ഖലിസ്ഥാനികളെ കാനഡ നിലയ്ക്കുനിർത്തണം


2 min read
Read later
Print
Share

പ്രതിഷേധിക്കാനും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം വിഘടനവാദം വളർത്താനുള്ള അവസരമായി തെറ്റിദ്ധരിക്കപ്പെടുന്നുവെങ്കിൽ അത് തിരുത്തേണ്ട ബാധ്യത കനേഡിയൻ ഭരണകൂടത്തിനുണ്ട്

.

മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ ആഘോഷിക്കുന്ന, ഖലിസ്ഥാൻ വിഘടനവാദികൾ ഒരുക്കിയ നിശ്ചലദൃശ്യം ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 39-ാം വാർഷികത്തിൽ കാനഡയിലെ ബ്രാംപ്ടണിൽ ഖലിസ്ഥാനികൾ സംഘടിപ്പിച്ച റാലിയിലാണ് ഇന്ദിരാവധത്തെ മഹത്ത്വവത്കരിക്കുന്ന തരത്തിലുള്ള നിശ്ചലദൃശ്യം അവതരിപ്പിക്കപ്പെട്ടത്. ചോരക്കറപുരണ്ട വെള്ളസാരി ധരിച്ചുനിൽക്കുന്ന ഇന്ദിരാഗാന്ധിക്കുനേരെ ടർബൻ ധരിച്ച രണ്ടുപേർ തോക്കുചൂണ്ടി നിൽക്കുന്നതായിരുന്നു ദൃശ്യം. ‘ദർബാർ സാഹിബിനുനേരെ നടത്തിയ ആക്രമണത്തിനുള്ള പ്രതികാരം’ എന്ന പോസ്റ്ററും ഇതിനൊപ്പം പ്രദർശിപ്പിച്ചിരുന്നു. ജൂൺ നാലിനുനടന്ന റാലിയിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇതിനെതിരേ വലിയ പ്രതിഷേധങ്ങൾ രാജ്യത്തിനകത്തും പുറത്തും ഉയർന്നിട്ടുണ്ട്.

തീവ്രവാദികൾക്കും വിഘടനവാദികൾക്കും കാനഡ താവളമൊരുക്കുകയാണെന്നും വോട്ടുബാങ്കുമാത്രം ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യ-കാനഡ ബന്ധത്തെ മാത്രമല്ല കാനഡയെത്തന്നെ ബാധിക്കുമെന്നും വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ കടുത്തഭാഷയിൽ മുന്നറിയിപ്പുനൽകിയിട്ടുണ്ട്. ഒരു രാജ്യത്തിന്റെ മുൻപ്രധാനമന്ത്രിയെ അപമാനിക്കുന്ന പ്രകടനത്തിന് അംഗീകാരം നൽകുന്നത് നയതന്ത്രമര്യാദകളുടെ നഗ്നമായ ലംഘനമാണെന്ന് കാനഡ മറന്നത് അങ്ങേയറ്റം ഖേദകരമാണ്. ഏതെങ്കിലും ഭരണാധികാരിയുടെ നടപടിക്കെതിരേയുള്ള പ്രതിഷേധമല്ല, മറിച്ച് ഇന്ദിരാഗാന്ധിയെന്ന ഉരുക്കുവനിതയെ ആസൂത്രിതമായി കൊലപ്പെടുത്തിയ സംഭവത്തെയാണ് വിഘടനവാദികൾ ചേർന്ന് ആഘോഷമാക്കിയതും കനേഡിയൻ ഭരണകൂടം അത് കണ്ടുനിന്നതും.

2002-ൽ, ടൊറന്റോയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന പഞ്ചാബി മാഗസിനിൽ ഇന്ദിരാഗാന്ധിയെ അപമാനിക്കുന്ന ഒരു ചിത്രം അച്ചടിച്ചുവന്നിരുന്നു. സിഖ്‌സ് ഫോർ ജസ്റ്റിസ് എന്ന, ഇന്ത്യയിൽ നിരോധിച്ച സംഘടനയുടെ നേതൃത്വത്തിൽ, ‘ഖലിസ്ഥാൻ’ സ്ഥാപിക്കുന്നതിനെക്കുറിച്ച് ബ്രാംപ്ടണിൽ ഒരുലക്ഷം സിഖുകാർ പങ്കെടുത്ത ഹിതപരിശോധന നടന്നത് കഴിഞ്ഞവർഷമാണ്. ഈ രണ്ടുവിഷയങ്ങളിലും ഇന്ത്യ ശക്തമായ പ്രതിഷേധം കാനഡയെ അറിയിച്ചിരുന്നു. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ വാർഷികത്തിൽ വർഷംതോറും ഖലിസ്ഥാൻ വിഘടനവാദികൾ സംഘടിപ്പിക്കുന്ന പരിപാടികൾ ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണെന്ന് മുൻ സംഭവങ്ങളിൽനിന്ന് കനേഡിയൻ സർക്കാരിന് ബോധ്യമുള്ളതാണ്. പൊതുറാലികൾ നടത്താൻ മാസങ്ങൾക്കുമുൻപേ അനുവാദം വാങ്ങണമെന്ന് നിയമമുള്ള നാടാണ് കാനഡ. ഖലിസ്ഥാനികൾ നടത്താൻപോകുന്ന പ്രകടനം ഇന്ത്യയുടെ താത്പര്യങ്ങളെയും പരമാധികാരത്തെയും വ്രണപ്പെടുത്തുന്നുണ്ടോയെന്നു പരിശോധിക്കാൻ ആ രാജ്യത്തിന് വേണ്ടത്രസമയം ലഭിക്കുമെന്നു ചുരുക്കം. എന്നാൽ, അത്തരം പരിശോധനകൾക്കു മുതിരാതെ ഇന്ദിരാഗാന്ധിയെ അപമാനിക്കുന്ന റാലിക്ക് അനുമതി നൽകിയത് വോട്ടുബാങ്ക് ലക്ഷ്യമിട്ടുതന്നെയാകുമെന്ന വിദേശകാര്യമന്ത്രിയുടെ വാക്കുകളിൽ തീർച്ചയായും വസ്തുതയുണ്ട്.

ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിഖ് വംശജരുള്ളത് കാനഡയിലാണ്. കാനഡയുടെ ജനസംഖ്യയുടെ രണ്ടുശതമാനത്തോളം സിഖുകാരാണ്. ഏതു വോട്ടുബാങ്കിന്റെ പേരിലായാലും വിധ്വംസക പ്രവർത്തനങ്ങൾക്ക് വളംവെച്ചുനൽകുന്ന പ്രവണത ഒരു രാജ്യത്തിനും ഭൂഷണമാകില്ല. പ്രതിഷേധിക്കാനും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം വിഘടനവാദം വളർത്താനുള്ള അവസരമായി തെറ്റിദ്ധരിക്കപ്പെടുന്നുവെങ്കിൽ അത് തിരുത്തേണ്ട ബാധ്യത കനേഡിയൻ ഭരണകൂടത്തിനുണ്ട്. മറ്റൊരു രാജ്യത്തിന്റെ വൈകാരികതയെയും പരമാധികാരത്തെയും വ്രണപ്പെടുത്തുന്നതല്ല ശരിയായ സ്വാതന്ത്ര്യം. ഇന്ദിരാ ഗാന്ധിയെ അപമാനിച്ച സംഭവത്തെ കനേഡിയൻ സ്ഥാനപതി അപലപിച്ച് പ്രസ്താവനയിറക്കിയത് സ്വാഗതാർഹമാണ്. ഇരുരാജ്യവും തമ്മിലുള്ള ബന്ധത്തെ വിഷയം കൂടുതൽ ബാധിക്കാതിരിക്കാൻ നയതന്ത്രതലത്തിൽ അടിയന്തര ഇടപെടലുണ്ടാകണം. ഇത്തരം സംഭവങ്ങൾ ഭാവിയിലുണ്ടാകില്ലെന്നു ഉറപ്പുവരുത്താനുള്ള നടപടികളും ഇതോടൊപ്പം സ്വീകരിക്കണം. തങ്ങളുടെ മണ്ണ് വിധ്വംസക പ്രവർത്തനങ്ങൾക്കുള്ള സുരക്ഷിത താവളമാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ഓരോ രാജ്യത്തിനുമുണ്ട്.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..