നാം രംഗത്തിറങ്ങുകതന്നെ വേണം


ശോഭാ സുരേന്ദ്രൻ

ബി.ജെ.പി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌

മാതൃഭൂമിയുടെ ലഹരിക്കയത്തിലെ നഷ്ടബാല്യങ്ങൾ എന്ന ലേഖനപരമ്പര ഒരമ്മയെന്ന നിലയിലും രാഷ്ട്രീയപ്രവർത്തകയെന്ന നിലയിലും ആഴത്തിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു

മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും പിടിയിൽനിന്നു പുതിയ തലമുറയെ രക്ഷിക്കുക എന്നത് കേരളത്തിലെ മുഴുവനാളുകളുടെയും പ്രത്യേകിച്ച് സാമൂഹികപ്രവർത്തകരുടെ മുഖ്യദൗത്യമായി മാറിയേ തീരൂ. അതു തിരിച്ചറിയാതെ നിസ്സാര രാഷ്ട്രീയവൈരങ്ങളിൽ സ്വയം തളച്ചിട്ടിരിക്കുകയാണു നമ്മൾ. പ്രാദേശികസർക്കാരുകളായി വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായി അമ്പത് ശതമാനത്തിലുമധികം സ്ത്രീകളാണ്‌ കേരളത്തിൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ വനിതാ ജനപ്രതിനിധികളുടെയും വനിതാസാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ വലിയ മുന്നേറ്റത്തിന് ഇനിയും വൈകാൻ പാടില്ല. കാരണം, ഈ സാമൂഹികവിപത്ത് ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയാണ്.

മയക്കുമരുന്നുകേസുകൾ ഉൾപ്പെടുന്ന സ്പെഷ്യൽ ആൻഡ്‌ ലോക്കൽ ലോസ് കുറ്റകൃത്യങ്ങൾ മറ്റു സംസ്ഥാനങ്ങളിലെക്കാൾ കേരളത്തിൽ കൂടുതലാണ്. കൗമാരക്കാരിലും യുവാക്കളിലും മയക്കുമരുന്നിന്റെ വ്യാപനം കൂടുന്നതു തടയാനും അവരെ തിരിച്ചുകൊണ്ടുവരാനുമുള്ള ശ്രമങ്ങൾക്ക് കേന്ദ്രസർക്കാർ വലിയ ഊന്നലാണു നൽകുന്നത്. കേരളത്തിൽ പക്ഷേ, എല്ലാമൊരു കാട്ടിക്കൂട്ടൽ മാത്രം. 18 വയസ്സു വരെയുള്ളവർക്കു വേണ്ടി മാത്രമായി സംസ്ഥാന ആരോഗ്യവകുപ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡീഅഡിക്‌ഷൻ കേന്ദ്രം തുടങ്ങാൻ പോകുന്നേയുള്ളൂ.

മുമ്പത്തെക്കാൾ മാരകമായ, വിലകൂടിയതും അപകടകരവുമായ മയക്കുമരുന്നുകളാണ് ഇപ്പോൾ കേരളത്തിൽ ഉപയോഗിക്കുന്നതെന്ന് മയക്കുമരുന്നുവിരുദ്ധ പ്രവർത്തന മേഖലയിലുള്ളവർ വിശദീകരിക്കുന്നു. ആവശ്യക്കാരുടെ എണ്ണവും ലഭ്യതയും കുറയ്ക്കാനും ഇവയൊന്നും കേരളത്തിലേക്കു വരാതെ തടയാനും ബഹുമുഖ പ്രവർത്തനങ്ങൾ വേണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..