സംവാദമാണ് ശരി


സുഗതൻ ഇ.വി., കാഞ്ഞിരോട്, കണ്ണൂർ

കെ.എൻ.എ.ഖാദർ എം.എൽ.എ.യുമായുള്ള അഭിമുഖം ശ്രദ്ധേയമായി. വർത്തമാനകാലത്ത് സംവാദംതന്നെയാണ് ശരി, വിവാദമുണ്ടാക്കി പുകമറ സൃഷ്ടിക്കലല്ല. വിവിധ ആശയങ്ങൾ പരസ്പരം ചർച്ചചെയ്യപ്പെടണം. സംവാദത്തിലൂടെയാണ് കൊള്ളക്കാരെയും തീവ്രവാദികളെയും രാഷ്ട്രം മയപ്പെടുത്തിക്കൊണ്ടു വന്നിട്ടുള്ളത് എന്നറിയാത്തവരില്ല. അകറ്റിനിർത്തുമ്പോൾ ഏതൊരാളും ആശയവും കൂടുതൽ ശക്തവും ചിലപ്പോൾ അപകടവും ആയേക്കാം. വിവേകമുള്ളവർ അതിനല്ല ശ്രമിക്കേണ്ടത്.

ഒരു ആശയസംവാദത്തിന് പോകുന്നു എന്നതിൽ അവരെ ശരിവെക്കുന്നു എന്നോ സ്വന്തം ആശയം ത്യജിക്കുന്നു എന്നോ അർഥമില്ല. പരസ്പരം അറിയാനും പങ്കുവെക്കാനും മയപ്പെടാനും അത്തരം വേദികളാണ് ഉപകരിക്കുക. ഇങ്ങോട്ടു വിളിക്കുമ്പോൾ വരാൻ മനസ്സില്ലെങ്കിൽ അങ്ങോട്ടും വിളിക്കാതിരിക്കുക എന്ന ശൈലി ഉടലെടുക്കുന്നത് വളർച്ചയെത്തിയ ഒരു സമൂഹത്തിനും അഭികാമ്യമല്ല. ഇവിടെ കെ.എൻ.എ. ഖാദർ കാണിച്ചിട്ടുള്ള ഔചിത്യവും പക്വതയും ശ്രദ്ധേയമാണ്. സംവാദത്തിന് വിളിച്ചത് ആരെന്നതും പോയത് എന്തിന് എന്നതും അദ്ദേഹത്തിന് നല്ലബോധ്യമുണ്ട്. ആ നയത്തിൽ അദ്ദേഹം തുടരുന്നു എന്നാണ് വ്യക്തമാവുന്നത്. എന്നാൽ, സ്വന്തം പ്രസ്ഥാനത്തിന്റെ മുഖമടച്ച് പ്രഹരിച്ച് വീരപരിവേഷത്തിന് അദ്ദേഹം മുതിരുന്നില്ല. തന്റെ നയത്തെ ഭാവിയുടെ ചൂണ്ടുപലകയായി സമൂഹത്തിന് കൈമാറിയ ആ ഔന്നത്യബോധത്തെ ശ്ലാഘിക്കാതെവയ്യ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..