.
ഡിജിറ്റൽ വേർതിരിവില്ലാത്ത നാടെന്ന സ്വപ്നപദ്ധതിക്ക് കേരളത്തിൽ തുടക്കമായിരിക്കുന്നു. ‘ഇന്റർനെറ്റ് ജനതയുടെ അവകാശമെന്ന’ പ്രഖ്യാപനവുമായി ഒന്നാം പിണറായിസർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പ്രളയവും കോവിഡും രാഷ്ട്രീയവിവാദങ്ങളുമെല്ലാം അതിജീവിച്ച് യാഥാർഥ്യമായിരിക്കുന്നത്. സംസ്ഥാനത്ത് സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ച് വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ ലഭ്യമാക്കാനുള്ള കെ-ഫോൺ പദ്ധതി പൂർണമായി യാഥാർഥ്യമാവുന്നതോടെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സംസ്ഥാനം സാക്ഷ്യംവഹിക്കും. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള 20 ലക്ഷം വീടുകളിൽ തികച്ചും സൗജന്യമായി ഇന്റർനെറ്റ് സേവനമെത്തുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവുംവലിയ സവിശേഷത. കെ-ഫോൺ പദ്ധതി പൂർണതോതിലാവുന്നതോടെ മറ്റ് വീടുകളിൽ മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാവും.
കേരള വികസനമാതൃകയുടെ തുടർച്ചയായി ഇടതുസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ജ്ഞാനവ്യവസ്ഥയിലൂന്നിയ നവകേരള നിർമിതിക്ക് കരുത്തുറ്റ പിന്തുണ നൽകാൻ കെ-ഫോണിനുകഴിയും. 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്‌ഷൻ നൽകാനുള്ള ശേഷി കെ-ഫോണിനുണ്ടെന്നതാണ് ഏറ്റവുംവലിയ സാധ്യതയും പ്രതീക്ഷയും. ഗ്രാമ, നഗര വ്യത്യാസമില്ലാതെ സംസ്ഥാനമൊട്ടാകെ ശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയ്ക്കു കീഴിലാവുന്നത് പുതിയ വികസനസാധ്യതകളിലേക്ക് വഴിതുറക്കും. ഐ.ടി., ഇ-കൊമേഴ്‌സ് തുടങ്ങിയ മേഖലകളിൽ വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവും. സ്റ്റാർട്ടപ്പുകളും ഗ്രാമീണ ഉത്പന്നങ്ങളുടെ ഓൺലൈൻ വ്യാപാരവുമൊക്കെ കേരളത്തിലെ ലക്ഷക്കണക്കിനു തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ മുന്നിലെ പുതിയ അവസരങ്ങളാവും.
1991-ൽ രാജ്യത്തെ ആദ്യ ഐ.ടി. പാർക്കായ ടെക്‌നോ പാർക്ക് യാഥാർഥ്യമാക്കി, വിവരസാങ്കേതികരംഗത്ത് മുന്നേ നടന്ന സംസ്ഥാനമാണ് കേരളം. വൻകിട വ്യാവസായിക പദ്ധതികളിൽ മുതൽമുടക്കി തൊഴിലവസരമുണ്ടാക്കുകയെന്നത് കേരളത്തെ സംബന്ധിച്ച് പ്രായോഗികമല്ലെന്ന തിരിച്ചറിവ് നയരൂപവത്കരണം നടത്തുന്നവർക്കും ജനങ്ങൾക്കും ഉണ്ടായിവരുന്നുണ്ട്. കേരളത്തിന്റെ ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വൻകിട പദ്ധതികൾ നടപ്പാക്കുന്നതിൽ പ്രയാസമുണ്ടാക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം. ഐ.ടി. അധിഷ്ഠിത തൊഴിൽമേഖലകളിൽ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമുള്ള യുവാക്കൾക്ക് കടന്നുചെല്ലാനുള്ള അവസരമാണ് കെ-ഫോണിലൂടെ കൈവരുന്നത്.
കൂടുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനാക്കാൻ ഇതുവഴി സാധ്യമാവും. ഭരണനടപടികൾ ചുവപ്പുനാടയിൽക്കുടുങ്ങി അനന്തമായി നീളുന്നത് ഇ-ഗവേണൻസ് കാര്യക്ഷമമാവുന്നതോടെ ഇല്ലാതാക്കാനാവും. വിദ്യാഭ്യാസ, ആരോഗ്യമേഖലയിലും വൻ മാറ്റങ്ങളുണ്ടാക്കാനുള്ള അവസരവും കെ-ഫോൺ തുറന്നിടുന്നുണ്ട്. സാമ്പത്തിക അന്തരമില്ലാതെ എല്ലാവിഭാഗം കുട്ടികൾക്കും സൗജന്യമായി ഇന്റർനെറ്റ് കിട്ടുന്നതോടെ വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ പാർശ്വവത്കരണം അവസാനിക്കും. ഓൺലൈൻ വഴിയുള്ള പഠനത്തിന്റെ സകലസാധ്യതകളും പാവപ്പെട്ട വീടുകളിലെ കുട്ടികൾക്കും പ്രയോജനപ്പെടുത്താൻ കഴിയും. മുഴുവൻ സർക്കാർ ആശുപത്രികളിലും സൗജന്യ ഇന്റർനെറ്റ് ലഭ്യമാവുന്നതോടെ ഇ-ഹെൽത്ത് പോലുള്ള പരിപാടികളും കാര്യക്ഷമമാവും.
അതേസമയം, കെ-ഫോൺ പൂർണതോതിൽ നടപ്പായാലുള്ള സാധ്യതകളും അവസരങ്ങളും മാത്രമാണ് ഇതൊക്കെയുമെന്ന ബോധ്യവും ഉണ്ടാകേണ്ടതുണ്ട്. ആദ്യഘട്ടത്തിൽ 14,000 വീടുകളിൽ കണക്‌ഷൻ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനടുത്തെങ്ങുമെത്തിയിട്ടില്ലെന്നാണ് ഒടുവിലത്തെ കണക്ക്. 40 ലക്ഷം കണക്‌ഷനുകളെന്ന ലക്ഷ്യത്തിന് എത്രയോ അകലെയാണ് നാമിന്ന് എന്നുള്ള യാഥാർഥ്യം മറന്നുകൊണ്ടുള്ള അമിതാഘോഷത്തിൽ കാര്യമില്ല. കേരളത്തിലെ മുഴുവൻ വീടുകളെയും സ്ഥാപനങ്ങളെയും പദ്ധതിക്കുകീഴിലാക്കുകയെന്നത് അത്യന്തം ശ്രമകരമായ ജോലിയാണെന്നതിനാൽ സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടൽ തുടർന്നും ആവശ്യമാണ്. കെ-ഫോൺ എത്തിക്കുന്നതിനൊപ്പംതന്നെ അതു തുറന്നിടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആവശ്യമായ പദ്ധതികളും പരിപാടികളും സർക്കാർ ആവിഷ്കരിക്കേണ്ടതുണ്ട്.
ടെലികോം രംഗത്തെ കോർപ്പറേറ്റ് ചൂഷണത്തിനു തടയിടാനുള്ള കേരളത്തിന്റെ ബദലായാണ് സർക്കാർ ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. എന്നാൽ, മത്സരിക്കുന്നത് വൻകിട കോർപ്പറേറ്റുകളോടാണ് എന്നതുകൊണ്ടുതന്നെ മുന്നോട്ടുപോക്ക് പ്രതീക്ഷിക്കുന്നതുപോലെ എളുപ്പമാവില്ല. വെല്ലുവിളികളിലും പ്രശ്നങ്ങളിലും ഇടറാതെ, കരുത്തോടെ മുന്നോട്ടുപോവാൻ കേരളത്തിന്റെ അഭിമാനപദ്ധതിയായ കെ-ഫോണിനു കഴിയട്ടേയെന്ന് ആശംസിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..