.
ഉന്നതവിദ്യാഭ്യാസ മേഖലയിൽനിന്ന് വീണ്ടും ചില പരീക്ഷാ മലക്കംമറിച്ചിലുകളുടെയും നിയമനത്തട്ടിപ്പുകളുടെ കഥകൾ പുറത്തുവന്നിരിക്കുന്നു. പരീക്ഷയെഴുതാത്തയാൾ പാസാവുകയും വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി താത്കാലികജോലി നേടാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. രണ്ടിലും കഥാപാത്രങ്ങൾ അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ വിദ്യാർഥിസംഘടനാ നേതാക്കളാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഈ മേഖലയിൽനിന്ന് നേരത്തേയും സ്വജനപക്ഷപാത വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും പങ്കുവെക്കുന്ന ആശങ്ക കാണാതിരിക്കാനാവില്ല.
ഉന്നതവിദ്യാഭ്യാസരംഗത്ത് നിയമനങ്ങളുടെയും പരീക്ഷകളുടെയും പേരിലുള്ള വിവാദം ഇത് ആദ്യമല്ല. വിവിധ കോളേജുകളിലെയും സർവകലാശാലകളിലെയും അധ്യാപകനിയമനങ്ങളും വി.സി. നിയമനങ്ങളും പരീക്ഷകളുമെല്ലാം വിവാദങ്ങളിൽ കുഴഞ്ഞുമറിഞ്ഞിട്ടുണ്ട്. എന്നാൽ, പരീക്ഷ എഴുതാത്തയാൾ വിജയിച്ചെന്ന ആരോപണം നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖലയുടെ വിശ്വാസ്യതയെ പാടേ തകർക്കുന്നതാണ്. അത് ഭരണകക്ഷിയുടെ വിദ്യാർഥിസംഘടനാ നേതാവുകൂടിയാവുമ്പോൾ സർക്കാരിന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാൻപറ്റില്ല. പരീക്ഷയ്ക്ക് ഫീസുപോലും അടയ്ക്കാത്ത, പരീക്ഷ നടക്കുമ്പോൾ ജയിലിൽക്കഴിഞ്ഞിരുന്നയാളാണ് പാസായതായി കോളേജ് വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയത്. അതത്ര നിഷ്‌കളങ്കമല്ല. ഇദ്ദേഹം പരീക്ഷയ്ക്ക് ഫീസടച്ചെന്നുകാണിക്കുന്ന വെബ്‌സൈറ്റിലെ വിവരങ്ങൾ പുറത്തുവിട്ട പ്രിൻസിപ്പൽ സംഭവം വിവാദമായപ്പോൾ ഉരുണ്ടു. പിന്നീട് ഒരുവിഭാഗം വിദ്യാർഥിനേതാക്കളോടൊപ്പം വാർത്താസമ്മേളനം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞത്, അത് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സോഫ്റ്റ്‌വേറിലെ പിഴവാണെന്നാണ്. പ്രിൻസിപ്പൽ വാർത്താസമ്മേളനം നടത്തുമ്പോൾ അതിൽ ഒരുവിഭാഗം വിദ്യാർഥിനേതാക്കളെമാത്രം പങ്കെടുപ്പിച്ചതിന്റെ സാംഗത്യം മനസ്സിലാവുന്നില്ല.
മാത്രമല്ല, ഒരുതരത്തിലുമുള്ള പരിശോധനയും നടത്താതെ ഇത്തരമൊരു പരീക്ഷാഫലം കോളേജിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതെങ്ങനെ എന്ന സംശയവും ബാക്കിനിൽക്കുന്നു. താൻ പരീക്ഷയെഴുതിയിട്ടില്ലെന്ന് തുറന്നുസമ്മതിക്കുന്ന വിദ്യാർഥിനേതാവ് ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുന്നുണ്ട്. പരീക്ഷയെഴുതാതെ ലഭിക്കുന്ന സർട്ടിഫിക്കറ്റിന് എത്രത്തോളം ആയുസ്സുണ്ടാവുമെന്നൊക്കെ ഒരു വിദ്യാർഥിനേതാവിന് അറിയാതിരിക്കാൻ വഴിയില്ല. അദ്ദേഹത്തെ ആരെങ്കിലും കുരുക്കിലാക്കിയതാണോ എന്നറിയണം. ഇടത് അധ്യാപകസംഘടനാപ്രവർത്തകൻകൂടിയായ ഡിപ്പാർട്ട്‌മെന്റ് കോ-ഓർഡിനേറ്റർക്കെതിരേ അദ്ദേഹം പാർട്ടിയിൽ പരാതി നൽകിയതായും പറയുന്നു. അതോടെ ഈ വിഷയത്തിന് മറ്റൊരു മാനംകൂടി കൈവരുകയാണ്. ഡിപ്പാർട്ട്‌മെന്റിലെ ഒരു വിദ്യാർഥിനിയുടെ പുനഃപരിശോധനാഫലവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ താൻ ഇടപെടുകയും പിന്നീട് ആ അധ്യാപകനെ കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തതായി വിദ്യാർഥിനേതാവ് പറയുന്നു. അതുകൊണ്ടുതന്നെ ആ അധ്യാപകന് ഇതിൽ എന്താണു പങ്കെന്നും അന്വേഷിക്കേണ്ടതുണ്ട്.
ഇതേ മഹാരാജാസ് കോളേജിൽ ഗസ്റ്റ് അധ്യാപികയായിരുന്നു എന്ന വ്യാജരേഖ ചമച്ചാണ് മറ്റൊരു വനിതാനേതാവ് അട്ടപ്പാടി ആർ.ജി.എം. ഗവ. കോളേജിൽ ഗസ്റ്റ് ലക്ചററാവാൻ അപേക്ഷിച്ചത്. അവിടെ പഠിച്ചിരുന്ന കാലമാണ് പ്രവൃത്തിപരിചയമായി കാണിച്ചത്. ലോഗോ ഉൾപ്പെടെ വ്യാജമാണെന്നു തെളിഞ്ഞതിനെത്തുടർന്ന് ഇവർക്കെതിരേ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ. ഇവർ പിഎച്ച്.ഡി. പ്രവേശനം നേടിയത് സംവരണം അട്ടിമറിച്ചാണെന്ന എസ്.സി.എസ്.ടി. സെല്ലിന്റെ റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നു.
ലക്ഷക്കണക്കിന് വിദ്യാർഥികളും ഉദ്യോഗാർഥികളും പ്രതീക്ഷയോടെ കാണുന്നതാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗം. അതിനിടയിലേക്ക് ഇത്തരം ക്രമക്കേടുകളുടെ കഥകൾകൂടി കടന്നുവന്നാൽ ഇതിന്റെ വിശ്വാസ്യത തകരും. ഭരിക്കുന്ന പാർട്ടിയുടെ ആളാവുകയാണ് യോഗ്യതയെന്നുവരുന്നത് വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും ആത്മവിശ്വാസത്തെ ഇല്ലാതാക്കും. രാഷ്ട്രീയം കളിച്ച് ഇനിയും അവരെ വിഡ്ഢികളാക്കാൻ ശ്രമിക്കരുത്. കലാലയങ്ങൾ രാഷ്ട്രീയക്കളരികൾകൂടിയാവുന്നതിൽ തെറ്റില്ല. എന്നാൽ, പരീക്ഷകളെയും നിയമനങ്ങളെയും രാഷ്ട്രീയക്കാർ നിയന്ത്രിക്കുന്ന അവസ്ഥയുണ്ടാവരുത്. മികവിനുമാത്രം പരിഗണനലഭിക്കുംവിധം ഉന്നതവിദ്യാഭ്യാസരംഗം ഉടച്ചുവാർക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
Content Highlights: editorial


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..