വി. കലാധരൻ
സംസ്ഥാനസർക്കാർ കാലാകാലങ്ങളിൽ നടപ്പാക്കിവരുന്ന ശമ്പളപരിഷ്കരണവും അതോടനുബന്ധിച്ച പെൻഷൻ പരിഷ്കരണവും കേരള കലാമണ്ഡലത്തിൽ ഏതുകാലത്തും വളരെ വൈകിമാത്രമേ നടപ്പാക്കുന്നുള്ളൂ. 2019-നുമുൻപുള്ള പരിഷ്കരണം നടപ്പാവുന്നതിനും ഗോപിയാശാന്റെ ഇടപെടൽ വേണ്ടിവന്നു. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചവരിൽ ഞാനുമുണ്ട്. ഞാനും ഇതേ പരാതിക്കാരൻ. വാസ്തവത്തിൽ ഈ വിഷയം സഗൗരവം കൈകാര്യം ചെയ്യേണ്ടത് കലാമണ്ഡലം അധികാരികളാണ്. അവരാണ് സെക്രട്ടേറിയറ്റിൽപ്പോയി അത് ശരിയാക്കിയെടുക്കേണ്ടത്. അവർ സർക്കാർ സെക്രട്ടറിക്ക് കത്തയച്ചതുകൊണ്ട് എന്തുപ്രയോജനം. അവിടെ ആരാണത് തുറന്നുനോക്കുക. ബന്ധപ്പെട്ടവർ സെക്രട്ടേറിയറ്റിൽ പലകുറി കയറിയിറങ്ങണം. അവർ അതിന് തുനിയുന്നില്ല. സർവാദരണീയനായ ഒരു നാട്യകലാപ്രഭു ഈ ആനുകൂല്യം കിട്ടാൻ പരസ്യമായി അപേക്ഷ നടത്തേണ്ട ഗതികേടിൽ എത്തിപ്പെടുന്നത് എത്ര കഷ്ടം. എന്തൊരു ദുരവസ്ഥയാണിത്.
നമുക്ക് നഷ്ടമായ പ്രസാദം
പി.കെ. ബാലനാരായണൻ മൂസ്സത്, കടവന്ത്ര
മരണം ഏതുസമയത്തും ആരിലും പ്രതീക്ഷിക്കാവുന്നതാണ്. പക്ഷേ, പ്രസാദ് മാസ്റ്ററുടെ -നല്ല ആരോഗ്യവാനായ- മരണം തികച്ചും അപ്രതീക്ഷിതമായിപ്പോയി. എന്റെ ഇന്റർമീഡിയറ്റ് ക്ളാസിലെ അധ്യാപകനായിരുന്നു. ചിറ്റൂർ ഗവ. കോളേജിൽ 1955-'57 കാലത്തായിരുന്നു ആദ്യനിയമനം. പ്രസാദ് മാസ്റ്ററുടെ ക്ളാസ് ഒരു പ്രത്യേക തമാശയോടെയുള്ള ശൈലിയായിരുന്നു. നന്നായി വരയ്ക്കുമായിരുന്നു. നല്ല നടനുംകൂടിയായിരുന്നു അദ്ദേഹം. കോളേജ് വാർഷികങ്ങളിൽ വിദ്യാർഥികളുമൊരുമിച്ച് നാടകങ്ങളിൽ അഭിനയിച്ചതോർക്കുന്നു. കമ്മത്തുമാരുടെ ഭാഷ നല്ല വശമായിരുന്നതുകൊണ്ട് നാടകത്തിൽ അത് അഭിനയിച്ച് നല്ല കൈയടിനേടി. തമാശ കൂടപ്പിറപ്പായിരുന്നു. എല്ലാവരുമായും എളുപ്പം സൗഹൃദത്തിലെത്തി. അതുകൊണ്ടുതന്നെ വലിയ സുഹൃദ്‌വലയവുമുണ്ടായി.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..