ആർ. സുന്ദരേശ്വര മേനോൻ, കൊടുങ്ങല്ലൂർ
അഞ്ചരയുടെ തീവണ്ടി എപ്പോഴാണ്!
ഇക്കാര്യം തീവണ്ടിയാപ്പീസിലേക്ക് വിളിച്ചുതിരക്കിയത് മുമ്പൊരു രസികനായിരുന്നെങ്കിൽ ഇപ്പോൾ ഈ തമാശ ചേരുന്നത് കൃഷിവകുപ്പിനാണ്. ‘സൗജന്യ വൈദ്യുതിക്ക് കാശടയ്ക്കണോ’ എന്ന് സദാ കൃഷിയാപ്പീസിൽ വിളിച്ചുതിരക്കേണ്ട അവസ്ഥയിലാണ് കർഷകർ.
കൃഷിവകുപ്പിൽ കുന്നുകൂടി തസ്തികകളും നിറയെ ഉദ്യോഗസ്ഥരും ശമ്പളം കൊടുക്കാൻ വേണ്ടുവോളം പണവും ഉണ്ടെങ്കിലും ഇവിടെ പലപല കാരണങ്ങളാൽ കൃഷിയൊന്നും കാര്യമായില്ല. ഇതരസംസ്ഥാനക്കാർ കനിഞ്ഞാലേ ഇന്നും ഇവിടെ അന്നം മുടങ്ങാതിരിക്കുകയുള്ളൂ. അടുപ്പ് പുകയൂ.
ജീവിച്ചുപോകാൻ ഗതിമുട്ടുന്നവരിൽ ചിലർ അധോഗതിയാണെന്നറിഞ്ഞിട്ടും കൃഷിയിൽ കടിച്ചുതൂങ്ങി ഇന്നും കിടക്കുന്നുണ്ടെന്നുമാത്രം.
ഇത്തരം കൃഷിക്കാർക്ക് തെല്ല് ആശ്വാസമാകുന്ന കാര്യമാണ് മുപ്പതു സെന്റിലെങ്കിലും കൃഷിചെയ്യുന്ന കർഷകർക്ക് ജലസേചനത്തിനുള്ള വൈദ്യുതി സൗജന്യം. എന്നാൽ, ഇത്തരത്തിൽ വൈദ്യുതി സൗജന്യമുള്ള കൃഷിക്കാർക്ക് ഏതുവിധേനയും അത് നിഷേധിക്കുക എന്ന രീതിയാണ് കൃഷിവകുപ്പ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അഞ്ഞൂറു രൂപയിൽക്കൂടിയ ബില്ല് അവർ വൈദ്യുതിബോർഡിലേക്ക് അടയ്ക്കില്ലത്രേ. കുടിശ്ശികത്തുക കൃഷിക്കാർ അടച്ച് വീണ്ടും ഈ സ്കീം പുതുക്കാനാണ് പറയുന്നത്. ഏത് നട്ടപ്പാതിരയ്ക്കും ഫ്യൂസ് ഊരാൻ തയ്യാറായി വൈദ്യുതിവകുപ്പും കൂടെത്തന്നെയുണ്ട്.
‘സ്വതവേ ദുർബല, പോരെങ്കിൽ ഗർഭിണി’ എന്ന അവസ്ഥയിലുള്ള കാർഷികരംഗം ഏതുവിധേനയും പരിപോഷിപ്പിക്കുകയും കർഷകരെ അതിലേക്ക് ആകർഷിക്കുകയും പിടിച്ചുനിർത്തുകയും ചെയ്യേണ്ട സർക്കാരും കൃഷിവകുപ്പും ഇത്തരം കർഷകദ്രോഹ നടപടികളിൽനിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ ഇവിടെ സംഭവിക്കാൻ പോകുന്നത് ഉള്ള കൃഷിയും ഇല്ലാതെയാകുന്ന സ്ഥിതിവിശേഷമാണ്.
ഇ.എസ്.ഐ.സി. ലീവും രോഗികളും
ബിനീഷ് ശ്രീധരൻ, കൊച്ചി
ഇ.എസ്.ഐ.സി. ലീവ് 78 ദിവസത്തിൽനിന്ന് 39 ദിവസമാക്കി സർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയിട്ട് നാളുകൾ ഏറെയായിട്ടും പ്രാബല്യത്തിൽവന്നില്ല. ഈ കോവിഡ് കാലത്ത് ധാരാളം പേർക്ക് തൊഴിൽദിനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തെ ലീവുകുറവുകൊണ്ട് വലിയ ചികിത്സ ആവശ്യമായിവരുന്ന രോഗികൾക്ക് നൽകുന്ന സൂപ്പർ സ്പെഷ്യാലിറ്റി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നത് നീതീകരിക്കാനാവില്ല. സാധാരണക്കാരായ തൊഴിലാളികളാണ് ഈ ‘ലീവ്’ നിയമത്തിൽ വീർപ്പുമുട്ടുന്നത്. മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ചികിത്സ ആവശ്യമായിവരുന്ന സാധാരണക്കാരായ രോഗികൾ ചികിത്സയ്ക്കായി ഈ കോവിഡ് കാലത്ത്, സ്ഥിരവരുമാനംപോലുമില്ലാതെ നെട്ടോട്ടമോടുമ്പോൾ രണ്ടോ മൂന്നോ ദിവസത്തെ ലീവ് കുറവിന്റെപേരിൽ ചികിത്സ നിഷേധിക്കുന്നതും ഭരണാധികാരികൾ ഇത് കണ്ടില്ലെന്നു നടിക്കുന്നതും ക്രൂരതയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..