സി.കെ. നാഥൻ, പിറവം
എന്തുകൊണ്ട് കെ-റെയിൽ എന്ന ശീർഷകത്തിൽ ഡോ. തോമസ് ഐസക് ചോദ്യോത്തരരൂപത്തിൽ എഴുതിയ ലേഖനം നിലവിലുള്ള ആശങ്കകൾ പരിഹരിക്കാൻ പര്യാപ്തമല്ല. വൈരുധ്യങ്ങളും അതിശയോക്തികളും അതിലുണ്ടുതാനും. ഒരു ഉദാഹരണം നോക്കുക: ‘കെ-റെയിൽ വരേണ്യവർഗക്കാരുടേതോ’ എന്ന സ്വയംസൃഷ്ടിച്ചെടുത്ത ചോദ്യത്തിനുത്തരമായി അദ്ദേഹമെഴുതുന്നു: ‘ഇന്ന് കെ-റെയിൽ ഉപയോഗിക്കാൻ വരുമാനമുള്ള ഇടത്തരക്കാരടക്കമുള്ളവർ ജനസംഖ്യയുടെ പകുതിയോളംവരും!’ ഈ വിലയിരുത്തൽ പക്ഷേ, തെറ്റായ സാമ്പത്തികനയങ്ങൾ കേന്ദ്രസർക്കാർ നടപ്പാക്കുന്നതുമൂലം ഭൂരിഭാഗം ജനങ്ങളും ക്രയശേഷി നഷ്ടപ്പെട്ട് ദരിദ്രരായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന പാർട്ടിനിരീക്ഷണത്തിന് കടകവിരുദ്ധമാണ്.
‘നഞ്ചെന്തിന് നാനാഴി’ എന്ന പഴമൊഴിപോലെ, കെ-റെയിൽ വിജയിക്കണമെങ്കിൽ ടോൾപിരിവിന്റെ തോത് വർധിപ്പിക്കുകയും റോഡുഗതാഗതം അനാകർഷകമാക്കുകയും ചെയ്യണമെന്നുള്ള ആ ഒറ്റ ഡി.പി.ആർ. നിർദേശംമതി ഈ പദ്ധതിയുടെ കോർപ്പറേറ്റ് പ്രീണനസ്വഭാവം തിരിച്ചറിയാൻ. പ്രതിപക്ഷത്തിന്റെ അവസരവാദപരമായ ആരോപണങ്ങൾ അവഗണിച്ചാലും ഗുരുസ്ഥാനീയരായ ഡോ. കെ.പി. കണ്ണനെയും ആർ.വി.ജി. മേനോനെയുംപോലെ ഇടതുപക്ഷം അംഗീകരിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന പ്രഗല്‌ഭവ്യക്തികൾ ഇതിന്റെ ജനവിരുദ്ധസ്വഭാവം കാര്യകാരണസഹിതം വിശകലനം ചെയ്തുകൊണ്ടെഴുതിയ ലേഖനങ്ങൾ (മാതൃഭൂമി പത്രം, ആഴ്ചപ്പതിപ്പ്) നമ്മുടെ മുൻധനമന്ത്രി ശ്രദ്ധാപൂർവം വായിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു.
മഹാത്മാക്കളുടെ
പ്രതിമകൾ തകർക്കരുത്
കെ.വി. രാഘവൻ, കണ്ണൂർ
സമൂഹത്തിനുവേണ്ടി ജീവിക്കുകയും ത്യാഗവും മാഹാത്മ്യവും തെളിയിക്കുകയും ചെയ്തവരാണ് മഹാത്മാക്കൾ. അവരെ സ്മരിക്കുന്നതിനു വേണ്ടിയാണ് നാം പ്രതിമകൾ സ്ഥാപിച്ച് ആദരം പ്രകടിപ്പിക്കുന്നത്. ആ പ്രതിമകൾ തകർക്കൽ അവരുടെ മഹത്ത്വത്തെ തേജോവധം ചെയ്യലാണ്. തളിപ്പറമ്പിൽ മഹാത്മാഗാന്ധിപ്രതിമ തകർത്ത സംഭവം ഏതു രാഷ്ട്രീയപ്പാർട്ടിയായാലും അപലപനീയം തന്നെയാണ്. മഹാത്മാക്കളുടെ പ്രതിമകളോടമർഷം കാണിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് രാജ്യദ്രോഹമായി കാണണം. സംഘർഷങ്ങളും അക്രമങ്ങളും ഉണ്ടാവുമ്പോൾ ഇത്തരം ഹീനകൃത്യങ്ങൾ ചെയ്യുന്നത് അനുവദിച്ചുകൂടാ.
ചക്രവ്യൂഹം
-ചമ്പാടൻ ഭാസ്‌കരൻ
1950-കളുടെ ഏതാണ്ട് മധ്യത്തിൽ തുടങ്ങിയ ക്രിക്കറ്റ് ആരാധന വിടാതെ പിന്തുടരുന്ന ഒരാളാണിതെഴുതുന്നത്. ക്രിക്കറ്റിന്റെ അവിശ്വസനീയമായ അനിശ്ചിതത്വം ക്യാമറ പലവിധത്തിലും ഒപ്പിയെടുത്തിട്ടുണ്ടെങ്കിലും അതിലേറ്റവും മികച്ച ഒന്നുണ്ടെങ്കിൽ അതാണ് ‘മാതൃഭൂമി’ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ‘ചക്രവ്യൂഹം’. ഒപ്പം ഇതിന്റെ നിർമിതി എങ്ങനെയാണെന്നുള്ള കൗതുകവും മറച്ചുവെക്കുന്നില്ല. ആഷസ് ടെസ്റ്റിന്റെ പരമ്പരയിലെ നാലാം ടെസ്റ്റിന്റെ അവസാനഭാഗം ആണ്. എതിർടീമിലെ 11 പേരും ഫീൽഡ് ചെയ്യുന്നത് ഒരൊറ്റ ഷോട്ടിൽ കാണപ്പെടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..