നാളെയുടെ പാട്ടുകാർ


By എം.പി. സുരേന്ദ്രൻ

7 min read
Read later
Print
Share

ദേശീയ സ്വാതന്ത്ര്യസമരത്തിന് പിന്തുണനൽകുക എന്ന ലക്ഷ്യത്തോടെ 1923 മാർച്ച് 18-ന് പ്രസിദ്ധീകരണം തുടങ്ങിയ മാതൃഭൂമി പിന്നീട് കേരള സാമൂഹികവളർച്ചയുടെ ഒാരോ ഘട്ടത്തിലും ഒരു ദിശാസൂചിയായി നിലനിന്നു

മാതൃഭൂമി 33 വർഷം പിന്നിട്ടപ്പോഴാണ് രാജാധികാരത്തിന്റെ അവസാന ചിഹ്നങ്ങൾ ഉപേക്ഷിച്ച് കേരളസംസ്ഥാനം പിറക്കുന്നത്. ഐക്യകേരളത്തിനുവേണ്ടി ഏറ്റവും കൂടുതൽ എഴുതുകയും സംസാരിക്കുകയും ചെയ്ത പത്രാധിപർ കെ.പി. കേശവമേനോൻ തന്റെ ദീർഘമായ മുഖപ്രസംഗം അവസാനിപ്പിക്കുന്നത് ഈ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ്. ‘‘ഐക്യത്തിൽനിന്ന് ജനാധിപത്യത്തിലൂടെ നാം ഐശ്വര്യത്തിലേക്ക് മുന്നേറുമോ? അതോ നമ്മുടെ ഇടയിലുള്ള വ്യക്തിവാദവും ഗ്രൂപ്പ് മനഃസ്ഥിതിയും പ്രാദേശികഭേദബുദ്ധിയും വർഗീയചിന്തയും അച്ചടക്കരാഹിത്യവും വളർത്തി നാം അധഃപതനത്തിലേക്ക് കണ്ണടച്ച് നീങ്ങുമോ?
1923 മാർച്ച് 18-ന് പ്രസിദ്ധീകരണം തുടങ്ങിയ മാതൃഭൂമിയുടെ ആദ്യ മുഖപ്രസംഗത്തിൽത്തന്നെ മൂന്നായി മുറിഞ്ഞുകിടക്കുന്ന കേരളത്തിന്റെ ഐക്യതയ്ക്കായി പരിശ്രമിക്കുമെന്ന് പത്രാധിപർ ഉറപ്പുനൽകിയിരുന്നു. എങ്കിലും 1956-ൽ പശ്ചിമതീരസംസ്ഥാനമെന്ന തന്റെ ആവശ്യം നിഷ്‌ഫലമായതിൽ അദ്ദേഹം ദുഃഖിച്ചു. ഭാവികേരളം എങ്ങനെ പ്രവർത്തിക്കണമെന്ന് കേരളപ്പിറവിയിലെ 16 പേജ് സപ്ലിമെന്റിൽ പറഞ്ഞുവെച്ചാണ് അദ്ദേഹം കൃതാർഥനായത്. മൂന്നുകൊല്ലത്തിനുശേഷം, തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ താഴെയിറക്കാൻ സമരം തുടങ്ങിയപ്പോൾ പത്രാധിപർ കേളപ്പനുമായി ചേർന്ന് ഇരുപക്ഷത്തെയും വിമർശിച്ച് പ്രസ്താവനയിറക്കി. സ്വയം വിലപിച്ചു. ‘‘മറ്റൊരു പാരമ്പര്യത്തിൽ വളർന്നുവന്ന ഞങ്ങൾക്ക് ഇതെല്ലാം കാണുമ്പോൾ അസ്വാസ്ഥ്യം കൂടിവരുന്നു.’’
പത്രാധിപരായ കേശവമേനോനെക്കാൾ സൂക്ഷ്മദർശിയായിരുന്നു അദ്ദേഹത്തിലെ പൊതു പ്രവർത്തകൻ. അതുകൊണ്ടുതന്നെ മാതൃഭൂമിയെ സ്വാതന്ത്ര്യ സമര യോദ്ധാവ് എന്ന നിലയിൽനിന്ന് ജനാധിപത്യത്തിന്റെയും സാമൂഹികനീതിയുടെയും സാംസ്കാരികമായ വിവേകത്തിന്റെയും വഴിയിലൂടെ തെളിക്കുകയെന്ന ദൗത്യം അദ്ദേഹം ഏറ്റെടുത്തു.
പത്രാധിപരും അദ്ദേഹത്തിന്റെ പ്രാണസ്നേഹിതനായ കെ. മാധവൻനായരും സ്വകാര്യജീവിതത്തിൽ നേരിട്ട ദുരന്തത്തിന്റെ വഴികളിൽ ആശ്വസിക്കാനുള്ള തണ്ണീർപ്പന്തലുകളായിരുന്നു ഈ പൊതു ജീവിതം. ഇംഗ്ളണ്ടിൽ ബാരിസ്റ്റർ പരീക്ഷ പഠിക്കാൻപോയ പത്രാധിപർക്ക് താൻ രണ്ടാംതരം പൗരനാണെന്ന തോന്നൽ എപ്പോഴുമുണ്ടായിരുന്നു. സ്വതന്ത്രമായ നാട്ടിൽ ജീവിക്കണമെന്ന് അദ്ദേഹം അന്നേ നിശ്ചയിച്ചു. ഇംഗ്ളണ്ടിൽവെച്ച് രവീന്ദ്രനാഥ ടാഗോർ, ഗോപാലകൃഷ്ണ ഗോഖലെ, ലാലാ ലജ്പത്‌റായി തുടങ്ങിയ നേതാക്കളെ കണ്ടുമുട്ടിയ കേശവമേനോൻ അവരുമായി ഗാഢസംഭാഷണം നടത്തിയിരുന്നു.

മഹാത്മജി പാകിയ ജന്മദൗത്യം
1921 മാർച്ച് 18-ന് ബോംബെയിൽ ഗാന്ധിജിയുടെ വിചാരണകാണാൻ കേശവമേനോൻ ഹാജി രംഗീലയോടൊപ്പം അദ്ദേഹത്തിന്റെ കപ്പലിൽ പോയി. അഹമ്മദാബാദിലെ ജയിലിലെത്തി ഗാന്ധിജിയെ കണ്ടു. അന്ന്‌ സാബർമതിയിൽ താമസിച്ചു. സർദാർവല്ലഭ്‌ഭായി പട്ടേൽ, വിതൽഭായി പട്ടേൽ എന്നിവരുമായി ചർച്ച നടത്തി. പിറ്റേന്ന് ഗാന്ധിജിയുടെ വിചാരണകാണാൻ പോയി. ഗാന്ധിജിക്ക് അന്ന് ആറുവർഷത്തെ തടവ് വിധിച്ചു. ഗാന്ധിജിയെ പുറത്തേക്കുകൊണ്ടുപോകുമ്പോൾ കേശവമേനോനും കൂടെനടന്നു. പിരിയാൻ നേരം കേശവമേനോനോട് ഗാന്ധിജി പറഞ്ഞു. ‘‘ആ കാര്യം ഞാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്.’’ കേശവമേനോന് മാസം തോറും നൂറുരൂപ നൽകാൻ ബജാജ് ഫണ്ടിൽനിന്ന് ഏർപ്പാട് ചെയ്തിട്ടുണ്ടെന്നാണ് പറഞ്ഞത്. ഗാന്ധിജി കാട്ടിയ ഈ കരുതലും സൗമനസ്യവുമാണ് ജീവിതം പ്രതിസന്ധിയിലായിട്ടും ഇന്ത്യയുടെ മോചനപ്പോരാട്ടത്തിൽ ഉറച്ചുനിൽക്കാൻ കേശവമേനോന് ധൈര്യം നൽകിയത്. ഒറ്റപ്പാലം സമ്മേളനവും മലബാറിലെ കലാപവും കോൺഗ്രസിന്റെ വാർത്തകളും ജനങ്ങൾക്ക് അറിയാൻ കഴിഞ്ഞില്ലെന്ന് അവർ വിശദീകരിച്ചു. എല്ലാ പത്രങ്ങളും പ്രസിദ്ധീകരണങ്ങളും ബ്രിട്ടീഷ് അനുകൂലവാർത്തകൾ മാത്രമാണ് നൽകിയത്. ഗാന്ധിജി പറഞ്ഞു. ‘‘സത്യം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.’’ഈ വാക്കുകളിൽനിന്നാണ് മാതൃഭൂമിയുടെ ജന്മദൗത്യം സാക്ഷാത്കരിക്കുന്നത്.

മാധവൻനായർ എന്ന മനുഷ്യസ്നേഹി
കേശവമേനോനും കെ. മാധവൻ നായരും രക്തബന്ധത്തെക്കാൾ ശക്തമായ ആത്മബന്ധം കൊണ്ട് ജീവിച്ചവരാണ്. മാനവികമായ ധർമ ദീപ്തികൊണ്ട് കാരുത്തൊടി മാധവൻ നായർ ആരെയും അതിശയിച്ചുനിന്നു. മാധവൻനായരുടെ കുട്ടിക്കാലത്ത് അവർണർക്ക് വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടായിരുന്നില്ല. സവർണനെ കണ്ടാൽ അവർ ഓടി വഴിമാറണം. മലബാറിൽ ഒരു ദളിതന്റെ തോളിൽ െെകയിട്ടുനിന്ന ആദ്യ നേതാക്കളിലൊരാൾ മാധവൻനായരായിരുന്നു. സമഭാവനയുടെ ഈ പാഠം മഹാത്മജിയുടെ പ്രശംസയ്ക്ക് പാത്രമായി. ആ മാധവൻ നായരാണ് 1920-ൽ ഗാന്ധിജി ആദ്യമായി കേരള സന്ദർശനത്തിനെത്തിയപ്പോൾ കോഴിക്കോട് കടപ്പുറത്തുവെച്ച് പ്രസംഗം തർജമ ചെയ്തത്. 1921 ജനുവരി 15-ന് അതേ കടപ്പുറത്ത് ഒരു യോഗം വിളിച്ചുകൂട്ടി മാധവൻ നായർ പ്രഖ്യാപിച്ചു. ‘‘ഞാൻ വക്കീൽ പ്രവൃത്തിവിട്ട് മുഴുവൻസമയ കോൺഗ്രസ് പ്രവർത്തനത്തിനിറങ്ങുന്നു’’ നാഗ്‌പുരിൽവെച്ച് മാധവൻ നായരെ കേരളാപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി നിയോഗിച്ചു.
മാധവൻ നായർ, കെ.പി. കേശവമേനോനിൽ ഒരു സഹോദരനെ കണ്ടു. ഒരു നേതൃപങ്കാളിയെ കണ്ടു. ഒരു പോരാളിയെയുംകണ്ടു. കേശവമേനോന്‌ മാധവൻ നായർ സർവസ്വവുമായിരുന്നു. തന്റെ വീടിനു മുകൾനില കേശവമേനോന് താമസിക്കാൻ വിട്ടു നൽകി. മദിരാശിയിലേക്ക് വക്കീലായിപ്പോയ കേശവമേനോനെ സമരമുഖത്തേക്ക് തിരിച്ചുവിളിച്ചതും മാധവൻ നായരാണ്. അവരുടെ ദൃഢനിശ്ചയത്തിൽനിന്നാണ് മാതൃഭൂമി ജനിച്ചത്. അക്കാലത്ത് ചാലപ്പുറത്ത് താമസിച്ചുകൊണ്ടിരിക്കേ കോട്ട് ധരിച്ച് കുടയുമായെത്തിയ യുവാവ് അവരെ വിളിച്ചുണർത്തി. ബോംബെയിലെ നിയമപഠനം ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനെത്തിയതാണ് ആ യുവാവ് -കെ. കേളപ്പൻ. ജീവിതാവസാനം വരെ പോരാളിയായ കേളപ്പനാണ് മാധവൻ നായരുടെയും കേശവമേനോന്റെയും പോരാട്ടജീവിതം തുടർന്നുകൊണ്ടുപോയത്. വൈക്കം സത്യാഗ്രഹം മുതൽ കേളപ്പനാണ് മാതൃഭൂമിയുടെ നയവും പരിപാടിയും നിയന്ത്രിച്ചത്.

ചരിത്രംരചിച്ച ചുവടുകൾ
1922 ഫെബ്രുവരി 15ന്‌ മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ളിഷിങ് കമ്പനി രജിസ്റ്റർ ചെയ്യുമ്പോൾ ഏഴു ഡയറക്ടർമാർ, അവരുടെ ജന്മദൗത്യം ഇത്ര ദീർഘമാവുമെന്ന് ചിന്തിച്ചിരുന്നില്ല. കാലം അവരോട് ഒരു ജനതയുടെ വിമോചനം ആശ്യപ്പെട്ടു.

കെ.പി. കേശവമേനോൻ 1916-ലെ ലഖ്‌നൗ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത് നാടിന്റെ മോചനപ്പോരാട്ടത്തിൽ അംഗമാകുന്നു. 1917-ൽ കോഴിക്കോട്ട്‌ അഭിഭാഷകനായിരിക്കെ ബ്രിട്ടീഷ് കളക്ടറുടെ ശാസനയെ മറികടന്ന് മലയാളത്തിൽ പ്രസംഗിക്കുന്നു. ആ അഭിഭാഷകൻ ടൗൺഹാളിൽനിന്ന് ഇറങ്ങിപ്പോരുമ്പോൾ കെ. മാധവൻ നായരുൾപ്പെടെ ഭൂരിഭാഗവും അദ്ദേഹത്തെ അനുഗമിക്കുന്നു.
മലബാർ കലാപകാലത്ത് ഏറ്റവും പ്രായം കുറഞ്ഞ മുഹമ്മദ് അബ്ദുൾ റഹിമാനെയും മറ്റ് 21 പേരെയും കൂട്ടി ഏറനാട്ടേക്ക് സമാധാന ദൂതനായി ചെല്ലുന്നു. ബ്രിട്ടീഷ് പട്ടാളം മനുഷ്യ വിസർജ്യം വലിച്ചെറിയുന്നു. തുപ്പുന്നു. ബയണറ്റു കൊണ്ട് കുത്തുന്നു. അവർ ഏറനാട്ടിലെത്തി സമാധാനശ്രമം തുടങ്ങി. പോരാട്ടത്തിനിടയ്ക്ക് ഭാര്യയെയും രണ്ടുമക്കളെയും ചികിത്സിക്കാൻ കഴിയാതെ നഷ്ടപ്പെട്ട ജീവിതമാണ് കേശവമേനോന്റേത്.
അനശ്വരരായ അമരക്കാർ
കെ. മാധവൻ നായർക്ക് മാതൃഭൂമി ജീവവായു ആയിരുന്നു. അതിന്റെ യഥാർഥ അമരക്കാരൻ. മാതൃഭൂമിയെ ‘രക്ഷിക്കാൻ’ തന്റെ മുഴുവൻ സ്വത്തുകളും പണയപ്പെടുത്തിയ കർമയോഗി. സിവിൽ നിയമലംഘനകാലത്ത് ഇന്ത്യയിൽത്തന്നെ ആദ്യമായി അറസ്റ്റുവരിച്ചവരിൽ ഒരാൾ. മലബാർ കലാപത്തിന്റെ ദൃക്‌സാക്ഷി. മഹാരോഗത്തോട് സമരം െചയ്തുകൊണ്ടുതന്നെ അവസാന ദിവസങ്ങളിൽ ഗുരുവായൂർ റഫറണ്ടം പൂർത്തിയാക്കി ജീവിതത്തോട് വിടവാങ്ങി.

എ.ആർ. മേനോൻ വൈദ്യശാസ്ത്രത്തിൽ ബ്രിട്ടനിൽനിന്ന് ആദ്യമായി ബിരുദമെടുത്ത ഇന്ത്യക്കാരിൽ ഒരാളായിരുന്നു. ലഹളയുണ്ടായപ്പോൾ തൃശ്ശൂരിൽ ബ്രിട്ടീഷ് പോലീസിന്റെ തിരക്കഥയനുസരിച്ച് ഖിലാഫത്ത് െവാളന്റിയർമാരെ വിളിച്ചുവരുത്തി അക്രമം അവസാനിപ്പിച്ച യോദ്ധാവ്. തൃശ്ശൂർ നഗരത്തിന്റെ വികസന ശില്പി. പിൽക്കാലത്ത് ഇ.എം.എസ്. മന്ത്രിസഭയിൽ ആദ്യത്തെ ആരോഗ്യമന്ത്രിയായി.
പൊക്കാഞ്ചേരി അച്യുതൻ എന്ന പി. അച്യുതൻ വക്കീൽ ആദർശാലിയായിത്തന്നെ ജീവിതം കൊണ്ടാടി. കോഴിക്കോട്ടെ തളിക്ഷേത്രത്തിൽ സ്ഥാപിച്ച തീണ്ടൽപ്പലകകൾ കുളത്തിലെറിഞ്ഞത് മാധവൻ നായരോടും മിതവാദി സി. കൃഷ്ണനോടുമൊപ്പം അയിത്തം അവസാനിപ്പിച്ച അഭിഭാഷകൻ. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ അമരക്കാരിൽ ഒരാൾ. കോഴിക്കോട് ശ്രീകണേ്ഠശ്വരം ക്ഷേത്രത്തിൽ ദളിതർക്ക് ആരാധനാ സ്വാതന്ത്ര്യം നൽകിയ ധീരൻ.

കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് കൊച്ചി രാജ്യത്തെ കോൺഗ്രസ് സെക്രട്ടറിയായിരുന്നു. ബ്രിട്ടീഷ് ഭരണത്തെ വിമർശിച്ചുകൊണ്ട് ലോകമാന്യൻ എന്നാരു മാസപ്പത്രം നടത്തി. ബ്രിട്ടീഷ് ഭരണത്തിനെതിരേ മുഖപ്രസംഗമെഴുതി. അതോടെ പത്രം കണ്ടുകെട്ടി. ജയിലിലായി. സമുദായത്തിൽനിന്ന് ഭ്രഷ്ടനാക്കപ്പെട്ടു. അമ്പലക്കാട് കരുണാകരമേനോൻ, നാടിന്റെ മോചനത്തിനായി വക്കീൽപ്പണി ഉപേക്ഷിച്ച് സമരരംഗത്തിറങ്ങി. മാധവൻ നായർ കെ.പി.സി.സി. സെക്രട്ടറിയായപ്പോൾ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി പാർട്ടി സ്കൂൾ സ്ഥാപിക്കാൻ മുന്നിൽ നിന്നു. കോഴിക്കോട് മലബാറിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകനായിരുന്നു ടി.വി. സുന്ദരയ്യർ. സ്വാതന്ത്ര്യസമരത്തിന്റെ പേരിൽ കുറ്റം ചുമത്തുന്ന പോരാളികളുടെ കേസ് നടത്തിയ വക്കീൽ. 1930-ൽ നിരോധനാജ്ഞ ലംഘിച്ച് സ്ത്രീകൾ സമരത്തിനിറങ്ങിയപ്പോൾ മുൻനിരയിൽ സുന്ദരയ്യരുടെ ഭാര്യയും മകളുമുണ്ടായിരുന്നു. ഈ വ്യക്തിത്വങ്ങളായിരുന്നു മാതൃഭൂമിയുടെ ഇന്ധനം. അവരുടെ പിന്നാലെവന്നവരാകട്ടെ അതേ പാതയിലൂടെ മുന്നേറിയ ഭാവനാശാലികളായിരുന്നു. കെ. കേളപ്പൻ, മാധവൻ നായരുടെ സഹോദരൻ കെ. കേശവൻ നായർ, യു. ഗോപാലമേനോൻ, കോഴിപ്പുറത്ത് മാധവമേനോൻ, ടി.ആർ. കൃഷ്ണസ്വാമിറെഡ്യാർ, പി. രാമുണ്ണിമേനോൻ, ടി.വി. ചാത്തുക്കുട്ടിനായർ, വി.എം. നായർ, വി.എ. കേശവൻനായർ, ആർ. കൃഷ്ണയ്യർ എന്നിവരുടെ ജീവിതവും ഈ യാത്രയിൽ വിലപ്പെട്ടതായിരുന്നു.

ഭാഗധേയം നിർണയിച്ച അക്ഷരസമരം
1923 മാർച്ച് 18-ന് മാതൃഭൂമി ആഴ്ചയിൽ മൂന്നുദിവസമായി പുറത്തിറങ്ങുമ്പോൾ നിർഭയമായി ജീവിച്ചുകൊണ്ട് ബ്രിട്ടീഷ് ഏകാധിപത്യത്തിനെതിരേ പൊരുതുന്നവർക്കും നിശ്ശബ്ദമായി പിന്തുണച്ചവർക്കും മാത്രമേ അതിന്റെ ഉള്ളടക്കം ഉൾക്കൊള്ളാനായുള്ളൂ. യഥാർഥത്തിൽ അത്‌ വാക്കുകളുടെ സായുധകലാപമായിരുന്നു. നിശ്ശബ്ദ ഭൂരിപക്ഷത്തെ മാതൃഭൂമിയോട് അടുപ്പിക്കുക എന്നത് കഠിനപരിശ്രമമായിരുന്നു. അതിൽ മാതൃഭൂമി വിജയിക്കുകതന്നെ ചെയ്തു. സ്വാതന്ത്ര്യസമരം നടന്നുകൊണ്ടിരിക്കുമ്പോൾ ഓരോ കുഗ്രാമത്തിലും മാതൃഭൂമി പത്രം പ്രതീക്ഷിച്ച് ആളുകൾ കൂട്ടമായി നിന്നിരുന്നു. ഇന്ത്യയിലും കേരളത്തിലും നടക്കുന്ന സംഭവങ്ങൾ മുഴുവനും നാട്ടുകാർക്ക് മനസ്സിലാക്കാൻ സാധിച്ചു. പി. രാമുണ്ണിമേനോൻ, മാധവൻനായർ, കെ.പി.കെ. മേനോൻ തുടങ്ങിയവരായിരുന്നു അതിന്റെ ജനയിതാക്കൾ.

നയവും ദൗത്യവും
വിമർശനങ്ങളാണ് പത്രത്തിന്റെ സംവാദതലമെന്ന് അതിന്റെ ജനയിതാക്കൾ വിശ്വസിച്ചു. ആദ്യലക്കത്തിൽത്തന്നെ പത്രാധിപർ മാതൃഭൂമിയുടെ നയം വ്യക്തമാക്കുന്നുണ്ട്. പോരാടുമ്പോൾ ബലത്തോടെ പോരാടുക എന്ന ഗാന്ധിയൻ സത്യവാക്യം സ്വീകരിച്ചുകൊണ്ട് സ്വാതന്ത്ര്യം നേടുക എന്നതുമാത്രമായി അതിന്റെ പോരാട്ടം പരിമിതപ്പെടുത്തരുതെന്ന് മാതൃഭൂമി ഉറപ്പിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുക്കുക, അവരെ സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കാൻ സഹായിക്കുക എന്നത്‌ ദൗത്യമായി സ്വീകരിച്ചു.

അദൃശ്യനായ ഒരു ‘മുഖ്യപത്രാധിപരു’ടെ, ഗാന്ധിജിയുടെ വാക്കുകൾ, ആദ്യത്തെ മുഖപ്രസംഗമെഴുതുമ്പോൾ കേശവമേനോനെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. മനുഷ്യജീവിതം മഹത്തായൊരു ബാധ്യതയാണെന്നും അവന്റെ സ്വാഭിമാനത്തെ ഒരുകാലത്തും ക്ഷയിപ്പിക്കാൻ ഇടവരുത്തരുതെന്നും ‘പാവനപ്രതിജ്ഞ’ എന്ന മുഖപ്രസംഗത്തിൽ അടിവരയിടുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുമാത്രമല്ല മറ്റു രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയും മാതൃഭൂമി ശബ്ദമുയർത്തുമെന്ന് പത്രാധിപർ ഉറപ്പുനൽകി. രാജ്യം ഒരു മതക്കാരുടെയോ ജാതിക്കാരുടെയോ അല്ല എന്ന പ്രഖ്യാപനത്തിലൂടെ അത്‌ മതേതരത്വത്തിന്റെ സന്ദേശം ഉറപ്പുനൽകി. എല്ലാ മതങ്ങളും പരസ്പരം ബഹുമാനിക്കണമെന്ന ഗാന്ധിവചനത്തെ എടുത്തുപറഞ്ഞു. ഒടുവിൽ ‘എല്ലാ മനുഷ്യരും സമന്മാരാണന്ന വിശ്വാസത്തോടുകൂടി സ്വാതന്ത്ര്യവർധനയ്ക്കായി നിർഭയം പൊരുതുന്നതിൽ ഞങ്ങൾ ഒരിക്കലും പിന്മാറുന്നതല്ലെ’ന്ന് പ്രഖ്യാപിക്കുന്നു. പിൽക്കാലത്ത് ഇന്ത്യൻ ഭരണഘടനയുടെ നിയാമകതത്ത്വങ്ങളായി മാറിയത് ഇതേ വിഷയങ്ങൾ തന്നെയാണ്.

1925-ൽ കേശവമേനോൻ മലയായിലേക്ക് പോയപ്പോൾ പത്രാധിപരുടെ ചുമതലയേറ്റെടുത്തത് പി. രാമുണ്ണിമേനോനാണ്. മാതൃഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും നിർഭയനായ പത്രാധിപർ. കേശവമേനോൻ വൈക്കം സത്യാഗ്രഹകാലത്ത് ജയിലിലായിരുന്നപ്പോൾതന്നെ രാമുണ്ണിമേനോൻ പത്രാധിപരുടെ ചുമതലയും കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ ഉത്തരവാദിത്വവും മാതൃഭൂമി മാനേജരുടെ സ്ഥാനവും ഒരുമിച്ചു വഹിച്ചിരുന്നു. നേരത്തേ രാമുണ്ണിമേനോന് ബ്രിട്ടീഷ് പോലീസിന്റെ കഠിനമർദനം ഏൽക്കേണ്ടിവന്നിരുന്നു. ആരോഗ്യം തകർന്ന ഈ അഭിഭാഷകൻ പത്രാധിപരായപ്പോൾ രാവും പകലും ഓഫീസിൽ തന്നെയായിരുന്നു. വാർത്തകളുടെ കേവലനിവേദനങ്ങൾക്കപ്പുറം മനുഷ്യന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രശ്നങ്ങൾ, ഇത്ര കൃത്യതയോടെ ജനങ്ങൾക്കുനൽകിയ മറ്റൊരു പത്രാധിപരില്ല. തിരുവിതാംകൂറിലെ പത്രമാരണനിയമത്തിനെതിരേ രാമുണ്ണിമേനോൻ എഴുതിയ മുഖപ്രസംഗം വാൾത്തലയെക്കാൾ മൂർച്ചയുള്ളതായിരുന്നു. കോൺഗ്രസ്‌ പ്രഖ്യാപിച്ച ഹർത്താലിനനുകൂലമായി ഹർത്താൽ പതിപ്പ് ഇറക്കി അദ്ദേഹം ഭരണാധികാരികളെ ഞെട്ടിച്ചു. 1930 ഏപ്രിൽ ആറിന് മാതൃഭൂമി ദിനപത്രമാകുമ്പോൾ രാമുണ്ണിമേനോൻ, ഈ ലോകം വിട്ടുപോയിരുന്നു. പിന്നീട് കെ. കേളപ്പൻ ആ പോരാട്ടം നയിച്ചു.

കേരളത്തെ ഒരു പരിവർത്തനദശയിലേക്ക് നയിക്കാനാണ് മുൻഗാമികൾ ശ്രമിച്ചത്. വൈക്കം സത്യാഗ്രഹം അതിന്റെ ആദ്യ ചുവടുവെപ്പായിരുന്നു. വൈക്കത്തെ മഹാദേവക്ഷേത്രത്തിനു ചുറ്റുമുള്ള വീഥികളിലൂടെ അധഃസ്ഥിതരെന്ന്‌ മുദ്രകുത്തപ്പെട്ടവർക്ക്‌ നടക്കാൻ കഴിയുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിന് മഹാത്മാഗാന്ധിയുടെ പിന്തുണയുമുണ്ടായിരുന്നു. 606 ദിവസം നീണ്ടുനിന്ന ഈ പോരാട്ടത്തിലെ ശക്തനായ പങ്കാളി മാതൃഭൂമിയായിരുന്നു. വൈക്കത്തെ സാമൂഹികപരീക്ഷണത്തിന്‌ ഗാന്ധിജിയും ശ്രീനാരായണഗുരുവും ഒന്നിച്ചുനിന്നതോടെ സാമൂഹികസമുദായ നേതൃത്വങ്ങളും കൈകോർത്തു. മന്നത്ത് പദ്‌മനാഭൻ, ടി.കെ. മാധവൻ, ഇ.വി. രാമസ്വാമി നായ്ക്കർ, കണ്ണന്തോടത്ത് വേലായുധമേനോൻ, സി. കേശവൻ, ചിറ്റേടത്ത്‌ ശങ്കുപിള്ള, ബാരിസ്റ്റർ ജോർജ് ജോസഫ് എന്നിവരോടൊപ്പം മാതൃഭൂമിയുടെ നേതൃത്വവും അവിടെ അണിനിരന്നു.
കേളപ്പൻ പത്രാധിപരായ കാലത്താണ് ഗുരുവായൂർ സത്യാഗ്രഹത്തിനും പയ്യന്നൂരിലെ ഉപ്പുകുറുക്കലിനും നേതൃത്വം നൽകിയത്. മാതൃഭൂമി 1934-ൽ റിപ്പോർട്ടുചെയ്ത വിധവാ വിവാഹത്തിനുപിന്നിൽ, വി.ടി.യോടൊപ്പം കുറൂരുമുണ്ടായിരുന്നു. 1942-നുശേഷം ക്വിറ്റിന്ത്യാ സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ, ‘മാതൃഭൂമി’ രാജ്യത്തിന്റെ മോചനത്തിനുവേണ്ടി നിലകൊണ്ടു. ഈ കാലയളവിൽ പി. നാരായണൻ നായർ, സി.എച്ച്. കുഞ്ഞപ്പ, കെ.എ. ദാമോദരമേനോൻ തുടങ്ങിയ പത്രാധിപന്മാർ മാതൃഭൂമിയുടെ ശൈലിയെ പ്രൊഫഷണലാക്കി. മാതൃഭൂമിയുടെ പ്രക്ഷോഭങ്ങളിലെല്ലാം പങ്കെടുത്തിരുന്ന മാധവനാർ, എൻ.പി. ദാമോദരൻ, ടി.പി.സി. കിടാവ്, സാഹിത്യവിമർശകനായ കുട്ടികൃഷ്ണമാരാർ തുടങ്ങിയവർ സാമൂഹികജീവിതത്തിന്റെ എല്ലാ മേഖലകളിലും തിളങ്ങി.

ക്വിറ്റിന്ത്യാ സമരത്തിനുമുമ്പാണ് ബ്രിട്ടീഷുകാർ മാതൃഭൂമി നിരോധിച്ചത്. ആ നിരോധനത്തിനെതിരേ ജനങ്ങൾ കരിദിനമാചരിച്ചു! ക്വിറ്റിന്ത്യാ സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ, പത്രാധിപക്കസേരയിൽനിന്ന് പത്രാധിപർ കെ.എ. ദാമോദരമേനോനെ അറസ്റ്റുചെയ്തു. പത്രത്തിന്റെ ഡയറക്ടർ കോഴിപ്പുറത്ത് മാധവമേനോനും അറസ്റ്റിലായി. ഈ പ്രതിസന്ധിഘട്ടത്തിൽ നാഴിയത്ത് കൃഷ്ണൻ നായർ എന്ന മാനേജരാണ് പത്രത്തിന്റെ നിലനില്പ് ഉറപ്പാക്കിയത്. 1940-കൾമുതൽ മാതൃഭൂമി ഗൗരവപൂർവം സംസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. കെ.പി. കേശവമേനോനും കേളപ്പനും ദാമോദരമേനോനും ഐക്യകേരളത്തിനുവേണ്ടി അക്ഷീണം പരിശ്രമിച്ചു. സ്വാതന്ത്ര്യത്തിനുശേഷം മാതൃഭൂമിയുടെ യാത്ര രാഷ്ട്രത്തിന്റെ പുനർനിർമിതിയിൽ ഊന്നി.

അക്ഷര വെളിച്ചം
1932-ൽ മാതൃഭൂമി ആരംഭിച്ച ആഴ്ചപ്പതിപ്പ് ഒരു ജനതയുടെ സ്വത്വവികാസത്തിന്റെ മാഗ്നാക്കാർട്ടയായി. ബഹുസ്വരതയായിരുന്നു അതിന്റെ സാംസ്‌കാരികതലം. സംവാദമായിരുന്നു ആത്മവിശ്വാസം. അതിന്റെ താളുകളിൽ തങ്ങളുടെ ഭാവനയുമുണ്ടല്ലോ എന്ന് പിൽക്കാലം എഴുത്തുകാർ അഭിമാനംകൊണ്ടു. എം.ടി. വാസുദേവൻ നായർ ഉൾപ്പെടെയുള്ള പ്രതിഭകൾ ആ താളുകളെ അർഥപൂർണമാക്കി.
'50-കളിൽ വി.എം. നായരുടെയും എൻ. കൃഷ്ണൻ നായരുടെയും കാലത്ത് വൈപുല്യമാർന്ന വിജ്ഞാനമേഖലകളിലേക്ക് പത്രവും ആഴ്ചപ്പതിപ്പും സഞ്ചരിച്ചു. വി.എം. നായരുടെ മരണശേഷം എം.ജെ. കൃഷ്ണമോഹൻ, തിരുവനന്തപുരം എഡിഷൻ എന്ന സ്വപ്നവുമായി രംഗത്തെത്തി. മാതൃഭൂമി ലോക്കൗട്ടിലായകാലത്ത്‌ ഭാവനാശാലിയായ കൃഷ്ണമോഹന്റെ മരണം മാതൃഭൂമിയെ ഞെട്ടിച്ചു. തുടർന്ന് എം.പി. വീരേന്ദ്രകുമാറിലൂടെ മാതൃഭൂമി വീണ്ടും അതിന്റെ കാലുകളിൽ എഴുന്നേറ്റുനിന്നു. അത് സാങ്കേതികവളർച്ചയുടെ കാലംകൂടിയായിരുന്നു. പുതിയ എഡിഷനുകൾ, ടെലിവിഷൻ, ഓൺലൈൻ, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരണങ്ങൾ എന്നിവയിലൂടെ ഡിജിറ്റൽ യുഗത്തിൽ എത്തിനിൽക്കുമ്പോഴും ദേശീയതയും മതനിരപേക്ഷതയും സമത്വബോധവും സ്വതന്ത്രമായ ജനാധിപത്യസമൂഹം എന്ന സങ്കല്പവും അതിന്റെ വിശുദ്ധകല്പനകളായി നിലനിന്നു. ചരിത്രത്തിന്റെ ഊർജം കണ്ടെത്തിയ പത്രവും ആഴ്ചപ്പതിപ്പുമെല്ലാം ജനകീയ സമരങ്ങളുടെയും സാമൂഹിക ആവശ്യങ്ങളുടെയും അഗ്രഗാമിയായതും കേരളം കണ്ടു.
വി.പി. രാമചന്ദ്രൻ, വി.എം. കൊറാത്ത്, എം.ഡി. നാലാപ്പാട്, ഡോ. എൻ.വി. കൃഷ്ണവാരിയർ, വി.കെ. മാധവൻകുട്ടി, കെ.കെ. ശ്രീധരൻ നായർ, എം.ജെ. വിജയപത്മൻ, കെ. ഗോപാലകൃഷ്ണൻ, എം. കേശവമേനോൻ, പി.ഐ. രാജീവ്, മനോജ് കെ. ദാസ് എന്നിവരിലൂടെ സഞ്ചരിച്ച് നമ്മുടെ കാലത്ത് അച്ചടിലോകത്തിന്റെ പ്രതിസന്ധികൾ അതിജീവിച്ച് അത് ഭാവികേരളത്തിനായി പുനരർപ്പണം ചെയ്യുന്നുണ്ട്. വീരേന്ദ്രകുമാറിനോടൊപ്പം സഞ്ചരിച്ച പി.വി. ചന്ദ്രനും എം.വി. ശ്രേയാംസ്‌കുമാറും പി.വി. നിധീഷുമൊക്കെ മാതൃഭൂമിയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ശ്രമിക്കുമ്പോൾ മാതൃഭൂമിയുടെ കുടുംബാംഗങ്ങളും പരസ്യദാതാക്കളും ഏജന്റുമാരും ബന്ധുക്കളുമൊക്കെ ആ മഹാവൃക്ഷത്തിന്റെ വളർച്ചയുടെ ശിഖരങ്ങളായി തളിർക്കുന്നു.

Content Highlights: editpage

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..