ഗുണംപിടിക്കാത്ത ഭാഷയാണോ മലയാളം


മായരുത്‌ മലയാളം

പ്രതീകാത്മക ചിത്രം

ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ,

കൺവീനർ, മലയാളം ശ്രേഷ്ഠഭാഷാ വിദഗ്ധസമിതി

മലയാളം ശ്രേഷ്ഠപദവിയിലെത്തിയിട്ട് ഒമ്പതുവർഷമാവുകയാണ്‌. 2013 മേയ് 23-ന് ഭാരതസർക്കാർ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് മലയാളഭാഷയ്ക്ക് ക്ലാസിക് പദവി ലഭിച്ചകാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടർനടപടികൾ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട്ഹർജിയിന്മേലുള്ള തീർപ്പിനുവിധേയമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 2016-ൽ മദ്രാസ് ഹൈക്കോടതി റിട്ട്ഹർജി തള്ളി. കേന്ദ്രസർക്കാർ നിയമിച്ച വിദഗ്ധസമിതിയുടെ ശുപാർശയിൽ കോടതി ഇടപെടുന്നത് ശരിയല്ലെന്നായിരുന്നു നിരീക്ഷണം. തുടർന്ന് മൈസൂരുവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് (സി.ഐ.ഐ.എൽ.) തെലുങ്ക്, കന്നഡ, മലയാളം ഭാഷകൾക്ക് ക്ലാസിക്കൽ സെന്ററുകൾ സ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊണ്ടു. കേന്ദ്രസർക്കാരിനുവേണ്ടി സി.ഐ.ഐ.എൽ. ആണ് ക്ലാസിക്കൽ സെന്ററുകളുടെ ഭരണവും നിയന്ത്രണവും നിർവഹിക്കുന്നത്. ക്ലാസിക്കൽ സെന്ററുകളുടെ പ്രവർത്തനങ്ങളിൽ നയപരമായി ഇടപെടാൻ സംസ്ഥാനസർക്കാരുകൾക്ക് അവകാശമില്ല. തമിഴ്‌നാട്ടിൽ ഈ ശാസനയൊന്നും വിലപ്പോയിട്ടില്ല.

അതവിടെ നിൽക്കട്ടെ; മലയാളത്തിനനുവദിച്ച ശ്രേഷ്ഠഭാഷാ സെന്റർ കേരളസർക്കാരിന്റെ താത്‌പര്യപ്രകാരം തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിലാണ് പ്രവർത്തനം തുടങ്ങിയത്. മലയാളം സർവകലാശാലയ്ക്ക്‌ ക്ലാസിക്കൽ സെന്ററിനായി കെട്ടിടവും സ്ഥലവും നൽകാൻ പ്രയാസമായതിനാൽ ഒരു കെട്ടിടം വാടകയ്ക്കെടുത്ത് നൽകുകയാണ് അവർ ചെയ്തത്. വാടകക്കെട്ടിടത്തിൽ തുടങ്ങിയ മലയാളം ക്ലാസിക്കൽ സെന്ററിൽ ഒരു ഡെപ്യൂട്ടി ഡയറക്ടറെയും അഞ്ച് റിസർച്ച് ഫെലോകളെയും കരാറടിസ്ഥാനത്തിൽ സി.ഐ.ഐ.എൽ. നിയമിച്ചു. കാലാവധി ഒരുവർഷം. കാലാവധി തീരുംമുമ്പേ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനമൊഴിഞ്ഞു. അതേത്തുടർന്ന് ക്ലാസിക്കൽ സെന്ററിന്റെ പ്രവർത്തനം തത്ത്വത്തിൽ നിലച്ചു.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സി.ഐ.ഐ.എൽ. മുഖാന്തരമാണ് ക്ലാസിക്കൽ സെന്ററുകളുടെ പ്രവർത്തനങ്ങൾക്ക് ഫണ്ടനുവദിക്കുന്നത്. ഒരു സെന്ററിന് പ്രതിവർഷം അഞ്ചുകോടിരൂപവരെ പ്രവർത്തനമൂലധനം പ്രതീക്ഷിക്കാം. കന്നഡ, തെലുങ്ക്, തമിഴ് ക്ലാസിക്കൽ സെന്ററുകൾക്ക് 2016 മുതൽ ഈ തുക ലഭിക്കുന്നുണ്ട്. മലയാളത്തിനുശേഷം ക്ലാസിക്കൽ പദവിയിലെത്തിയ ഒഡിയ ഭാഷയ്ക്കും സെന്റർ കിട്ടിക്കഴിഞ്ഞു. മലയാളത്തിന്റെ കാര്യമാണ് കഷ്ടം. ഒഴിവുകളൊന്നും നികത്തിയിട്ടില്ല. തമിഴ്‌നാട്, കർണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾ അവരുടെ ഭാഷയ്ക്കുവേണ്ടി സ്വീകരിച്ചിട്ടുള്ള വികസനപ്രവർത്തനങ്ങളുടെ ഏഴയലത്തുപോലും മലയാളത്തിന് എത്താൻ കഴിഞ്ഞിട്ടില്ലെന്നുള്ളത് ലജ്ജാകരമാണ്.

മലയാളത്തിന്റെ ക്ലാസിക്പദവിതന്നെ വിവാദമാക്കിയവരാണ് നമ്മൾ. അതിപ്പോഴും തുടരുന്നു. കേന്ദ്രവിദഗ്ധസമിതിയെ തെറ്റിദ്ധരിപ്പിച്ചാണ് പദവി കൈക്കലാക്കിയതെന്ന് തമിഴ്‌നാട്ടിൽച്ചെന്ന് പറഞ്ഞവരും മലയാളികളുടെ കൂട്ടത്തിലുണ്ട്. മലയാളം സർവകലാശാലയുടെ ഇല്ലായ്മകൾക്കുള്ളിൽനിന്ന്‌ പ്രവർത്തിക്കുന്ന മലയാളം ക്ലാസിക്കൽ സെന്റർ ബാലാരിഷ്ടതകളിൽപ്പെട്ട് ഉഴലുന്നു. കേരളസർക്കാർ മനസ്സുവെച്ചെങ്കിലേ ക്ലാസിക്കൽ സെന്റർ രക്ഷപ്പെടൂ. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും മൂല്യവത്തായ വളർച്ചയ്ക്കും വികസനത്തിനുമായി ശ്രേഷ്ഠഭാഷാപദവി നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നമുക്കായിട്ടില്ല. സ്വന്തമായ ആസ്ഥാനം ഏതുസംരംഭത്തിനും ആവശ്യമാണ്. സ്വന്തം സ്ഥലവും കെട്ടിടവും അനുബന്ധ അനുസാരികളും സംഘടിപ്പിച്ചു നൽകേണ്ടത് കേരളസർക്കാരാണ്. കരാറടിസ്ഥാനത്തിലുള്ള ഗവേഷണാഭാസങ്ങൾ അതോടെ ഒഴിവാകും. ഓഫീസ്, സെമിനാർ ഹാളുകൾ, ലൈബ്രറി കോംപ്ലക്സ്, ക്ലാസ്‌മുറികൾ എന്നിവ സജ്ജീകരിച്ചാൽ കേന്ദ്രസർക്കാരും ഉണർന്നുപ്രവർത്തിക്കുമെന്നാണ് തമിഴ്‌നാട്ടിലെ ക്ലാസിക്കൽ സെന്റർ നൽകുന്ന പാഠം. എന്തുചെയ്താലും ഗുണംപിടിക്കാത്ത ഭാഷയാണ് മലയാളമെന്ന് എന്തിന് മറ്റുള്ളവരെക്കൊണ്ടുകൂടി പറയിക്കണം?

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..