കാലാവധിതീരാറായ ലിസ്റ്റുകളും കനിയാതെ വകുപ്പും


വസന്തകുമാരി സി.,പൂങ്കുന്നം, തൃശ്ശൂർ

കേരള പി.എസ്.സി. 06/01/2020-ൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക്‌സ്) തസ്തികയിലേക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. 94 പേരുള്ള ഈ ലിസ്റ്റിൽനിന്ന്‌ കേവലം 29 പേർക്കാണ്‌ ഇതുവരെ നിയമനം ലഭിച്ചിട്ടുള്ളത്.

സർക്കാർമേഖലയിൽ ജോലിചെയ്യാൻ ഡോക്ടർമാർ തയ്യാറാകുന്നില്ലെന്ന ആക്ഷേപങ്ങൾക്കിടയിലാണ് അനാസ്ഥകാരണം ഒട്ടേറെപ്പേരുടെ ജോലിസാധ്യത അസ്തമിക്കുന്നത്. നിലവിൽ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒഴിവുകൾ ഉണ്ടായിട്ടും ഒച്ചിന്റെ വേഗത്തിലാണ് നിയമനം. ലിസ്റ്റിന്റെ കാലാവധി ഏതാനും നാളുകൾക്കകം തീരും.

മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ നിലവിൽ എൻട്രി കേഡർ അസിസ്റ്റന്റ്‌ പ്രൊഫസർ തസ്തികയാണ്. ജനറൽ മെഡിസിൻ, അനസ്തേഷ്യ, ജനറൽ സർജറി, പാത്തോളജി തുടങ്ങി ഒട്ടേറെ വിഭാഗങ്ങളിൽ ലക്ചറർ പോസ്റ്റുകൾ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയായി പുനർനാമകരണംചെയ്ത് ഇത്തരം ലിസ്റ്റുകളിൽനിന്ന് നിയമനം നടത്തി ഒരു കീഴ്‌വഴക്കം സൃഷ്ടിച്ചിട്ടുണ്ട്. ആ നടപടിക്രമം പീഡിയാട്രിക്സ് വിഭാഗത്തിൽമാത്രം കൈക്കൊള്ളാത്തത് ആശങ്കയുളവാക്കുന്നു.

അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് ഉള്ള പ്രൊമോഷനുകളും കാലങ്ങളായി മുടങ്ങിക്കിടക്കുകയാണ്. തന്മൂലം ഒട്ടേറെ ഉദ്യോഗാർഥികളുടെ ജോലിസാധ്യതയാണ്‌ നിഷേധിക്കപ്പെട്ടിരിക്കുന്നത്‌.

പുതിയ മെഡിക്കൽ കോളേജുകളിലും എൻ.എം.സി. നിബന്ധനകൾക്ക് അനുസൃതമായി സൃഷ്ടിക്കേണ്ട അസി. പ്രൊഫസർ തസ്തികകൾ അനുവദിച്ചുകൊണ്ട് ഇതുവരെ ഉത്തരവ് ഉണ്ടായിട്ടില്ല.

മേൽപ്പറഞ്ഞ പ്രശ്നങ്ങൾ പരിഹരിക്കാൻ സത്വരനടപടികൾ സ്വീകരിച്ചാൽ ഈ ലിസ്റ്റിലെ ഒട്ടേറെ പേർക്ക് നിയമനം ലഭിക്കുന്നതാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അടിയന്തരമായി ഇടപെട്ട് ആവശ്യമായ നിർദേശങ്ങൾ കൊടുക്കേണ്ടതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..