.
കണ്ണുചിമ്മിത്തുറക്കുന്ന വേഗത്തിലാണ് ഒഡിഷ ഇന്ത്യയുടെ കണ്ണുനീരായത്. പാളംതെറ്റിയും ഒന്ന് മറ്റൊന്നിലേക്കിടിച്ചുകയറിയും മൂന്ന് തീവണ്ടികൾ ഒരേസമയം അപകടത്തിൽപ്പെട്ട് 260-ലേറെപ്പേർക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണസംഭവത്തിനുമുന്നിൽ വിറങ്ങലിച്ചുനിൽക്കുകയാണ് രാജ്യം. ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് പാളംതെറ്റി ചരക്കുതീവണ്ടിക്കുമേൽ ഇടിച്ചുകയറുകയും മിനിറ്റുകൾക്കുശേഷം വന്ന ബെംഗളൂരു-ഹൗറ എക്സ്പ്രസ് പാളംതെറ്റിക്കിടന്ന കോറമണ്ഡൽ തീവണ്ടിയുടെ ബോഗികളിൽത്തട്ടി മറിയുകയും ചെെയ്തന്നാണ് റെയിൽവേയുടെ പ്രാഥമികനിഗമനം. സിഗ്നൽ സംവിധാനത്തിലെ തകരാറാണ് അപകടകാരണമെന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നതെങ്കിലും സംഭവിച്ചതെന്തെന്ന് വ്യക്തമാകാൻ റെയിൽവേ സുരക്ഷാ അതോറിറ്റിയുടെ അന്വേഷണം കഴിയുന്നതുവരെ കാത്തിരിക്കേണ്ടിവരും. എന്തായാലും ഒരപകടംനടന്ന് ഇരുപതുമിനിറ്റോളം കഴിഞ്ഞ് വരുന്ന അടുത്ത തീവണ്ടിക്ക് മുന്നറിയിപ്പുനൽകാനായില്ല എന്നത് റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചയാണ്. കോഴിക്കോട്ടും പിന്നീട് കണ്ണൂരിലും തീവണ്ടിക്ക് തീയിട്ട സംഭവങ്ങളുണ്ടാക്കിയ നടുക്കം മാറുന്നതിനുമുമ്പാണ് ഒഡിഷയിലെ ദുരന്തം.
68,000 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽസംവിധാനം ഇന്ത്യയുടെ ജീവനാഡിയാണ്. ഇരുപതിനായിരത്തോളം തീവണ്ടികൾ സർവീസ് നടത്തുന്ന, അതിൽ ദിനംപ്രതി രണ്ടരക്കോടിപ്പേർ യാത്രചെയ്യുന്ന രാജ്യത്ത് അടിക്കടിയുണ്ടാകുന്ന തീവണ്ടിയപകടങ്ങൾ റെയിൽ ഗതാഗതത്തിന്റെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നത് സ്വാഭാവികം. 2022-23ൽ 210 തീവണ്ടിയപകടങ്ങളുണ്ടായെന്നാണ് കണക്ക്. ‘കവച്’ പോലുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവ വേഗത്തിൽ പൂർത്തിയാക്കാനായിട്ടില്ല. ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനായി തദ്ദേശീയമായി വികസിപ്പിച്ച കവച് സംവിധാനം ഇതുവരെ 1445 കിലോമീറ്റർ പാതയിൽ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ആകെ റെയിൽപ്പാതയുടെ രണ്ടുശതമാനംമാത്രമാണിത്. ഒഡിഷ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഴിയുന്നതുംവേഗം മുഴുവൻ റെയിൽസംവിധാനത്തെയും കവചിന്റെ സുരക്ഷയ്ക്കുകീഴിലെത്തിക്കാനുള്ള നടപടിയുണ്ടാകണം.
മേൽപ്പാലങ്ങളും ബൈപ്പാസുകളും നിർമിച്ച് ലെവൽ ക്രോസുകൾ പൂർണമായും ഒഴിവാക്കുമെന്ന വർഷങ്ങളുടെ പഴക്കമുള്ള പ്രഖ്യാപനവും എങ്ങുമെത്താതെ നീളുന്നു. റെയിൽവേയ്ക്ക് അനുവദിക്കുന്ന ബജറ്റ് കാര്യക്ഷമമായി വിനിയോഗിക്കുന്നില്ലെന്നതാണ് റെയിൽവേ നേരിടുന്ന മറ്റൊരു വിമർശം. 2021-22ൽ അനുവദിച്ച 2.15 ലക്ഷം കോടിയിൽ ചെലവഴിക്കപ്പെട്ടത് 1.90 ലക്ഷം കോടിമാത്രം. തീവണ്ടി ഗതാഗതത്തിന്റെ സുരക്ഷയ്ക്കായി പല പ്രഖ്യാപനങ്ങളുമുണ്ടായിട്ടുണ്ടെങ്കിലും സമയബന്ധിതമായി പൂർത്തിയാക്കുകയും സാങ്കേതികവിദ്യ സമർഥമായി ഉപയോഗിക്കുകയും ചെയ്യുകയെന്നതാണ് റെയിൽവേ ഊന്നൽ നൽകേണ്ട ആദ്യത്തെ കാര്യം. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് അവർക്ക് തുടർച്ചയായ പരിശീലനം നൽകുകയും റെയിൽവേ സംവിധാനത്തിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ വരുത്തുകയും ചെയ്യുകയെന്നതാണ് രണ്ടാമത്തേത്. ലോക്കോ പൈലറ്റുമാർ വേണ്ടത്രയില്ലാത്തതിനാൽ ഉള്ള ജീവനക്കാർ 12 മണിക്കൂറോളം തുടർച്ചയായി ജോലിചെയ്യേണ്ടി വരുന്നുവെന്ന പരാതികളുയരാൻ തുടങ്ങിയിട്ട് നാളേറെയായി.
ദുരന്തത്തിൽ സമഗ്രമായ അന്വേഷണം നടത്തി അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനൊപ്പം അവ പരിഹരിക്കാനുള്ള മാർഗങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങളും അടിയന്തരമായി റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടാകണം. ഈ അപകടത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുമെന്ന് സ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി പറഞ്ഞത് ഉടൻ പ്രാവർത്തികമാവണം. ഇനിയൊരാൾക്കുപോലും തീവണ്ടിയപകടങ്ങളിൽ ജീവൻ നഷ്ടമാകാതിരിക്കാനുള്ള ലക്ഷ്യത്തിലേക്കാകണം ഈ ദുരന്തം നൽകുന്ന പാഠം നമ്മെയെത്തിക്കേണ്ടത്. അടിസ്ഥാനസൗകര്യങ്ങളിൽ നിക്ഷേപം നടത്തുകയെന്നതാണ് അതിനാവശ്യം. അടിത്തറയുറപ്പിച്ചശേഷം നമുക്ക് അതിവേഗവണ്ടികളിലേക്കുപോകാം. ഒഡിഷയിൽ ഉൾപ്രദേശത്തുനടന്ന അപകടമായിട്ടും സമയമൊട്ടും പാഴാക്കാതെ കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തിയ സൈന്യമടക്കമുള്ള സംവിധാനങ്ങളും നാട്ടുകാരും ഏകോപനത്തിന് ചുക്കാൻപിടിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളും കണ്ണീർക്കാഴ്ചകൾക്കിടയിലെ നല്ല പ്രതീക്ഷകളാണ്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാജ്ഞലികളർപ്പിക്കുന്നു.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..