ഒലിച്ചുപോവരുത്  നാടിന്റെ അന്തസ്സ്


2 min read
Read later
Print
Share

നമ്മുടെ രാജ്യത്തിന്റെ അഭിമാനമുയർത്തിയ സാക്ഷി മാലിക്കിനെയും വിനേഷ് ഫൊഗട്ടിനെയുംപോലുള്ള പെൺകുട്ടികളുടെ മഹത്ത്വം അളക്കാൻ അധികാരത്തിന്റെ അംശവടികൾ മതിയാവില്ലെന്ന തിരിച്ചറിവ് നമ്മുടെ ഭരണകൂടത്തിന് ഉണ്ടാവണം. ഇനിയും അതിന് വൈകിയാൽ മാനക്കേടിന്റെ തീരാകളങ്കത്തിലേക്ക്‌ രാജ്യവും ജനതയും കൂപ്പുകുത്തും

.

ഒരുജന്മം മുഴുവൻ വിയർപ്പൊഴുക്കി നേടിയ പതക്കങ്ങൾ നദിയിലൊഴുക്കിക്കളയാൻ രാജ്യത്തിന്റെ അഭിമാനമായ കായികതാരങ്ങൾ തുനിഞ്ഞുവെങ്കിൽ അവർ അനുഭവിക്കുന്ന ആത്മനിന്ദ എത്ര വലുതായിരിക്കുമെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. അതിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കിൽ ലോകത്തിനുമുന്നിൽ നമ്മുടെ രാജ്യത്തിന്റെ ശിരസ്സ് കുനിഞ്ഞു പോവും. ഒരു ജനത തന്നെ തീരാക്കളങ്കത്തിന്റെ കയത്തിലേക്ക് പതിക്കും.

ഒളിമ്പിക്സ് ഉൾപ്പെടെയുള്ള ലോക കായികമാമാങ്കങ്ങളിൽ ത്രിവർണപതാക പാറിപ്പറക്കാൻ കാരണക്കാരായ ഒരു സംഘം പോരാളികളാണ് നമുക്കുമുന്നിൽ കണ്ണീരൊഴുക്കിനിൽക്കുന്നത്. അവരുടെ ആവശ്യം പരിമിതമാണ്. അവരുടെ കുഞ്ഞനിയത്തിമാരുടെ മാനത്തിന് വിലപറഞ്ഞ അധികാരികൾക്കെതിരേ നടപടിവേണം. തീർത്തും ന്യായമെന്ന് ആർക്കും ബോധ്യമാവുന്ന ആവശ്യം പക്ഷേ, ഉത്തരവാദപ്പെട്ട കേന്ദ്രസർക്കാർമാത്രം ചെവിക്കൊണ്ടില്ല. അധികാരത്തിന്റെ ചെങ്കോലേന്തിയ അവർക്ക് ഒരുവേള നമ്മുടെ പെൺമക്കളുടെ കണ്ണീരിന്റെ വില തിരിച്ചറിയാൻ കഴിയാതെപോയി. ഒളിമ്പിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്കും ബജ്‌രംഗ് പുണിയയും ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് മെഡൽ ജേത്രിയായ വിനേഷ് ഫൊഗട്ടും തെരുവിലിറങ്ങി കരഞ്ഞുവിളിച്ചിട്ടും അതു കേൾക്കാത്ത രീതിയിൽ ഭരണത്തലവന്മാർ പുത്ര, മിത്ര വാത്സല്യത്താൽ ധൃതരാഷ്ട്രഭാവം കൈക്കൊണ്ടു. ഇന്ദ്രപ്രസ്ഥത്തിൽ വെച്ച് വസ്ത്രാക്ഷേപം ചെയ്യപ്പെട്ട പാഞ്ചാലിയുടെ വിലാപം അവഗണിക്കപ്പെട്ടു. നിസ്സഹായരായ പാണ്ഡവരെപ്പോലെ തലകുനിച്ചിരിക്കാൻ ഭീമസേനന്റെ പിൻമുറക്കാരായ നമ്മുടെ പോരാളികൾ പക്ഷേ, തയ്യാറല്ലായിരുന്നു. അവർ തങ്ങളുടെയും നാടിന്റെയും അലങ്കാരങ്ങളായ പതക്കങ്ങൾ ഉയർത്തിപ്പിടിച്ച് പുണ്യനദിയുടെ തീരത്തേക്കുനടന്നു. അവരത് ഒഴുക്കിക്കളഞ്ഞിരുന്നെങ്കിൽ നദിയുടെ മാറിലൂടെ ഒലിച്ചുപോവുക ഒരു രാജ്യത്തിന്റെതന്നെ അന്തസ്സും അഭിമാനവുമായിരുന്നു. അത് തിരിച്ചറിയാൻ കെല്പുള്ളവർ നമ്മൾക്ക് അന്നംതന്ന് ഊട്ടിവളർത്തുന്ന കർഷകരല്ലാതെ മറ്റാരാണ്! അവർ തിരക്കിട്ടെത്തി ആ തീരാക്കളങ്കത്തിൽനിന്ന് തത്‌കാലത്തേക്കെങ്കിലും നമ്മുടെ രാജ്യത്തെ രക്ഷിച്ചിരിക്കുന്നു. നമ്മളവരോട് എക്കാലവും കടപ്പെട്ടിരിക്കും.

പെൺകുഞ്ഞുങ്ങളുടെ മാനത്തിനു വിലകല്പിക്കാത്ത നാടും ഭരണാധികാരികളും കത്തിയെരിയണമെന്നാവും ഗോദയിൽ വിയർപ്പൊഴുക്കുന്ന പോരാളികളുടെ നിലപാട്. അതിനുള്ള പടപ്പുറപ്പാട് തന്നെയാണ് അവരുടേത്. വൈകിയെങ്കിലും അത് തിരിച്ചറിയാനുള്ള സന്മനസ്സ് ഭരണകൂടത്തിനുണ്ടാവട്ടെയെന്ന്‌ പ്രാർഥിക്കാം. ദേശീയ ഗുസ്തി ഫെഡറേഷന്റെ മുൻ അധ്യക്ഷനും ഭരണകക്ഷിയായ ബി. ജെ.പി.യുടെ പാർലമെന്റ് അംഗവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്‌ വനിതാ ഗുസ്തിതാരങ്ങൾക്കെതിരേ നടത്തിയ അതിക്രമങ്ങളിൽ നടപടി വേണമെന്ന താരങ്ങളുടെ ആവശ്യം പോലീസും ഭരണകൂടവും മുഖവിലയ്ക്കെടുക്കാതെ വന്നപ്പോഴാണ് സാക്ഷിക്കും ഭജ്‌രംഗിനും വിനേഷിനുമെല്ലാം തെരുവിലിറങ്ങേണ്ടി വന്നത്. ആഴ്ചകളോളമായി പൊരിവെയിലത്ത് സമരംചെയ്യുന്ന, ഇന്ത്യയുടെ അഭിമാന താരങ്ങളോട് തികച്ചും നിഷേധാത്മകമായ നിലപാടാണ് ഭരണകൂടം കൈക്കൊള്ളുന്നത്. മാത്രമല്ല, സമരം ചെയ്യുന്നവരെ പോലീസ് നിരന്തരം ഭിഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നു. അവരുടെപേരിൽ കേസുകൾ ഫയൽ ചെയ്യുന്നു. വർഷങ്ങളുടെ കഠിനാധ്വാനംകൊണ്ട് അവർ കെട്ടിപ്പടുത്ത കരിയർ തകർത്തുകളയുന്നു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന പരാതിപോലും ബ്രിജ്ഭൂഷന്റെ പേരിൽ ഉയർന്നിട്ടുണ്ട്. എന്നിട്ടും അയാളെ സംരക്ഷിക്കുന്നതിനുവേണ്ടി അധികാര ദുർവിനിയോഗം നടത്തുകയാണ് അധികാരികൾ എന്നു പറയേണ്ടിവരും. മോഹങ്ങളും സ്വപ്നങ്ങളും മാറ്റിവെച്ച് വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് ലോകത്തിനുമുന്നിൽ നമ്മുടെ രാജ്യത്തിന്റെ അഭിമാനമുയർത്തിയ സാക്ഷി മാലിക്കിനെയും വിനേഷ് ഫൊഗട്ടിനെയുംപോലുള്ള പെൺകുട്ടികളുടെ മഹത്ത്വം അളക്കാൻ അധികാരത്തിന്റെ അംശവടികൾ മതിയാവില്ലെന്ന തിരിച്ചറിവ് നമ്മുടെ ഭരണകൂടത്തിന് ഉണ്ടാവണം. ഇനിയും അതിന് വൈകിയാൽ മാനക്കേടിന്റെ തീരാകളങ്കത്തിലേക്ക് രാജ്യവും ജനതയും കൂപ്പുകുത്തും.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..