.
രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്താൽ സ്ഥാപിതമായതാണ് നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് എന്ന എൻ.സി.ഇ.ആർ.ടി. സ്വാതന്ത്ര്യാനന്തരം രാജ്യനിർമിതിയിലും അതിന്റെ ബൗദ്ധിക വളർച്ചയിലും വലിയ പിന്തുണയായ സംവിധാനം. എന്നാലിന്ന് ജനാധിപത്യ ഇന്ത്യയിൽ ‘ജനാധിപത്യ’ത്തെക്കുറിച്ചുള്ള പാഠഭാഗംതന്നെ പുസ്തകങ്ങളിൽനിന്ന് ഒഴിവാക്കി ഇതേ എൻ.സി.ഇ.ആർ.ടി. വിവാദത്തിലായിരിക്കുന്നു. പത്താംക്ലാസിലെ രാഷ്ട്രമീമാംസ പുസ്തകത്തിലെ ജനാധിപത്യവും വൈവിധ്യവും, ജനമുന്നേറ്റങ്ങൾ, രാഷ്ട്രീയപ്പാർട്ടികൾ, ജനാധിപത്യം നേരിടുന്ന വെല്ലുവിളി എന്നീ പാഠങ്ങളും സയൻസ് പുസ്തകത്തിൽനിന്ന് ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട പാഠഭാഗവും പൂർണമായി നീക്കണമെന്നതാണ് എൻ.സി.ഇ.ആർ.ടി. ഏറ്റവും പുതുതായി നിർദേശിച്ച പരിഷ്കാരം. വിദ്യാർഥികൾക്ക് കോവിഡനന്തരമുണ്ടായ സമ്മർദം ലഘൂകരിക്കാൻ പഠനഭാരം കുറയ്ക്കാനെന്ന ന്യായമാണ് പരിഷ്കാരത്തിന് കാരണമായി പറയുന്നത്.
ഡാർവിന്റെ പരിണാമസിദ്ധാന്തം, ഇന്ത്യയെ മതരാഷ്ട്രമാക്കുന്നതിൽ ഗാന്ധിജിക്കുണ്ടായിരുന്ന എതിർപ്പ്, ഗാന്ധിവധം, ആർ.എസ്.എസ്. നിരോധനം, ഗുജറാത്ത് കലാപം എന്നിവയെക്കുറിച്ചുള്ള പാഠങ്ങളും പരാമർശങ്ങളും പാഠപുസ്തകങ്ങളിൽനിന്നൊഴിവാക്കി ഒന്നരമാസംമുമ്പ് എൻ.സി.ഇ.ആർ.ടി. പ്രഖ്യാപിച്ച പരിഷ്കരണമാണ് ആദ്യം വിവാദത്തിലായത്. പകരം സ്വച്ഛ് ഭാരത് അഭിയാൻ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, ജി.എസ്.ടി., നോട്ടുനിരോധനം തുടങ്ങിയവ സിലബസിലുൾപ്പെടുത്തി. ഇതിനുപിന്നാലെയാണ് പുതിയ പരിഷ്കരണം. കാലഹരണപ്പെട്ടതും ആവർത്തിക്കുന്നതുമായ ഭാഗങ്ങളാണ് ഒഴിവാക്കിയതെന്നാണ് എൻ.സി.ഇ.ആർ.ടി. പറയുന്നത്. ജനാധിപത്യം എങ്ങനെയാണ് ഇന്ത്യയിൽ കാലഹരണപ്പെട്ട വിഷയമാകുന്നത്? മുഗൾ ഭരണകാലവും ഇന്ത്യയെക്കുറിച്ചുള്ള ഗാന്ധിജിയുടെ സങ്കല്പവും ഗാന്ധിജിയെ വധിച്ചത് നാഥുറാം ഗോഡ്‌സെയാണെന്നതും സ്വാതന്ത്ര്യസമരത്തിലും സ്വാതന്ത്ര്യാനന്തരവും മൗലാന ആസാദ് നൽകിയ സംഭാവനകളും കാലഹരണപ്പെട്ടതെന്ന് ആരാണ് തീരുമാനിച്ചത്? ഇത്തരത്തിൽ ചരിത്രത്തെ വികലമാക്കുന്നതിനുപിന്നിൽ നിക്ഷിപ്ത താത്പര്യമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ തെറ്റുപറയാനാവില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.ക്ക് അനുകൂലമായ ചരിത്രം സൃഷ്ടിക്കാൻ എൻ.സി.ഇ.ആർ.ടി. കൂട്ടുനിൽക്കുകയാണെന്ന ആരോപണങ്ങൾ ഇതിനകം ഉയർന്നുകഴിഞ്ഞു. ബി.ജെ.പി. കേന്ദ്രത്തിൽ ഭരണത്തിലെത്തിയ 2014-നുശേഷം നാലാംതവണയാണ് എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽ വെട്ടും തിരുത്തലും വരുത്തുന്നത്. ഒഴിവാക്കിയതും ഉൾക്കൊള്ളിച്ചതുമായ പാഠങ്ങൾ പരിശോധിച്ചാൽ ഉയരുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കരുതേണ്ടി വരും.
ശാസ്ത്രത്തിന്റെതന്നെ അടിത്തറയായ പരിണാമ സിദ്ധാന്തവും രസതന്ത്രത്തിലെ പ്രധാന ആശയമായ ആവർത്തനപ്പട്ടികയും ശാസ്ത്രത്തിൽ ഉപരിപഠനം ഇച്ഛിക്കുന്നവർമാത്രം അറിഞ്ഞാൽ മതിയെന്ന് തീരുമാനിക്കുന്ന യുക്തി ആരുടേതായാലും അബദ്ധജടിലമാണെന്ന് പറയാതെ വയ്യ. മനുഷ്യോത്പത്തിയെക്കുറിച്ച് ഒരടിസ്ഥാനവുമില്ലാത്ത മിത്തുകളെ കണ്ണടച്ച് വിശ്വസിക്കുന്ന കാലത്ത് പരിണാമസിദ്ധാന്തത്തെ പാഠ്യപദ്ധതിയിൽനിന്ന് ഒഴിവാക്കുന്നതിന്റെ ഭവിഷ്യത്ത് നാം കരുതുന്നതിലും അപ്പുറത്താണ്. കാലാവസ്ഥാവ്യതിയാനം വലിയ ചർച്ചയാകുമ്പോൾ പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര ആസൂത്രണവും ഊർജസ്രോതസ്സുകളെക്കുറിച്ചുള്ള പാഠങ്ങളും വലിയ ക്ലാസുകളിൽ പഠിച്ചാൽ മതിയെന്ന തീരുമാനവും തെറ്റായ സന്ദേശമാണ് സമൂഹത്തിന് കൈമാറുന്നത്.
പാഠപുസ്തകങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുതന്നെ. എന്നാൽ, അത് രാഷ്ട്രീയപ്രേരിതമാകരുത്. ഏതെങ്കിലും രാഷ്ട്രീയത്തിന് ഹിതമാകുന്ന തരത്തിൽ ചരിത്രത്തെ വെട്ടിമാറ്റുന്നതും തിരുകിക്കയറ്റുന്നതും വളച്ചൊടിക്കുന്നതും അപലപനീയമാണ്. മതേതരവും പക്ഷപാതരഹിതവും വസ്തുതാപരവുമായ രാജ്യത്തിന്റെ യഥാർഥ ചരിത്രമാണ് വിദ്യാർഥികൾ പഠിക്കേണ്ടത്. അതിനെ തമസ്കരിക്കാനുള്ള ഇടപെടലുകളൊന്നും അനുവദിക്കാനാവില്ല. വിശദമായ കൂടിയാലോചനകൾക്കുശേഷമാകണം പാഠപുസ്തക പരിഷ്കാരം. മുറിച്ചുമാറ്റിയ ചരിത്രസത്യങ്ങളും സിദ്ധാന്തങ്ങളുമൊക്കെ പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ അടിയന്തര നടപടിയുണ്ടാകണം. രാജ്യത്തെ കോടിക്കണക്കിന് വിദ്യാർഥികളുടെ സാമൂഹിക-പൊതു ബോധത്തെ വാർത്തെടുക്കുന്ന വിദ്യാഭ്യാസപ്രക്രിയയിൽ ഏകപക്ഷീയമായ കൈകടത്തലുണ്ടാകരുത്.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..