ആഹ്ലാദത്തിന്റെ  മണിമുഴങ്ങട്ടെ


2 min read
Read later
Print
Share

അപകടകാരികളായ ലഹരി സംഘത്തിന്റെ കണ്ണികളറക്കാനുള്ള ശ്രമങ്ങൾക്ക് മറ്റെന്തിനെക്കാളും മുന്തിയ പരിഗണന നൽകേണ്ടുന്ന സമയം അതിക്രമിച്ചു

.

ജൂണിനൊപ്പം പ്രതീക്ഷകളുമായി മറ്റൊരു അധ്യയനവർഷംകൂടിയെത്തിയിരിക്കുന്നു. പുതിയ പുസ്തകവും പുത്തനുടുപ്പുമായി 42 ലക്ഷത്തോളം കുട്ടികളാണ് വിദ്യാലയങ്ങളിലെത്തുന്നത്. വേനലവധി കഴിഞ്ഞതിന്റെ നിരാശയല്ല, സ്കൂളിലെത്താനുള്ള ഉത്സാഹവും ആവേശവുമാണ് അവരുടെ മുഖങ്ങളിൽ മുന്നിട്ടുനിൽക്കുന്നത്. വടിയെടുത്ത് വിരട്ടുന്ന അധ്യാപകരല്ല ഇന്നവരെ കാത്തിരിക്കുന്നത്. കാറ്റിൽ പറക്കുന്ന ഓടുകളും പൊട്ടിപ്പൊളിഞ്ഞ ക്ലാസ്‌മുറികളും കാലൊടിഞ്ഞ ബെഞ്ചുകളും ഇന്ന്‌ പഴങ്കഥയായി. സ്കൂളുകളുടെ, പ്രത്യേകിച്ചും സർക്കാർമേഖലയിലെ സ്കൂളുകളിലെ ഭൗതികസൗകര്യങ്ങൾ വലിയരീതിയിൽ മെച്ചപ്പെട്ടിരിക്കുന്നു. പൊതുവിദ്യാലയത്തിലാണ് കുട്ടി പഠിക്കുന്നതെന്ന് അഭിമാനത്തോടെ പറയാവുന്ന മാറ്റങ്ങളാണ് ചുറ്റിലും. അൺ എയ്ഡഡ് മേഖലയിലെ ഭാരിച്ച പണച്ചെലവുകൾ കണ്ടെത്താനാവാത്തവരുടെ മക്കൾക്കും സ്മാർട്ട് ക്ലാസ്‌മുറികളും മികച്ച വിദ്യാഭ്യാസവും ലഭിക്കുന്നുവെന്നത് ചെറിയ കാര്യമല്ല.

പൊതുവിദ്യാലയങ്ങളിലെ ഭൗതികനേട്ടങ്ങൾക്കൊപ്പം അക്കാദമികനിലവാരവും ഉയർത്തുന്നതിലാവണം ഇനി സർക്കാരിന്റെ ഊന്നൽ. അന്താരാഷ്ട്രനിലവാരമെന്നത് കെട്ടിടങ്ങളുടെ രൂപഭംഗിയിലോ യൂണിഫോമിന്റെ പകിട്ടിലോ അല്ലെന്ന ബോധ്യത്തോടെയുള്ള ഇടപെടലുകൾ അടിയന്തരമായുണ്ടാവണം. സംസ്ഥാനത്തെ ഒട്ടുമിക്ക സർക്കാർ വിദ്യാലയങ്ങളിലും അധ്യാപകതസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഫലമായി അൺ എയ്ഡഡ് മേഖലയിൽനിന്നുവരെ കുട്ടികൾ സർക്കാർ, എയ്ഡഡ് മേഖലയിലേക്കെത്തുമ്പോൾ സ്വാഭാവികമായും അധ്യാപകതസ്തികകളും കൂടും. കഴിഞ്ഞവർഷം ഇത്തരത്തിൽ 5906 അധ്യാപകതസ്തികകളും 99 അധ്യാപകേതര തസ്തികകളുമാണ് സംസ്ഥാനത്ത് അധികമായി കണ്ടെത്തിയത്. എന്നാൽ, അധ്യയനവർഷം അവസാനിച്ചിട്ടും അധികതസ്തികകൾ അംഗീകരിച്ച് ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ തയ്യാറായിട്ടില്ല. വിദ്യാഭ്യാസ, ധനവകുപ്പുകൾക്കിടയിലെ തർക്കം പരിഹരിക്കാതെയാണ് പുതിയ അധ്യയനവർഷം ആരംഭിക്കുന്നത്. ജൂണിൽ വീണ്ടും പുതിയ തസ്തികനിർണയം നടത്തണമെന്നിരിക്കേ ഒരുവർഷം വിദ്യാഭ്യാസ വകുപ്പെടുത്ത ജോലിയെല്ലാം വെറുതേയായി.

അധ്യയനദിവസങ്ങളുടെ എണ്ണം കേന്ദ്രവിദ്യാഭ്യാസ അവകാശനിയമത്തിൽ നിശ്ചയിക്കപ്പെട്ടതുപോലെ 220 ആക്കാനുള്ള സർക്കാർശ്രമം അധ്യാപകസംഘടനകളുടെ എതിർപ്പിനെത്തുടർന്ന് പിൻവലിക്കേണ്ടിവന്നു. മഴയും വെള്ളപ്പൊക്കവും പ്രാദേശിക ഉത്സവങ്ങളും പരിപാടികളുമെല്ലാം അധ്യയനദിവസങ്ങൾ നഷ്ടപ്പെടുത്തുന്നത് കാണാതിരിക്കാനാവില്ല. പ്രവൃത്തിദിനങ്ങളിൽ നല്ലൊരു പങ്കും കലോത്സവങ്ങൾക്കും കായികോത്സവങ്ങൾക്കും ദിനാചരണങ്ങൾക്കും മറ്റുമായി നീക്കിവെക്കപ്പെടുമ്പോഴും ബാക്കിയാവുന്നത് സിലബസാണ്.

സ്കൂളുകളിലെ ഉച്ചഭക്ഷണവിതരണ പരിപാടിയാണ് കഴിഞ്ഞ വർഷം ഏറ്റവും ചർച്ചയായ മറ്റൊരു പ്രശ്നം. ഭക്ഷണസാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുതിച്ചുകയറുമ്പോഴും വർഷങ്ങൾക്കുമുമ്പ് നിശ്ചയിച്ച നിരക്കിലാണ് പണം ലഭിക്കുന്നതെന്നതിനാൽ ഉച്ചഭക്ഷണച്ചുമതലയുള്ള അധ്യാപകരെല്ലാം കടക്കെണിയിലാണ്. ഫണ്ട് ലഭിക്കാൻ മാസങ്ങൾ വൈകുന്നതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. ഈ രീതിയിൽ പദ്ധതി എത്രകാലം മുന്നോട്ടുപോകും. പദ്ധതിയിലെ കേന്ദ്രവിഹിതം യഥാസമയം ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ അടിയന്തരമായി നടത്തിയില്ലെങ്കിൽ വലിയ പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്. കുട്ടികൾക്ക് സമയാസമയം വെച്ചുവിളമ്പുന്നവരുടെ കണ്ണീരുപ്പ് ഭക്ഷണത്തിൽ കലരാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് മാസാവസാനം വേതനം കൊടുക്കണം. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എയ്ഡഡ് മേഖലയിലെ നിയമനാംഗീകാരം തടസ്സപ്പെട്ട വിഷയത്തിലും സർക്കാർ പ്രായോഗിക നടപടികൾ കൈക്കൊണ്ട് പരിഹാരം കാണണം.

സ്കൂൾ തുറക്കുന്നതിന്റെ സന്തോഷത്തിനിടയിലും ഗൗരവമായ ചില ആശങ്കകളും അധ്യാപകരും രക്ഷിതാക്കളും പങ്കുവെക്കുന്നുണ്ട്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ കുട്ടികളുടെ തലയ്ക്കു ചുറ്റും ലഹരിമാഫിയ വലവിരിച്ചുകഴിഞ്ഞുവെന്ന കണക്കുകളാണ് പുറത്തുവരുന്നത്. എന്തിനോടും കൗതുകവും പരീക്ഷണത്വരയും തോന്നുന്ന കൗമാരക്കാലത്ത് ലഹരിക്കടിപ്പെടാനുള്ള സാഹചര്യമേറെയാണ്. അപകടകാരികളായ ഈ ക്രിമിനൽ സംഘത്തിന്റെ കണ്ണികളറക്കാനുള്ള ശ്രമങ്ങൾക്ക് മറ്റെന്തിനെക്കാളും മുന്തിയ പരിഗണന നൽകേണ്ടുന്ന സമയം അതിക്രമിച്ചു. സർക്കാർ ആവിഷ്കരിച്ച കാവലാൾ ലഹരിവിരുദ്ധ പരിപാടി ലക്ഷ്യം കാണണമെങ്കിൽ സ്കൂളുകൾക്കുചുറ്റും സമൂഹമൊന്നാകെ പ്രതിരോധത്തിന്റെ കോട്ട കെട്ടേണ്ടതുണ്ട്. നാടൊരുക്കുന്ന സുരക്ഷിതത്വത്തിൽ നമ്മുടെ കുട്ടികൾ സ്വസ്ഥമായി പഠിക്കട്ടെ.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..