.
മധ്യവേനലവധി കഴിഞ്ഞ് കുട്ടികൾ സ്കൂളിലേക്ക് പോകാനിറങ്ങുമ്പോൾ കൂട്ടിന് മഴയുമെത്തും എന്നതായിരുന്നു ഏറെക്കാലം മുൻപുവരെ കേരളത്തിലെ പതിവ്. ആ പതിവ് തെറ്റിത്തുടങ്ങിയിട്ട് വർഷം കുറച്ചായി. മൺസൂൺ കാലത്തുപോലും ഉരുകുന്ന ചൂടും കാലംതെറ്റിയുള്ള മഴയും സാധാരണമായി മാറിയ കാലത്ത് പരിസ്ഥിതിദിനത്തിന്റെ പ്രസക്തി ഏറിവരുകയാണ്. എന്നാൽ, ഒരു തൈ നട്ട് പിരിഞ്ഞുപോകുന്നതിൽമാത്രം അവസാനിക്കുകയാണ് പലപ്പോഴും നമ്മുടെ പരിസ്ഥിതിദിനാഘോഷം.
ലോകം പരിസ്ഥിതിദിനമാഘോഷിച്ചു തുടങ്ങിയതിന്റെ അമ്പതാംവാർഷികംകൂടിയാണ് ഇത്തവണ. ‘പ്ലാസ്റ്റിക്മാലിന്യത്തിനുള്ള പരിഹാരം’ എന്നതാണ് ഇത്തവണത്തെ പരിസ്ഥിതിദിനം മുന്നോട്ടുവെക്കുന്ന ആശയം. ലോകത്ത് പ്രതിവർഷം 40 കോടി ടൺ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്. ഇതിന്റെ മൂന്നിലൊന്നും ഒറ്റത്തവണമാത്രം ഉപയോഗിക്കാനാകുന്നവയാണ്. പത്തുശതമാനം മാത്രമാണ് പുനഃചംക്രമണപ്രക്രിയകളിലൂടെ പുനരുപയോഗത്തിനെത്തുന്നത്. ബാക്കിയുള്ളവ മണ്ണിലും ജലാശയങ്ങളിലുമായി വലിച്ചെറിയപ്പെടുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപ്പിടിത്തം ദിവസങ്ങളോളം കേരളത്തെ വിഷപ്പുക ശ്വസിപ്പിച്ചപ്പോൾ, കുന്നുകൂടുന്ന പ്ലാസ്റ്റിക് കൂമ്പാരത്തിന്റെ ഭവിഷ്യത്ത് നമ്മൾ അനുഭവിച്ചറിഞ്ഞതാണ്. രണ്ടരക്കോടി ടൺ പ്ലാസ്റ്റിക് മാലിന്യമാണ് പ്രതിവർഷം കടലടക്കമുള്ള ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്നത്. വർധിച്ചുവരുന്ന വനനശീകരണമുണ്ടാക്കുന്ന പ്രശ്നങ്ങളും ചെറുതല്ല. വളർച്ചയെത്തിയ ഒരു മരം ദിവസവും 22 കിലോ കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കുന്നുണ്ട്. അന്തരീക്ഷത്തെ ശുദ്ധിയാക്കുന്നതിൽ വനത്തിന്റെ പങ്ക് തെളിയിക്കാൻ ഈ കണക്കുമാത്രം മതി. എന്നാൽ, ഓരോ മിനിറ്റിലും 20 ഫുട്‌ബോൾ മൈതാനങ്ങൾക്കുതുല്യമായ വനം കുറയുന്നുവെന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്. അതിന് ആനുപാതികമായി വന്യജീവികളുടെ എണ്ണത്തിൽ കുറവും മനുഷ്യ-വന്യമൃഗ സംഘർഷങ്ങളിൽ വർധനയുമുണ്ടാകുന്നു. ആഗോളതാപനത്തിന്റെ ഫലമായി മഞ്ഞുരുക്കത്തിന്റെയും സമുദ്രജലനിരപ്പ് ഉയരുന്നതിന്റെയും തോത് ഓരോ വർഷവും പുതിയ ഉയരങ്ങൾ തേടുകയാണ്. പ്രപഞ്ചത്തിൽ ജീവന്റെ തുടിപ്പുള്ള ഒരേയൊരിടമായ ഭൂമിയിൽ ഈ ആഘാതങ്ങളെല്ലാം ഏൽപ്പിക്കുന്നതാര് എന്ന ചോദ്യത്തിനുമുന്നിൽ നമ്മളോരോരുത്തരും തലകുനിച്ചുനിൽക്കണം. ഈ പ്രവൃത്തികളുടെ പരിണതഫലം അനുഭവിക്കേണ്ടിവരുന്നതാര് എന്ന ചോദ്യത്തിനും ഉത്തരം മറ്റൊന്നല്ല. സ്വന്തം സുഖത്തിനുവേണ്ടി മനുഷ്യൻ നടത്തുന്ന കടന്നുകയറ്റത്തിന്റെ പരിണതഫലം പ്രളയമായും അപ്രതീക്ഷിത വരൾച്ചയായും കാട്ടുതീയായും നമ്മെത്തന്നെ തേടിയെത്തുന്നു.
അന്തരീക്ഷതാപവർധന 1.5 ഡിഗ്രിയിൽ നിലനിർത്തണമെന്നും 2030-ഓടെ രാജ്യങ്ങൾ കാർബൺ ന്യൂട്രലാകണമെന്നുമുള്ള പാരീസ് ഉടമ്പടിലക്ഷ്യങ്ങളുടെ അടുത്തെങ്കിലും എത്തണമെങ്കിൽ ഇന്ത്യ 2005-ലെ കാർബൺ ബഹിർഗമനനിരക്കിൽനിന്ന് അമ്പതുശതമാനത്തോളമെങ്കിലും കുറവുവരുത്തേണ്ടതുണ്ട്. പുനരുപയോഗിക്കാനാകാത്ത ഊർജസ്രോതസ്സുകൾക്കുപകരം പുതുക്കാവുന്ന ഉറവിടങ്ങളെ വൻതോതിൽ ആശ്രയിച്ചാൽമാത്രമേ ഈ ലക്ഷ്യത്തിലേക്ക് അതിവേഗം എത്താനാകൂ. ഇന്ത്യയെപ്പോലൊരു വികസ്വരരാജ്യത്തിന് ആ ലക്ഷ്യത്തിലേക്കുള്ള യാത്ര അത്ര സുഗമമാകില്ല. വലിയതോതിലുള്ള തയ്യാറെടുപ്പുകൾതന്നെ അതിനായി വേണ്ടിവരും. കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ കാര്യങ്ങൾ സർക്കാരുകളുടെമാത്രം ഉത്തരവാദിത്വമാണെന്ന ചിന്ത പേറുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യമടക്കം ശേഖരിക്കാൻ ഹരിതകർമസേനയെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും തുച്ഛമായ യൂസർഫീ നൽകാൻ മടിച്ച് മാലിന്യം കത്തിച്ചുകളയുന്ന എത്രയോ വീടുകൾ ഇപ്പോഴും നമ്മുടെ കേരളത്തിലുണ്ടെന്നത് പരിസ്ഥിതിസംരക്ഷണത്തെ എത്ര ലാഘവത്തോടെയാണ് നാം കാണുന്നതെന്നതിന്റെ ചെറിയ ഉദാഹരണംമാത്രം. പലതുള്ളി പെരുവെള്ളമെന്നപോലെ പരിസ്ഥിതി സംരക്ഷണത്തിനായി ഓരോരുത്തരും ചെയ്യുന്ന ചെറിയ കാര്യങ്ങൾക്കുപോലും വലിയ ചലനങ്ങളുണ്ടാക്കാനാകും. ‘എത്ര ചെറിയൊരാൾക്കും വലിയ മാറ്റങ്ങളുണ്ടാക്കാനാകും’ എന്ന കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ ത്യുൻബേയുടെ വാക്കുകൾ മറക്കാതിരിക്കാം.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..