കാർഷിക സർവകലാശാല: വിത്തെടുത്ത് കുത്തെരുത്


2 min read
Read later
Print
Share

കാലാവസ്ഥാ വ്യതിയാനമടക്കമുള്ള കാരണങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ കർഷകർക്ക് വഴിവിളക്കായി കാർഷിക സർവകലാശാല ഉണ്ടാവണം. പ്രവർത്തനങ്ങൾ അടിമുടി പൊളിച്ചെഴുതിയാൽ മാത്രമേ പഴയകാല പ്രതാപത്തിലേക്കൊരു തിരിച്ചുവരവിന് സാധ്യതയുള്ളൂ

.

കെടുകാര്യസ്ഥതയും അമിതമായ രാഷ്ട്രീയ ഇടപെടലും ഒരു സർവകലാശാലയെ എവിടെ എത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് കേരള കാർഷിക സർവകലാശാല. ബാധ്യതകൾ തീർക്കാനും നിത്യച്ചെലവിനുമായി ഭൂമി പണയപ്പെടുത്തി 40 കോടി രൂപ വായ്പയെടുക്കാനാണ് സർവകലാശാലയുടെ തീരുമാനം. വിത്തെടുത്തു കുത്തുന്നതിനു സമാനമായ നീക്കമാണിത്. ഒരുഭാഗം ഭൂമി വിൽക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും വിവാദമാവുമെന്നതിനാൽ പിൻവാങ്ങിയെന്നാണു വിവരം. ഒരുകാലത്ത് രാജ്യത്തെ മുൻനിര സർവകലാശാലകളോട് കിടപിടിച്ചിരുന്ന സർവകലാശാല ഇന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ.) റാങ്കിങ്ങിൽ 28-ാം സ്ഥാനത്താണ്. അക്രഡിറ്റേഷനിൽ ബി ഗ്രേഡ് മാത്രവും. 2010-ൽ മൃഗസംരക്ഷണവും ഫിഷറീസും വേർപെടുത്തി പ്രത്യേക സർവകലാശാലകളാക്കിയതിനെത്തുടർന്നാണ് റാങ്കിങ്ങിൽ തിരിച്ചടിയുണ്ടായതെന്ന വാദമുണ്ട്. എന്നാൽ, അക്കാദമിക-ഗവേഷണ മേഖലയ്ക്കുള്ള ഊന്നൽ നഷ്ടമാവുകയും സ്ഥാപിതതാത്പര്യങ്ങൾക്ക് മേൽക്കൈ ലഭിക്കുകയും ചെയ്തതാണ് സർവകലാശാലയുടെ പിന്നോട്ടടിക്ക് ആക്കംകൂട്ടിയത്. അടുത്തകാലത്തായി സർവീസ് സംഘടനകളുടെ ശീതസമരവും പ്രക്ഷോഭ, സംഘർഷ വാർത്തകളും മറ്റും മാത്രമാണ് സർവകലാശാലയിൽനിന്ന് പുറത്തുവരുന്നത്.

തൃശ്ശൂർ വെള്ളാനിക്കരയിലും വയനാട് അമ്പലവയലിലും തിരുവനന്തപുരം വെള്ളായണിയിലുമടക്കം നാലായിരം ഏക്കറിനടുത്ത് ഭൂമിയാണുള്ളത്. മറ്റേതു സർവകലാശാലയെ അപേക്ഷിച്ചും തനതുവരുമാനം വർധിപ്പിക്കാൻ സാധ്യതകളേറെയുള്ള സ്ഥാപനമാണിത്. എന്നാൽ, 21 ഗവേഷണകേന്ദ്രങ്ങളും നാല് ഇൻസ്ട്രക്‌ഷണൽ ഫാമുകളും ഏഴ് കൃഷിവിജ്ഞാനകേന്ദ്രവുമടക്കം ബൃഹത്തായ സംവിധാനങ്ങളുള്ള സർവകലാശാലയ്ക്ക് വർഷം ഫാം വരുമാനത്തിൽ കിട്ടുന്നത് ആറുകോടി രൂപ മാത്രമാണ്. ഫാമുകളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയാൽ വർഷം 200 കോടിയോളം രൂപ ലഭിക്കുമെന്നു പഠനത്തിൽ കണ്ടെത്തിയിരുന്നു. ഫാം വരുമാനമടക്കം 14 കോടിയാണ് ആകെ ലഭിക്കുന്ന ആഭ്യന്തരവരുമാനം. ശമ്പളത്തിനായിമാത്രം മാസം 33 കോടി രൂപവേണം. ഈ വർഷത്തെ പെൻഷൻബാധ്യത 87.47 കോടി രൂപയാണ്. ഭൂമി പണയംവെച്ച് 40 കോടി രൂപ വായ്പയെടുത്താലും വരുത്തിവെച്ച കടക്കെണിയിൽനിന്ന് കരകയറാനാവില്ല. സർക്കാർനൽകുന്ന വിഹിതം മൂന്നുവർഷമായി ഉയർത്താത്തതും പ്രതിസന്ധി കൂട്ടാനിടയാക്കി. ഓരോ വർഷവും 10 ശതമാനം വർധിപ്പിക്കുന്ന പതിവ് മൂന്നുവർഷമായി സർക്കാർ നടപ്പാക്കിയിട്ടില്ല. ഐ.സി.എ.ആറിന്റെ വികസന ഗ്രാന്റിലും വലിയ ഇടിവുണ്ടായി. 2017-18ൽ എട്ടുകോടി രൂപ കിട്ടിയസ്ഥാനത്ത് 2021-22ൽ 2.3 കോടി രൂപയാണ് ലഭിച്ചത്. റാങ്കിങ്ങിലും ഗ്രേഡിങ്ങിലും പിന്നാക്കംപോവുന്നതാണ് ഇതിനുകാരണം. കോളേജുകളിൽ 10 വർഷമായി അധ്യാപകനിയമനം മുടങ്ങിക്കിടക്കുന്നതും അക്രഡിറ്റേഷനെ ബാധിക്കുന്നുണ്ട്. പുതിയ റാങ്കിങ്ങിനു മുന്നോടിയായി അധ്യാപകനിയമനം നടത്താനുള്ള ശ്രമം രാഷ്ട്രീയകാരണങ്ങളാൽ കോടതിയിലെത്തി. ഭരണ, പ്രതിപക്ഷ ഏറ്റുമുട്ടൽ എന്നതല്ല, ഭരണമുന്നണിയിലുള്ള രണ്ട് പ്രമുഖ യൂണിയനുകളാണ് ഇരുപക്ഷത്തായി അണിനിരന്ന്‌ പോരടിക്കുന്നതെന്നതാണ് കൗതുകം.

കൃഷി, മൃഗസംരക്ഷണം, മീൻവളർത്തൽ മേഖലയിലെ സമഗ്രവികസനം ലക്ഷ്യംവെച്ച് 1972-ൽ നിലവിൽവന്ന സർവകലാശാല പോയ 50 വർഷം അവഗണിച്ചുതള്ളാവുന്ന നേട്ടങ്ങളല്ല സ്വന്തമാക്കിയത്. മുന്നൂറിലധികം ഇനങ്ങളിൽ സർവകലാശാലയ്ക്ക് പേറ്റന്റ് ഉണ്ടെന്നതു ഇതിനുള്ള ഉദാഹരണമാണ്. കേരളത്തിലെ പ്രധാന വിളകളിലെല്ലാം സർവകലാശാല അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, സമീപകാലത്തായി സർവകലാശാലയും കർഷകരും തമ്മിലുള്ള അകലം വർധിക്കുന്നതായുള്ള വിമർശനങ്ങൾ ആ രംഗത്തുള്ളവർ ഉയർത്തുന്നുണ്ട്. കർഷകരുടെ പ്രായോഗികപ്രശ്നങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പഠന-ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന പരാതിയാണുയരുന്നത്. കാലാവസ്ഥാവ്യതിയാനമടക്കമുള്ള കാരണങ്ങൾ കാർഷികമേഖലയിൽ പ്രതിസന്ധിസൃഷ്ടിക്കുമ്പോൾ വഴിവിളക്കായി സർവകലാശാല കർഷകർക്കൊപ്പമുണ്ടാവണം. സർവകലാശാലയുടെ പ്രവർത്തനങ്ങൾ അടിമുടി പൊളിച്ചെഴുതിയാൽ മാത്രമേ പഴയകാല പ്രതാപത്തിലേക്കൊരു തിരിച്ചുവരവിന് സാധ്യതയുള്ളൂ. അതിനു തടസ്സമാവുന്ന എല്ലാതരം കളകളെയും പിഴുതെറിയാനുള്ള ആർജവമാണ് സർക്കാർ കാണിക്കേണ്ടത്.

Content Highlights: editorial

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..