ശ്രീനിവാസൻ
കേരളത്തിന്റെ വികസനപരിപാടികൾ കേൾക്കുമ്പോൾ എനിക്ക് ഒരുദിവസംതന്നെ നാലഞ്ചുതവണ രോമാഞ്ചമുണ്ടാവാറുണ്ട്. ആദിവാസിക്ഷേമത്തിനുവേണ്ടി കോടികൾ മുടക്കിയിട്ടും അവരുടെ മുഖം കോടിപ്പോയതല്ലാതെ മറ്റൊരു ഗുണവുമുണ്ടായില്ല എന്നുപറയുന്നവരെ അടിച്ച് സംസ്ഥാനത്തിന്റെ അതിർത്തി കടത്തണം.
എന്താണിവിടെ ഇല്ലാത്തത്! ആറുനേരം കഴിക്കാൻ ഭക്ഷണം; അതും രാസവളവും കീടനാശിനിയും അല്പംപോലും ഉപയോഗിക്കാത്ത ജൈവഭക്ഷണം. അതുകഴിച്ച് ആളുകൾക്ക് രോഗമില്ലാതായാൽ നിലവിലുള്ള എല്ലാ ആശുപത്രികളും പൊളിച്ചുകളയാൻ സാധിക്കും. ഇപ്പോൾത്തന്നെ മുക്കാൽഭാഗം ആശുപത്രികളും പൊളിക്കാൻ തുടങ്ങിയെന്നാണ് കേട്ടത്. എല്ലാ ഊരുതെണ്ടികൾക്കും ഊരിൽത്തന്നെ അടച്ചുറപ്പുള്ള രമ്യഹർമ്യങ്ങൾ. എല്ലാ പാർട്ടി അംഗങ്ങൾക്കും സർക്കാർജോലി കൊടുത്താലുടൻ മറ്റു ഭിക്ഷാംദേഹികൾക്കും പരിഗണന. ചുരുക്കത്തിൽ മാവേലിയുടെ ആപ്പീസ് ഉടനെ പൂട്ടും.
ഇനി ഒരേയൊരു വികസനമേ കേരളത്തിന് ആവശ്യമുള്ളൂ: മണിക്കൂറിൽ ഇരുനൂറുകിലോമീറ്റർ വേഗത്തിലോടുന്ന ഒരു ട്രെയിൻ. അതുംകൂടിയായാൽ എല്ലാമായി. അതിന് 1,26,000 കോടി രൂപ വേണം. ആ പണം മന്ത്രിമാരും എം.എൽ.എ.മാരും അവരവരുടെ വീടുകളിൽനിന്ന് കൊണ്ടുവരും. ഇതിൽ അഴിമതിയുണ്ടെന്നുപറയുന്നവരെ എന്തുചെയ്യണമെന്ന് അടുത്ത സംസ്ഥാനസമ്മേളനത്തിൽ തീരുമാനിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..