്നുനൽകിയത്. മലേഷ്യൻ മാസ്റ്റേഴ്‌സിലെ വിജയം പ്രണോയിയുടെ കരിയറിലെ സുപ്രധാനവഴിത്തിരിവാണ്. ഇത് വലിയ വിജയങ്ങളിലേക്കുള്ള യാത്രയുടെ ആരംഭമാകട്ടെ. കിരീടവിജയത്തിൽ ആശംസകൾ...
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..