അന്നം തരുന്നവരുടെ അന്നം മുട്ടിക്കരുത്


2 min read
Read later
Print
Share

ആത്മഹത്യാവക്കിലേക്ക് തള്ളാതെ കർഷകരെ രക്ഷിക്കാൻ വായ്പകൾക്ക് മൊറട്ടോറിയവും പലിശയിളവും പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന കർഷക സംഘടനകളുടെ ആവശ്യം ന്യായമാണ്

.

പ്രതിസന്ധികളിൽ പോരടിച്ച് നെൽപ്പാടത്ത് നൂറുമേനി വിളയിക്കുന്നവരെ പ്രതിസന്ധിയിലാക്കുന്ന നടപടികളാണ് കുറെ നാളായി സപ്ലൈകോയും സർക്കാരും കൈക്കൊള്ളുന്നത്. നെല്ലുസംഭരിച്ചയുടൻ കർഷകനു പണം എന്നതാണ് സർക്കാർ നയം. പക്ഷേ, നെല്ലുകൊടുത്തതിന്റെ വില മാസം നാലാകാറായിട്ടും കിട്ടിയിട്ടില്ല. ഇക്കൊല്ലം സംസ്ഥാനത്ത് രണ്ടാം വിളയിൽ (പുഞ്ച) സംഭരിച്ച നെല്ലിന്റെ വിലയായി 850 കോടിയിലേറെ കർഷകർക്കു കൊടുക്കാനുണ്ട്. കഴിഞ്ഞ സീസണിൽ നെല്ലുവിറ്റ കർഷകർക്ക് ഏപ്രിൽ, മേയ് മാസങ്ങളിലാണ് പണം ലഭിച്ചത്. കുട്ടനാട്ടിൽ പലരും രണ്ടാംകൃഷി ചെയ്യാറില്ല. അത്തരക്കാർക്ക് വരുമാനം നിലച്ചിട്ട് ഒരു വർഷമാകുന്നു ഡിസംബർ, ജനുവരി മാസങ്ങളിൽ വായ്പക്കാലാവധി തീർന്ന കർഷകരാണ് നെല്ലുവില വിതരണം നീണ്ടതോടെ കുടുങ്ങിയത്. പലിശയാനുകൂല്യം നഷ്ടപ്പെട്ട വായ്പകളുടെ തിരിച്ചടവ് വലിയബാധ്യതയാണ്. പലിശ പൂർണമായി അടയ്ക്കാതെ വായ്പ പുതുക്കാനുമാവില്ല. സംഭരിച്ച നെല്ലിന്റെ വിലവിതരണം മുടങ്ങിയതോടെ കാർഷിക വായ്പയെടുത്ത കർഷകർ വെട്ടിലായി.

കൃഷിയിട വിസ്തൃതി കണക്കാക്കി മൂന്നുലക്ഷം രൂപവരെ ലഭിക്കുന്ന കാർഷികവായ്പാ തിരിച്ചടവിൽ കർഷകരുടെ ബാധ്യത നാലുശതമാനം പലിശ മാത്രമാണ്. ഈ ആനുകൂല്യം കർഷകർക്ക് ലഭിക്കണമെങ്കിൽ വായ്പക്കാലാവധി തീരുന്ന തീയതിക്ക് മുമ്പുതന്നെ തിരിച്ചടയ്ക്കണം. നെല്ലുവില കിട്ടുന്നത് കണക്കാക്കിയാണ് സംസ്ഥാനത്തെ 60 ശതമാനം നെൽക്കർഷകരും കാർഷികവായ്പകളെ ആശ്രയിക്കുന്നത്. തിരിച്ചടവ് സമയപരിധി കഴിഞ്ഞാൽ വായ്പബാധ്യത തീർക്കാൻ 9.5 മുതൽ 11 ശതമാനം പലിശ നൽകേണ്ട സ്ഥിതിയാണ്. വർഷത്തിൽ രണ്ടു കൃഷിയിറക്കുന്ന കർഷകർക്ക് കൃത്യമായ കാലാവധിയിൽ നെല്ലിന്റെ വില ലഭിച്ചിരുന്നു. ഇത് കണക്കാക്കി വായ്പകൾ സമയപരിധി തീരുന്നതിനു മുമ്പുതന്നെ തിരിച്ചടയ്ക്കുകയും ചെയ്തിരുന്നതായി കർഷകർ പറയുന്നു. വരൾച്ച, മഴക്കെടുതി തുടങ്ങിയ സമയങ്ങളിൽ കാർഷികവായ്പകൾക്ക് സർക്കാർ പലിശയിളവ് പ്രഖ്യാപിക്കാറുണ്ട്. ഇക്കുറി കാലാവസ്ഥയല്ല, സർക്കാർ നടപടികളുടെ പോരായ്മയാണ് കർഷകരെ കണ്ണീരുകുടിപ്പിക്കുന്നത്. സപ്ലൈകോയുടെ കെടുകാര്യസ്ഥത കാരണമുണ്ടായതാണ് കർഷകരുടെ ബാധ്യത. ആത്മഹത്യാവക്കിലേക്ക് തള്ളാതെ കർഷകരെ രക്ഷിക്കാൻ വായ്പകൾക്ക് മൊറട്ടോറിയവും പലിശയിളവും പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണമെന്ന കർഷക സംഘടനകളുടെ ആവശ്യം ന്യായമാണ്.

കർഷകരിൽനിന്ന്‌ നെല്ലുസംഭരിച്ച് അരിയാക്കി കേന്ദ്ര പൂളിലേക്ക്‌ നൽകുമ്പോൾ കേന്ദ്രവിഹിതമായി കർഷകന് കിട്ടേണ്ട തുക സിവിൽ സപ്ലൈസിന്റെ അക്കൗണ്ടിലേക്കു വരും. സംസ്ഥാന സർക്കാരിന്റെ വിഹിതവും ചേർത്ത് കർഷകന്റെ അക്കൗണ്ടിലേക്ക്‌ നൽകുന്നതാണ് സിവിൽ സപ്ലൈസിന്റെ പ്രവർത്തനരീതി. ഇതിന് മാസങ്ങളുടെ കാലതാമസമാണ് വരുന്നത്. സംഭരിച്ചാലുടൻ പണം എന്ന നയം നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിഹിതത്തിന് കാത്തിരിക്കാതെ മുഴുവൻ തുകയും സിവിൽസപ്ലൈസ് കോർപ്പറേഷൻ ഗാരന്റിനിന്ന് കർഷകന്റെ പേരിൽ ബാങ്ക് വായ്പയായി നൽകുന്ന സമ്പ്രദായമാണ് നിലവിലുള്ളത്.

ആദ്യം സഹകരണ ബാങ്കുവഴിയായിരുന്ന നെല്ലുസംഭരണം ക്രമക്കേടു നടക്കുന്നെന്ന ആരോപണത്തെ തുടർന്ന് ജില്ലാ സഹകരണബാങ്കു വഴിയാക്കി. പിന്നീട് ഗ്രാമീണബാങ്കിലൂടെയും കേരള ബാങ്കിലൂടെയുമായി വില വിതരണം. ഇക്കുറി എസ്.ബി.ഐ., ഫെഡറൽ ബാങ്ക്, കനറാ ബാങ്കുകളിലൂടെയാണ് നെല്ലുവില വിതരണം. വായ്പയായിട്ടാണെങ്കിലും കർഷകന് വളരെ ആശ്വാസം നൽകുന്ന നടപടിയായിരുന്നു ഇത്. കർഷകരക്ഷയ്ക്ക് ആരംഭിച്ച ഈ നടപടി ഇപ്പോൾ കർഷകന് ദോഷകരമായിരിക്കുന്നു. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും വികലമായ നയങ്ങളും സിവിൽസപ്ലൈസ് കോർപ്പറേഷനെ കടക്കെണിയിലാക്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ ചേർത്ത് ഓരോ സീസണിലും കോടികൾ കടമെടുത്തതിന്റെ പലിശഭാരം സിവിൽസപ്ലൈസ് കോർപ്പറേഷന് സ്വന്തമായി കണ്ടെത്തേണ്ട നിലയിലായി. നെല്ലുവിലയ്ക്കുവേണ്ടി വായ്പയെടുക്കുന്ന തുകയിൽ 72 ശതമാനം കേന്ദ്രവും 28 ശതമാനം സംസ്ഥാനവുമാണ് നൽകേണ്ടത്. പലിശയും സംസ്ഥാനം നൽകണം.

സംസ്ഥാനത്തിന്റെ വിഹിതം പലപ്പോഴും സമയത്തു കിട്ടാറില്ല. പിന്നീട് ലഭിക്കുന്ന കേന്ദ്രവിഹിതം വകമാറ്റി ചെലവഴിച്ചാണ് സപ്ലൈകോ പിടിച്ചുനിൽക്കുന്നത്. ഇതുകൊണ്ടാണ് നെല്ലുവില സമയബന്ധിതമായി കൊടുക്കാൻ സപ്ലൈകോയ്ക്ക് സാധിക്കാത്തത്. കൃഷി, സിവിൽ സപ്ലൈസ്, ധനകാര്യ വകുപ്പുകൾ ചേർന്നാണ് നെല്ലുസംഭരണ പ്രക്രിയ നടത്തുന്നത്. ഇവ തമ്മിൽ ഏകോപനമില്ലാത്തതാണ് പ്രധാനപ്രശ്നം. ഓരോ വിളവെടുപ്പുകാലം കഴിയുമ്പോഴും മണ്ണിൽ വിയർപ്പൊഴുക്കിയ കർഷകൻ നെല്ലിന്റെ പണത്തിനായി സർക്കാരിനോടും സപ്ലൈകോയോടും കൈനീട്ടി യാചിക്കേണ്ടി വരുന്നത് കാർഷിക കേരളത്തിന് നാണക്കേടാണ്. നെല്ലെടുക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തുക എന്നതാണ് പരിഹാരമായി കർഷകസംഘടനകൾ ഉയർത്തിക്കാട്ടുന്നത്.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..