വിദ്യാഭ്യാസ നയരേഖയ്ക്ക് ഒരാമുഖം


ബാബുസുരേന്ദ്രൻ കൂരാറ, ചമ്പാട്‌

അധികാരം കൈയാളുന്നവരുടെ രാഷ്ട്രീയപാപ്പരത്തം ഒന്നുകൊണ്ടുമാത്രമാണ് രാജ്യത്ത് ഒരു സമഗ്ര വിദ്യാഭ്യാസനയം ആവിഷ്കരിച്ച് നടപ്പാക്കാൻ നാം പരാജയപ്പെടുന്നത്. ഒരു വിദ്യാഭ്യാസ മന്ത്രാലയംപോലും ഇല്ലാതെയാണ് ഏറെക്കാലം നാം മുന്നോട്ടുപോയത്. സംസ്ഥാനത്ത് സമീപകാലത്തുമാത്രമാണ് വിദ്യാഭ്യാസം വീതംവെപ്പ് രാഷ്ട്രീയത്തിൽനിന്ന് മോചിപ്പിക്കാനായത്.

ജനാധിപത്യത്തിൽ വിദ്യാഭ്യാസം ജനഹിതത്തിന്റെ പരിച്ഛേദമായിരിക്കണം. ദിശാബോധമുള്ള ഒരു പരിഷ്കൃതസമൂഹത്തെയാണ് ലക്ഷ്യമിടേണ്ടത്. ദേശീയതലത്തിൽ മറനീക്കി പുറത്തുവന്ന ക്ഷിപ്രസംവേദിയായ വിദ്യാഭ്യാസനയം തിരുത്തുന്നതിനും ശാസ്ത്രീയവും ജനകീയവുമായ ഒരു നയം ഉയർത്തിപ്പിടിക്കുന്നതിന്റെ വർത്തമാനകാല പ്രസക്തി ജനാധിപത്യബോധവും ഇച്ഛാശക്തിയുമുള്ള സംസ്ഥാനസർക്കാരിന് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഒരു പ്രക്രിയയാണ് വിദ്യാഭ്യാസം. പഠിതാക്കളെ അവരുടെ അന്ധകാരത്തിൽനിന്ന് സ്വയം മോചിതരാക്കുന്ന ഒരു പരിണാമക്രിയയാണത്‌. പൊതുവിൽ ധരിക്കുന്നതുപോലെ ഡിജിറ്റൽ ക്ലാസ്‌മുറികളും വലിയ കെട്ടിടങ്ങളും കുറച്ചധികം അധ്യാപകരെയുംകൊണ്ടുമാത്രം സാധ്യമാക്കാവുന്ന ഒരു സപര്യയല്ല വിദ്യാഭ്യാസം. വെണ്ണ ഉണ്ടായിട്ടും നറുനെയ്യ് വേറിട്ടു കരുതേണ്ട ദയനീയാവസ്ഥയാണ് നിലവിലെ വിദ്യാഭ്യാസം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നം. തലമുറകൾ കളങ്കപ്പെടാതിരിക്കാനുള്ള ‘കരുതൽ’ ആവണം വിദ്യാഭ്യാസം. ആശയങ്ങളുമായി കലഹിച്ചുകൊണ്ടുമാത്രമേ വിദ്യാഭ്യാസത്തിന് അതിന്റെ മൗലികലക്ഷ്യം പ്രാപ്തമാകുകയുള്ളൂ. അതായത്, ഇതുവരേക്കും ‘പഠന’സാഹചര്യം ഒരുക്കുന്നതിനാണ് നാം ശ്രദ്ധിച്ചത്. പക്ഷേ, അത് പോരാ, ആശയങ്ങളുമായി കലഹിച്ചുകൊണ്ട് സ്വയം തിരിച്ചറിവ് പഠിതാവ് സ്വായത്തമാക്കണം. ഇപ്രകാരം വിദ്യാഭ്യാസത്തെ സമീപിച്ചവരും ഉപയോഗപ്പെടുത്തിയവരുമാണ് എല്ലാ മനുഷ്യസ്നേഹികളും. ഇവരാണ് നമ്മുടെ ഭാവിക്കുവേണ്ടി വല്ലതുമൊക്കെ കരുതിവെച്ചവരും.

വ്യക്തിജീവിതത്തിൽ ഏറെ പ്രാധാന്യം കല്പിക്കേണ്ട സമയമാണ് ആദ്യ ഏഴുവർഷം. അതുകൊണ്ട് പ്രീപ്രൈമറി, പ്രൈമറി തലങ്ങൾ അതിശ്രദ്ധയോടെ കൈകാര്യംചെയ്യേണ്ട ഇടമാണ്. കണ്ടും കേട്ടും അറിഞ്ഞും തിരുത്തേണ്ടവർ തിരുത്തേണ്ട സമയത്തുതന്നെ തിരുത്തണം. അവിടെ വീഴുന്ന ഓരോ വാക്കും നോക്കും ഭാവി ഒപ്പിയെടുക്കുന്ന അടയാളപ്പെടുത്തലുകളാണ്. ഇവിടെ ഏതൊക്കെ സാധ്യമായ മാറ്റങ്ങൾ ആവാമെന്ന് ആലോചിക്കേണ്ടതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..