കൈക്കൂലിക്കാരെ നമുക്കു വേണ്ടാ


2 min read
Read later
Print
Share

ഒരു ചെറുവിഭാഗം മാത്രമാണ് അഴിമതിക്കാരെങ്കിലും ഉദ്യോഗസ്ഥ സമൂഹത്തെ മുഴുവൻ നാണംകെടുത്താൻ അവർക്കാവും. അതുകൊണ്ടുതന്നെ അഴിമതിക്കെതിരേ പോരാടേണ്ടത് ജീവനക്കാരുടെകൂടി ഉത്തരവാദിത്വമാണ്

.

അഴിമതിയിൽ ഡോക്ടറേറ്റെടുത്ത ചിലർ നമുക്കിടയിലുണ്ടെന്ന് മുഖ്യമന്ത്രിതന്നെയാണ് കഴിഞ്ഞയാഴ്ച പ്രസ്താവിച്ചത്. അതിന് യഥാർഥത്തിൽ ഒരു കുറ്റസമ്മതത്തിന്റെ സ്വരമുണ്ടുതാനും. അടുത്തദിവസം മന്ത്രി സജി ചെറിയാൻ ഇതേ വിഷയം മറ്റൊരു രൂപത്തിൽ ആവർത്തിച്ചു. കൈക്കൂലി വാങ്ങുന്നവർ ഗതിപിടിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ ശാപമല്ല, ശക്തമായ നടപടിയാണ് നാട് പ്രതീക്ഷിക്കുന്നത്.

ഒരു വില്ലേജോഫീസർ നടത്തിയ അഴിമതിയുടെ, നാണിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ കഥകൾ പുറത്തുവന്നപ്പോഴാണ് ഇവർക്കൊക്കെ ഇത്തരത്തിൽ പ്രതികരിക്കേണ്ടിവന്നത്. ഇതെല്ലാം കഴിഞ്ഞിട്ടും കഴിഞ്ഞദിവസം തൃശ്ശൂരിൽ കോർപ്പറേഷൻ റവന്യൂ ഇൻസ്പെക്ടർ കൈക്കൂലിക്കേസിൽ പിടിയിലായി. വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനാണ് ഇയാൾ രണ്ടായിരംരൂപ വാങ്ങിയത്. കൈക്കൂലിയെന്ന രോഗം നമ്മുടെ സർക്കാർമേഖലയിൽ എത്രത്തോളം മാരകമായി ബാധിച്ചിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. ഒരു വില്ലേജ് അസിസ്റ്റന്റിനുപോലും ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങാവുന്ന രീതിയിൽ കുത്തഴിഞ്ഞതാണ് ഇപ്പോഴും നമ്മുടെ വകുപ്പുകളുടെ ഘടന. ഇതിനെല്ലാം ഇരയാവുന്നത് സാധാരണക്കാരാണ്. കൈക്കൂലി വാങ്ങുന്നവരാണെങ്കിൽ സ്ഥിരശമ്പളവും ജോലിസുരക്ഷിതത്വവുമുള്ള ഉദ്യോഗസ്ഥരും. കോവിഡ്‌ കടന്ന്‌ ലോകം സാമ്പത്തികപ്രതിസന്ധിയിലാവുകയും വൻകിട കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തപ്പോഴും ഇവർ സുരക്ഷിതരായിരുന്നു. ഓഫീസുകളിൽ വരാൻകഴിയാത്ത സാഹചര്യത്തിലും സർക്കാർ അവർക്ക് ശമ്പളം മുടക്കിയില്ല. എന്നിട്ടും ചില ഉദ്യോഗസ്ഥർ കർത്തവ്യംമറന്ന് കൈക്കൂലി അവകാശമായി കാണുകയാണ്.

അഴിമതി തടയാൻ സർക്കാർഓഫീസുകളിലെ സേവനങ്ങൾ ഉൾക്കൊള്ളുന്ന പൗരാവകാശരേഖ വേണമെന്ന് എൻ.ജി.ഒ. യൂണിയൻ സംഘടനാരേഖ നിർദേശിച്ചിരുന്നു. രേഖകളെല്ലാം ശരിയാണെങ്കിൽ ഉടൻതന്നെ സർട്ടിഫിക്കറ്റുകൾ നൽകാൻ ഗ്രീൻ ചാനൽ സംവിധാനം വേണമെന്നും സർക്കാർ ഓഫീസുകളിൽ സാമൂഹിക ഓഡിറ്റിങ് വേണമെന്നും നിർദേശമുണ്ട്. ഇത്തരം നിർദേശങ്ങൾക്കൊന്നും ഒരുകാലത്തും കുറവുണ്ടായിരുന്നില്ല. അത് നടപ്പാക്കാനുള്ള ആർജവമാണ് ഇല്ലാത്തത്. മിക്ക സർക്കാർ ഓഫീസുകളും ഇപ്പോൾ സ്മാർട്ടാണ്. എന്നിട്ടും ഫയലുകൾ നീങ്ങാൻ കൈക്കൂലി കൊടുക്കേണ്ടിവരുന്നത് ഭരണപരമായ പിടിപ്പുകേടാണെന്ന് അധികൃതർ മനസ്സിലാക്കണം.

ലളിതമായ നടപടിക്രമങ്ങളിലൂടെ നൽകാവുന്ന വിവിധ സർട്ടിഫിക്കറ്റുകളുടെ പേരിലാണ് ഉദ്യോഗസ്ഥർ കൂടുതലും ജനത്തെ പിഴിയുന്നത്. 2022 ഒക്ടോബറിൽ പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ സർക്കുലറിൽ ഇതിന് പരിഹാരമാവുമായിരുന്ന ഒട്ടേറെ നിർദേശങ്ങളുണ്ടായിരുന്നു. പല സർട്ടിഫിക്കറ്റുകൾക്കും രേഖകൾക്കും ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം ഒഴിവാക്കുക, അപേക്ഷാഫോമുകൾ ലളിതമാക്കുക, ഒരു സർട്ടിഫിക്കറ്റുതന്നെ പല ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകുക, ജാതി, വരുമാനം തുടങ്ങി വിവിധ സർട്ടിഫിക്കറ്റുകളുടെ കാലാവധി കൂട്ടുക, അപേക്ഷകന്റെ സത്യവാങ്മൂലംമാത്രം വാങ്ങി ചില സർട്ടിഫിക്കറ്റുകൾ നൽകുക തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ അദ്ദേഹം നൽകി. എന്നാൽ, ഇതൊന്നും സമയബന്ധിതമായി നടപ്പായില്ല. അതിന്റെ ഫലംകൂടിയാണ് വർധിച്ചുവരുന്ന അഴിമതി. പുതിയകാലത്ത് പല സർട്ടിഫിക്കറ്റുകൾക്കും ഇത്രയൊന്നും നൂലാമാലകൾ ആവശ്യമേയില്ല. അഴിമതി അവസാനിപ്പിക്കണമെന്ന് ആത്മാർഥമായി സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രസ്താവനകൾ മാറ്റിവെച്ച് പ്രവർത്തിക്കുകയാണു വേണ്ടത്.

ഒരു ചെറുവിഭാഗം മാത്രമാണ് അഴിമതിക്കാരെങ്കിലും ഉദ്യോഗസ്ഥസമൂഹത്തെ മുഴുവൻ നാണംകെടുത്താൻ ഇക്കൂട്ടർക്കാവും. അതുകൊണ്ടുതന്നെ അഴിമതിക്കെതിരേ പോരാടേണ്ടത് ജീവനക്കാരുടെകൂടി ഉത്തരവാദിത്വമാണ്. ഒരുരൂപപോലും കൈക്കൂലി നൽകില്ലെന്ന് ജനവും തീരുമാനിക്കണം. അതിനുള്ള ആത്മബലം ജനത്തിനുണ്ടാവണമെങ്കിൽ ഭരണസംവിധാനം ശക്തമാവണം. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് മുന്നറിയിപ്പുനൽകി അധികാരമേറ്റയാളാണ് മുഖ്യമന്ത്രി. ഭരണത്തിന്റെ രണ്ടാമൂഴം രണ്ടുവർഷം പിന്നിടുമ്പോൾ അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിക്കണം. കൈക്കൂലിക്കാർ പിന്നീടൊരിക്കലും ആ കസേരയിൽ ഇരിക്കില്ലെന്ന് ഉറപ്പാക്കണം. അഴിമതിയിൽ ഡോക്ടറേറ്റെടുത്തവരെ നമുക്ക് ആവശ്യമില്ല.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..