.
ഇക്കാലംവരെ കേട്ടുകേൾവിയില്ലാത്ത അക്രമങ്ങളാണ് തീവണ്ടിയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരുമാസംമുമ്പ് കോഴിക്കോടിനടുത്ത് എലത്തൂരിൽ എക്സിക്യുട്ടീവ് എക്സ്പ്രസിൽ തീയിടുകയും മൂന്നുപേർ മരിക്കുകയും ചെയ്ത കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് ഇതേ തീവണ്ടിയുടെ ബോഗി കണ്ണൂരിൽവെച്ച് കത്തിച്ചത്. നിയമവാഴ്ചയോടുള്ള വെല്ലുവിളിയായിത്തന്നെ ഇതിനെ കാണണം.
ഏപ്രിൽ രണ്ടിനാണ് എലത്തൂരിൽ അക്രമി പെട്രോൾകുപ്പിയുമായി തീവണ്ടിയിൽക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഇതിന്റെ ഭാഗമായി തീവണ്ടിയിൽനിന്ന് ചാടിയ മൂന്നുപേരെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. പ്രതിയായ ഷാരൂഖ് സെയ്ഫിയെ പിന്നീട് മഹാരാഷ്ട്രയിലെ ആശുപത്രിയിൽനിന്ന് അറസ്റ്റുചെയ്തു. സംഭവത്തിൽ തീവ്രവാദബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് കേസ് ദേശീയ അന്വേഷണ ഏജൻസി അന്വേഷിച്ചുവരുകയാണ്. ഇതിനിടയിലാണ് ബുധനാഴ്ച ഇതേ തീവണ്ടിയിൽ തീവെപ്പുണ്ടാകുന്നത്. രാത്രി ഒന്നരയോടെയാണ് റെയിൽവേസ്റ്റേഷനു സമീപത്തെ യാർഡിൽ നിർത്തിയിട്ടിരുന്ന തീവണ്ടിയുടെ പിറകിലെ കോച്ചിൽ തീകണ്ടത്. ഒരുമണിക്കൂറോളം നിന്നുകത്തിയ കോച്ച് പൂർണമായും നശിച്ചു. അടുത്തദിവസം അഞ്ചുമണിയോടെ ആലപ്പുഴയ്ക്ക് പോകാനിരുന്ന വണ്ടിയാണിത്. കത്തുന്നതിന് തൊട്ടുമുമ്പ് തീവണ്ടിക്കരികിലൂടെ എന്തോ സാധനവുമായി നടന്നുപോകുന്നയാളുടെ സി.സി.ടി.വി. ദൃശ്യം ലഭ്യമായിട്ടുണ്ട്. ഇതുപ്രകാരം ഒരു പശ്ചിമബംഗാൾ സ്വദേശിയെ പിടികൂടി ചോദ്യംചെയ്തുവരുകയാണ്.
എലത്തൂരിൽ തീവണ്ടിക്ക് തീപിടിക്കുന്നത് ഒരു പെട്രോളിയം ഡിപ്പോയ്ക്കു സമീപംവെച്ചാണ്. കണ്ണൂരിൽ കത്തിയ ബോഗിക്ക് മീറ്ററുകൾ അകലെയും ഭാരത് പെട്രോളിയം കോർപ്പറേഷന്റെ ഡിപ്പോയുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ ഇത് യാദൃച്ഛികമാണെന്നു കരുതിക്കൂടാ. തീവണ്ടികൾക്കു നേരെയുള്ള നിരന്തര ആക്രമണങ്ങളെ ഇനി അവഗണിക്കാനുമാവില്ല. കല്ലേറുകൾപോലും ഗൗരവമായിക്കണ്ട് കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു. ദക്ഷിണറെയിൽവേയിൽ പാലക്കാട് ഡിവിഷനുകീഴിൽ കഴിഞ്ഞവർഷം 32 തവണ തീവണ്ടികൾക്കുനേരെ കല്ലേറുണ്ടായിട്ടുണ്ട്. ഈ വർഷം 20 തവണയും ഉണ്ടായി. തിരൂരിൽവെച്ച് കഴിഞ്ഞയാഴ്ച വന്ദേഭാരത് എക്സ്പ്രസിന്റെയും ചില്ല് ഏറിൽ തകർന്നു. ഇതിൽ പലതും കുട്ടികളുടെ വികൃതിയാണെങ്കിലും ചിലതെങ്കിലും അങ്ങനെയല്ല.
രാജ്യത്തെ ഏറ്റവും സുരക്ഷിത യാത്രോപാധിയെന്നുകരുതുന്ന തീവണ്ടിയിലെ യാത്ര പേടിസ്വപ്നമാകുന്നത് ഒട്ടും ആശാസ്യമല്ല. ജനത്തിന്റെ സുരക്ഷിതബോധത്തെ തകർക്കുന്നതിന്റെ ആദ്യഘട്ടമായി ഇതിനെ കാണണം. അത്തരം സ്ഥിതിവിശേഷം ഉണ്ടാക്കുന്നതിനുപിന്നിൽ തത്പരകക്ഷികളുണ്ടോ എന്നന്വേഷിക്കണം. കേരളത്തിലെ പ്രശാന്തമായ അന്തരീക്ഷത്തെ മലിനമാക്കാനോ മുതലെടുക്കാനോ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്നും അറിയണം. അത്തരക്കാർക്ക് മാതൃകാപരമായ ശിക്ഷതന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അപ്പോൾമാത്രമേ യാത്രക്കാരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനാവൂ. ഭീതിരഹിതവും സ്വസ്ഥവുമായ യാത്ര പൗരന്റെ അവകാശമാണ്. അത് സാധ്യമാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വവും.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..